കാര്യം വീണ്ടും കുഴഞ്ഞോ? രാഹുൽജിയുടെ സ്ഥാനാരോഹണം വൈകുമത്രേ! കേട്ടവർ കേട്ടവർ മൂക്കിൽ വിരൽവെച്ചു. മൂക്കില്ലാ രാജ്യത്തെ കോൺഗ്രസുകാർ പകരം തലയിൽ കൈവെച്ചു. ഇത്തരത്തിൽ ഒരാളെയെങ്കിലും സ്ഥാനത്തിരുത്തി മുന്നോട്ട് ഉന്തിത്തള്ളി കൊണ്ടുപോകാമെന്നാണ് പ്രതീക്ഷിച്ചത്. എവിടെ! നമ്മൾ ഇച്ഛിക്കുന്നു; ദൈവം വിധിക്കുന്നു! നവംബറിൽ ആരോഹണം മാറ്റിവച്ചുവത്രേ! ഹിമാചലത്തിലെ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാലേ വല്ലതും നടക്കൂ എന്നാണ് ദില്ലി ബുള്ളറ്റിൻ. നവംബറിന്റെ നഷ്ടം!
ഇതിനിടയിൽ പുറത്തുവന്ന ഏക സന്തോഷ വാർത്ത താൻ 'ഐകീഡോ' എന്ന ജാപ്പനീസ് പയറ്റുമുറയിൽ 'ബ്ലാക് ബെൽറ്റുകാരനാണ് എന്ന രാഹുൽജിയുടെ പ്രസ്താവനയാണ്. നന്നായി; വിദേശത്തേക്ക് ഇടയ്ക്കിടെ മുങ്ങുന്നത് മറ്റുവല്ലതിനുമാണെന്ന തെറ്റിദ്ധാരണയും നീങ്ങിയല്ലോ. മോഡിയും അമിത്ജിയും ഇനി ഇത്തരം 'ബെൽറ്റി'നായി പരക്കംപായും. ഇതുവരെ 'കാവിബെൽറ്റി'ന്റെ ബലത്തിലായിരുന്നു മൃഷ്ടാന്നം ഭുജിച്ചിരുന്നത്. ശിവസേനാ നേതാവ് പോലും രാഹുൽജി നയിക്കാൻ പ്രാപ്തനാണെന്നു പ്രസ്താവിച്ചു കഴിഞ്ഞ കാലമാണ്. ഏതു ചെക്കപ്പിനുശേഷമാണ് ആ സർട്ടിഫിക്കറ്റെന്ന് ആർക്കും പിടികിട്ടിയില്ലെങ്കിലും, കല്യാണം നടക്കേണ്ടപ്പോൾ നടക്കു എന്ന ബെൽറ്റുധാരിയുടെ അനുബന്ധം കൂടിയാകുമ്പോൾ, സംശയിക്കാൻ 'ഓൻ ആങ്കുട്ടിയാണ്' എന്നു തെളിയിക്കാൻ രണ്ടും കൽപിച്ചുള്ള പുറപ്പാടാണ്. പക്ഷേ, കേരളത്തിലെ കളരിപ്പയറ്റുപോലെയുള്ള ജാപ്പനീസ് മുറയാണെന്നു പയ്യൻ വെളിപ്പെടുത്തേണ്ടതില്ലായിരുന്നുവെന്നാണ് ഹംസന്റെ പക്ഷം. കാരണം, ചില ലോക്കൽ സംഘപരിവാരങ്ങൾ മുറുമുറുക്കാൻ തുടങ്ങിയിരിക്കുന്നു- എന്നാലും നമ്മുടെ കാവി ബെൽറ്റോളം വരുമോ ബ്ലാക്ക് ബെൽറ്റ് എന്ന്! അതിലും കഴമ്പുണ്ട്: രാഹുൽജി അടവു പതിനെട്ടും, പിന്നെ 'ഐകീഡോ'യും കൂടി പയറ്റിയിട്ടും കേരളത്തിൽ നിന്നെത്തിയ കെപിസിസി പട്ടിക പട്ടികയെ തൊടാൻ കഴിഞ്ഞില്ല. അങ്ങോർ ഒന്നുവെട്ടും, കേരള നേതാക്കൾ ഇടത്തുമാറി ചവിട്ടും, തിരിഞ്ഞുവെട്ടും മറിഞ്ഞുവെട്ടും, കേരള നേതാക്കൾ ഇടത്തുമാറി ചവിട്ടും, തിരിഞ്ഞുവെട്ടും മറിഞ്ഞുമാറും, വളഞ്ഞുവെട്ടും, ചാടി വെട്ടും…… ങേ ഹേ! ലിസ്റ്റിനു മാത്രം ഒരു പരിക്കുമില്ല! ദില്ലി വാലയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ലിസ്റ്റ് ഒരു വാലുപോലെ വളരാനും തുടങ്ങി. പണ്ട് 282 പേരുണ്ടായിരുന്ന കെ.