റേറ്റിംഗ് തട്ടിപ്പ് കേസില്‍ അന്വേഷണം തടയാന്‍ അര്‍ണബ് ഹൈക്കോടതിയില്‍

മുംബൈ- ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് (ടി.ആര്‍.പി) തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് തുടരുന്ന അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
തങ്ങളുടെ ഒരു ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചതായും അര്‍ണബും റിപ്പബ്ലിക് ടിവി  ഉടമസ്ഥരായ എ.ആര്‍.ജി ഔട്ട്‌ലെയര്‍ മീഡിയയും സമര്‍പ്പിച്ച ഹരജിയില്‍ ആരോപിച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍ റിപ്പബ്ലിക് ടി.വി ജീവനക്കാരെ വേട്ടയാടുകയാണെന്നും എല്ലാ ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടി.വിയുടെ വിതരണ വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഗന്‍ശ്യാം സിങ്ങിനെ നവംബര്‍ 10 ന് അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞയാഴ്ച ഗന്‍ശ്യാം സിങ്ങിന് ജാമ്യം ലഭിച്ചിരുന്നു.
സാക്ഷികളെ സ്വാധീനിച്ച് അവരില്‍നിന്ന് തെറ്റായ മൊഴികള്‍ ശേഖരിച്ച്  അര്‍ണാബ് ഗോസ്വാമിയെയും എ.ആര്‍.ജി മീഡിയയിലെ  മറ്റുള്ളവരെയും പ്രതി ചേര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും ഹരജിയില്‍ ആരോപിച്ചു.

അന്വേഷണം സി.ബി.ഐയിലേക്കോ മറ്റേതെങ്കിലും സ്വതന്ത്ര ഏജന്‍സിയിലേക്കോ  മാറ്റണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഹരജി വാദം കേള്‍ക്കുന്നതിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

തെരഞ്ഞെടുത്ത  വീടുകളില്‍നിന്ന് വ്യൂവര്‍ഷിപ്പ് ഡാറ്റ റെക്കോര്‍ഡുചെയ്യുന്നതിലൂടെ കണക്കാക്കുന്ന ടി.ആര്‍.പി പരസ്യദാതാക്കളെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. റിപ്പബ്ലിക് ടി.വിയും മറ്റ് ചില ചാനലുകളും കൂടുതല്‍ സമയം ഓണ്‍ ചെയ്യുന്നതിന് വീട്ടുടമകള്‍ക്ക്  കൈക്കൂലി നല്‍കിയെന്നാണ് കേസ്. അതേസമയം, തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ്  റിപ്പബ്ലിക് ടി.വി അധികൃതരുടെ വാദം.

 

Latest News