മുംബൈ- ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ വാട്ട്‌സാപ്പ് മെസഞ്ചര്‍ താല്‍ക്കാലികമായി മുടങ്ങി. അരമണിക്കൂറിനു ശേഷമാണ് പലയിടങ്ങളിലും പഴയ നിലയിലായത്. ഇന്ത്യക്കു പുറമെ, ബ്രസീല്‍, റഷ്യ, വിയറ്റ്‌നാം, മ്യാന്മര്‍ പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ സര്‍വീസ് മുടങ്ങിയതായി ഫേസ്ബുക്കിലും ട്വിറ്ററിലും അറിയിച്ചു. ഓരോ രാജ്യത്തും എത്ര സമയമാണ് ജനകീയ മെസഞ്ചര്‍ മുടങ്ങിയതെന്നോ കാരണമെന്തായിരുന്നുവെന്നോ വ്യക്തമല്ല.
ഇന്ത്യയില്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇന്നലെ കാര്യമായി ട്വീറ്റ് ചെയ്തത് വാട്ട്‌സപ്പ് ഡൗണായ വാര്‍ത്തയായിരുന്നു. 100 കോടിയിലേറെ വരുന്ന വാട്ട്‌സാപ്പ് ഉപയോക്താക്കളില്‍ 20 കോടിയോളം ഇന്ത്യയിലാണ്.
പാക്കിസ്ഥാന്‍, ജര്‍മനി, ബ്രിട്ടന്‍ എന്നി രാജ്യങ്ങളിലും ട്വിറ്ററില്‍ മുഖ്യ ചര്‍ച്ച വാട്ട്‌സാപ്പ് അപ്രത്യക്ഷമായ വിഷയമായിരുന്നു. ഇതര സോഷ്യല്‍ മീഡിയയകളിലെ പരാതി പ്രളയം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വാട്ട്‌സപ്പ് വീണ്ടും പ്രവര്‍ത്തനക്ഷമമായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വാട്ട്‌സാപ്പ് കിട്ടാതായതായി മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കളും പരാതിപ്പെട്ടു.
വാട്ട്‌സാപ്പ് അപ്രത്യക്ഷമായ കാര്യം അന്വേഷിച്ചുവരികയാണെന്ന് ഫേസ്ബുക്ക് വക്താവ് സിങ്കപ്പൂരില്‍ പറഞ്ഞു. വാട്ട്‌സാപ്പ് സേവനനത്തിനു തടസ്സമുണ്ടാകാറുണ്ടെങ്കിലും അത് ഏതെങ്കിലും പ്രദേശത്ത് മാത്രമാണ് പതിവെന്ന് പ്രശസ്തമായ സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കുന്ന സ്വതന്ത്ര വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മേയില്‍ ഇതുപോലെ വാട്‌സാപ്പ് മണിക്കൂറുകളോളം അപ്രത്യക്ഷമായിരുന്നു.
ലോകത്ത് 120 കോടി ജനങ്ങളാണ് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. പല രാജ്യങ്ങളിലും ആശയവിനിമയത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ വാട്ട്‌സാപ്പാണ് ഉപയോഗിക്കുന്നത്. 1900 കോടി ഡോളര്‍ നല്‍കി 2014 ലാണ് ഫേസ്ബുക്ക് വാട്ട്‌സാപ്പിനെ സ്വന്തമാക്കിയത്.