പി.സി.സി രാഹുലിന്റെ കൺമുന്നിൽ വച്ച് വളർന്ന് 304 ആയി മാറി. തന്റെ 'ഐ'കീഡോ ബെൽറ്റ്, ഊരി ദൂരെയെറിഞ്ഞാലെന്തെന്നു പോലും പ്രതിശ്രുത കോൺഗ്രസ് പ്രസിഡന്റ് ഒരു നിമിഷം ചിന്തിച്ചുപോയി. പാർട്ടി, സംസ്ഥാനങ്ങളിലെവിടെയും ചുരുങ്ങിച്ചുരുങ്ങി വരുന്ന കാലത്താണ് ഭാരവാഹി ലിസ്റ്റ് നീണ്ട വാലായി വളർന്നു പൊങ്ങുന്നത്. ഒരേയൊരു ആശ്വാസം, പട്ടികയിൽ കടന്നുകൂടിയവരെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ സംഘടനയിൽ ഉണ്ടാകുമല്ലോ എന്നത് മാത്രമാണ്. അത്രയെങ്കിൽ അത്രയും! എള്ളു കൊറിച്ചാൽ എള്ളോളം എന്നു പഴമക്കാർ.
**** **** ****
തങ്ങൾക്ക് അമ്പതു ശതമാനം സംവരണം എല്ലായിടത്തും നൽകുമെന്ന് ഉറപ്പുനൽകിയാൽ കോൺഗ്രസിനെ സഹായിക്കാം എന്ന് ഹാർദിക് പട്ടേൽ അഹമ്മദാബാദിൽ പരസ്യമായി വാഗ്ദാനം നൽകിയത് ശ്രദ്ധിച്ചുവല്ലോ. അതൊരു സന്മനസ്സല്ല, വെല്ലുവിളിയാണ്. കയ്യും കാലുമൊക്കെ ഒടിഞ്ഞ്, ധാരയും പിഴിച്ചിലും കിഴിയുമൊക്കെയായി കിടക്കുന്ന മംഗലശ്ശേരി നീലകണ്ഠന്റെ നെഞ്ചിൽ ചവുട്ടിക്കൊണ്ട് മുണ്ടയ്ക്കൽ ശേഖരൻ നടത്തിയ വെല്ലുവിളി പട്ടേലിന്റെ വാക്കുകളിൽ പതുങ്ങിയിരുപ്പുണ്ട്. ഒരു സംസ്ഥാനത്തും കയ്യും കൈലും നേരേ ചലിക്കാത്ത അവസ്ഥയിൽ, കൈയെത്തുന്നിടത്തു മനസ്സെത്തുന്നില്ല, മനസ്സ് എത്തുന്നിടത്ത് കൈയെത്തുന്നില്ല എന്ന മൂത്താശാരിയായ മധുവിന്റെ ഒരു കഥാപാത്രം പറഞ്ഞതുപോലെയാണ് കോൺഗ്രസ്. ഏതു പട്ടേലും ഇപ്പോൾ തലപൊക്കും. ചിമൻഭായ് പട്ടേൽ, കേശവ്ഭായ് പട്ടേൽ തുടങ്ങിയ വമ്പൻ നേതാക്കളെയും മുഖ്യമന്ത്രിമാരെയും സംഭാവന ചെയ്ത പട്ടേൽ സമുദായമാണ് ഇപ്പോൾ നെഞ്ചയത്തുകാൽകയറ്റി വച്ചിരിക്കുന്നത്. വിധേയനാകുന്നതാണ് മാനം. ഗ്രഹണസമയത്ത് ഞാഞ്ഞൂല് പോലും തലപൊക്കും. പട്ടേലാകട്ടെ, ഞാഞ്ഞൂലല്ല. സൂക്ഷിക്കണം.
