വിവാഹാലോചന നിരസിച്ചു; കാമുകിയുടെ അച്ഛനെ കൊലപ്പെടുത്തി

ന്യൂദല്‍ഹി- വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് കാമുകിയുടെ പിതാവിനെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കന്‍ ദല്‍ഹിയിലെ സോണിയ വിഹാര്‍ പ്രദേശത്താണ് സംഭവം. 50 കാരനായ ബിജേന്ദര്‍ സിംിഗിന്റെ മൃതദേഹം വീട്ടില്‍  കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 25 കാരനായ സൂരജ് കുമാര്‍ അറസ്റ്റിലായത്. സോണിയ വിഹാര്‍ സ്വദേശിയായ ഇയാള്‍ പാലം മെട്രോ സ്‌റ്റേഷനില്‍ ഹൗസ് കീപ്പറായി ജോലി ചെയ്യുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, വടക്കന്‍ ദല്‍ഹിയിലെ ഷാ ഓഡിറ്റോറിയത്തിന് സമീപം വെച്ചാണ് കുമാര്‍ പിടിയിലായത്.
സോണിയ വിഹാറില്‍ സ്വന്തം വീട്ടില്‍ കണ്ടെത്തിയ ബിജേന്ദര്‍ സിംഗിന്റെ മൃതദേഹത്തില്‍ പരിക്കുകളുണ്ടായിരുന്നു.  വീട്ടില്‍ ആരെങ്കിലും അതിക്രമിച്ച കടന്നതായി സൂചനകളുണ്ടായിരുന്നില്ല. അന്വേഷണത്തിനിടയിലാണ് ബിജേന്ദര്‍ സിംഗും ഭാര്യയും ദത്തെടുത്ത പെണ്‍കുട്ടിയുമായി യുവാവിന് ബന്ധമുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നും വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത് ഈസ്റ്റ്) വേദ് പ്രകാശ് സൂര്യ പറഞ്ഞു.
സൂരജുമായുള്ള ബന്ധം തുടരുന്നതില്‍ ഉറച്ചുനിന്നപ്പോള്‍, ദമ്പതികള്‍  24 വയസുള്ള പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശില്‍ മൊറാദാബാദ് ജില്ലയിലുള്ള യഥാര്‍ഥ മാതാപിതാക്കള്‍ക്ക് കൈമാറി.  വിവാഹാലോചനയുമായി സൂരജിന്റെ മാതാപിതാക്കള്‍ മൊറാദാബാദിലെ യുവതിയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നുവെങ്കിലും സിംഗ് ശക്തിയായി എതിര്‍ത്തു.  ഇതോടെയാണ് സിംഗിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട് നവംബര്‍ 28 മുതല്‍ പിന്തുടര്‍ന്ന് തുടങ്ങിയതെന്ന് സൂരജ് പോലീസിനോട് സമ്മതിച്ചു.
സംഭവദിവസം ദമ്പതികളുടെ അടുക്കളയില്‍ നിന്ന് കത്തി എടുത്ത് തലയില്‍ കുത്തിയെന്നും ബോധം പോകുന്നതുവരെ പ്രഷര്‍ കുക്കര്‍ കൊണ്ട്  തലയില്‍ അടിച്ചുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.

 

Latest News