**** **** ****
'ദാവീദും ഗോലിയാത്തും' എന്ന കഥ സിനിമയാക്കിയാൽ ഇവിടെ ആര് ഏതു റോളെടുക്കുമെന്ന ആശങ്ക വേണ്ട. തടിയൻ ഭീകരൻ ഗോലിയാത്തിന്റെ വേഷത്തിൽ തോമസ് ചാണ്ടി. സ്വാഭാവികമായും ദാവീദായി റവന്യൂ മന്ത്രി ചന്ദ്രശേഖരൻ. ഇനി കവണയിൽ കല്ലുവച്ച് എറിഞ്ഞുവീഴ്ത്തുമോ എന്ന കാര്യം തൽക്കാലം അതൊരു നിശ്ചല ദൃശ്യമായി ഫ്രീസ് ചെയ്തിരിക്കുകയാണ്.
മുഖ്യനും കോടിയേരും. ജീവൽ പ്രധാനമായ മറ്റു ചില രംഗങ്ങൾ ഷൂട്ട് ചെയ്യാനുണ്ട്! ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഫാസിസത്തെ ചെറുക്കാനായി ജനങ്ങളെ ജാഗരൂകരാക്കാൻ ഇറങ്ങുമ്പോൾ പല വാഹനങ്ങളിലും കയേണ്ടിവരും. അവയുടെയെല്ലാം ഓണറന്മാർ ക്രിമിനൽ സംഘത്തിൽപ്പെട്ടവരാണോ, കള്ളക്കടത്തുകാരാണോ, ആതങ്കവാദികളാണോ എന്നൊക്കെ അന്വേഷിക്കാൻ സമയമെവിടെ? വ ടക്കേയറ്റം തൊട്ടു തെക്കേയറ്റം വരെയുള്ള യാത്രമാണ്. തുലാവർഷം തലയ്ക്കു മീതെ ഇടിമുഴക്കിക്കൊണ്ടു നിൽക്കുമ്പോൾ, എങ്ങനെയെങ്കിലും പ്രഖ്യാപിച്ചുപോലെ യാത്ര മുഴുമിപ്പിക്കണമെന്നല്ലേ. അഭിമാനമുള്ളവർക്കു തോന്നുകയുള്ളൂ? കോടിയേരിക്കും അതേയുള്ളൂ. അതിനിടയിലാണ് ഒരു കായൽ നികത്തൽ പ്രശ്‌നം. ആനക്കാര്യത്തിനിടയ്ക്ക് ചേനക്കാര്യം. ഒരു റവന്യൂ മന്ത്രി ഇല്ലെന്നു കരുതി ഒരു വിടവും ഉണ്ടാകാനില്ല.
അത് മറ്റൊരു സഖാവ് നികത്തിക്കൊള്ളും. ഒരു മാന്യൻ വളരെ കഷ്ടപ്പെട്ടു കായൽ നികത്തി കൊട്ടാരം പണിഞ്ഞത് ഇടിച്ചുനീരത്തുന്ന കാര്യം അതുപോലെയാണോ? ആരു നികത്തും? അതിന് ബജറ്റിൽ പണമുണ്ടോ? ഉണ്ടെങ്കിൽ തന്നെ, തോമസ് ചാണ്ടിയുടെ കൊട്ടാരങ്ങൾ ഇടിച്ചുനിരത്താൻ ആരുണ്ടിവിടെ കാണട്ടെ.എന്ന പോർവിളി ഓരോ പാർട്ടിയാപ്പീസിലും നിന്നു കേൾക്കുന്നില്ലേ? കായൽമുഴുവൻ നികത്തി കഴിഞ്ഞു, ഇനി കടല് മാത്രമേയുള്ളൂ നികത്താൻ - എന്ന് കെ. മുരളീധരൻ പ്രസ്താവിച്ചത് അദ്ദേഹത്തിന്റെ നർമബോധം കൊണ്ടായിരിക്കണം.
ചില പ്രശ്‌ന സങ്കീർണമായ വേളകളിൽ ഇത്തരം ഫലിതങ്ങൾ കേട്ട് നമ്മൾ അശ്വസിക്കുന്നതാണ് പണ്ടേയുള്ള പതിവ്. 'ലീഡറും' ഇക്കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല.
**** **** ****
വിവിധയിനം വിവാദങ്ങൾക്കിടയിലും കേരളത്തെ ലഹരി മുക്തമാക്കാൻ എൽ.ഡി.എഫ് എന്നാൽ സി.പി.എം ഒരുങ്ങുന്നതിൽ നമ്മൾ അഭിമാനിക്കണം. ഭരണം കൈയാളുന്നവർക്ക് മുക്കിന് മുക്കിന് ബാർ തുറക്കാതിരിക്കാൻ കഴിയില്ല.
പക്ഷേ, അത് ആദർശം മുറുകെ പിടിച്ചു കൊണ്ടാകണം, അത്ര തന്നെ. യു.ഡി.എഫിന്റെ കാലത്ത് പൂട്ടിയ ഒറ്റ ബാറും തുറന്നില്ല. അവയ്ക്ക് അഞ്ചുമീറ്ററെങ്കിലും അകലെ മാത്രമേ പുതിയവ തുറക്കാവൂ എന്ന് ദൃഢമായി ആദ്യമേ തീരുമാനമെടുത്തു. ഇനിയിപ്പോൾ, അയലത്തെ കർണാടകത്തിൽ കച്ചവടത്തിൽ വിജയിച്ച മറ്റൊരു മദ്യപരിപാടി കൂടി ഓപ്പൺ ചെയ്യാൻ കഴിയുമോ എന്നാണ് നോട്ടം. എക്‌സൈസ് കമ്മീഷണറായ മീശക്കാരൻ സിംഗ്ജി അതിനു ചൂട്ടുകറ്റ കത്തിച്ചു കാട്ടിക്കൊടുത്തു.
ഇവിടെയും ഹോട്ടലുകളിൽ സ്വന്തമായി 'ബീയർ' ഉൽപാദിപ്പിച്ചു വിതരണം ചെയ്യുക എന്നതാണ് ശുപാർശ. ഇത് ഇത്രയും വൈകിക്കണ്ടായിരുന്നു. പഴയ ആന്റണി ഭരണക്കാലത്ത് ചാരായം നിരോധിച്ചതുമുതൽ മദ്യത്തിന് പിടിപെട്ട ശനിക്കാലം അവസാനിച്ചത് ഇപ്പോൾ എൽ.ഡി.എഫിന്റെ വരവോടെയാണെന്നു വ്യക്തമായി. പണ്ട് പഞ്ചായത്തു തോറും രണ്ടുമൂന്നു വ്യാജവാറ്റു കേന്ദ്രങ്ങളെങ്കിലും ഉണ്ടായിരുന്നു. അവരുടെ സഹായത്തോടെയാണ് എക്‌സൈസ് വകുപ്പ് ജീവനക്കാർ വീടുപണിഞ്ഞും, കാർ വാങ്ങിയും, പെൺമുക്കളെ കെട്ടിച്ചയച്ചുമൊക്കെ ഒരുവിധം അല്ലലില്ലാതെ കഴിഞ്ഞുപോന്നത്. ആന്റണി വ്യാജനെയും ഒറിജിനലിനെയും നിരോധിച്ച്. അവരുടെ കഞ്ഞിയിൽ 'പാറ്റ'യിട്ടു. അതിനെന്താ? ഇനി വരാൻ പോകുന്നത് 'ബീയർ ഹോട്ടലു'കളാണ്. പാലും പഴവും മാത്രം കഴിച്ചു ശീലിച്ച പലരും, വി.എം. സുധീരനും, പന്തളം സുധാകരനും കേസീബിസിയിലെ പാതിരമമാരും ഇപ്പോൾത്തന്നെ മുദ്രവാക്യവുമായി നടുറോഡിൽ ഇറങ്ങി നിൽപാണ്.
ഇന്നത്തെ ബീയർ, നാളെ കുപ്പിക്കുളളിലെ ലഹരി ശതമാനം ഉയർത്തി ചാരായമായി പുനർജനിക്കും. യഥാസമയം ഹോട്ടലുകളിൽ 'സാധന'മെത്തിക്കാൻ വേണ്ടി മൺമറഞ്ഞ എല്ലാ വ്യാജവാറ്റു കേന്ദ്രങ്ങളും വീണ്ടും ജന്മമെടുക്കും.
പലരും പുനർജന്മം വിശ്വാസികളായതിനാൽ, കാര്യമായ എതിർപ്പൊന്നും ഉണ്ടാവുകയില്ല. പഴയ ആദർശ നിർബന്ധത്തിന്റെ അസുഖമൊന്നും പുതിയ തലമുറയിൽ കാണാനുമില്ല. ബീയർ ഹോട്ടലുകൾ വരുന്നതോടെ മയക്കുമരുന്നു കച്ചവടക്കാർ കുത്തുപാളയെടുക്കുമെന്നാണ് കണക്കുകൂട്ടൽ. പക്ഷേ, കണക്കിൽ ഇരട്ടിക്കുന്ന ചില സമവാക്യങ്ങളുമുണ്ട്. അത് രാഷ്ട്രീയവും ഫണ്ടു ശേഖരണവും ചവച്ചുനടക്കുന്നവർക്കറിയില്ല. അതാണ് കഷ്ടം!






