ബി.ജെ.പി റാലി അക്രമാസക്തമായി; ഒരാള്‍ കൊല്ലപ്പെട്ടു; വടക്കന്‍ ബംഗാളില്‍ ബന്ദ്

കൊല്‍ക്കത്ത- ബി.ജെ.പി റാലി അക്രമാസക്തമായ സിലിഗുരിയില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രതിഷേധ സൂചകമായി  ബി.ജെ.പി ഇന്ന് വടക്കന്‍ ബംഗാള്‍ ജില്ലകളില്‍ 12 മണിക്കൂര്‍ ബന്ദ് ആചരിക്കുകയാണ്.  
2019 ല്‍ മേഖലയിലെ എട്ട് ലോക്‌സഭാ സീറ്റുകളില്‍ ഏഴെണ്ണം ബി.ജെ.പി കരസ്ഥമാക്കിയിരുന്നു.

വടക്കന്‍ ബംഗാളിലെ സിലിഗുരിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.  പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  പാര്‍ട്ടിയിലെ മുതിര്‍ന്ന ദേശീയ, സംസ്ഥാന നേതാക്കളാണ് റാലിക്ക് നേതൃത്വം നല്‍കിയിരുന്നത്.
വടക്കന്‍ ബംഗാളിലെ സെക്രട്ടറിയേറ്റായ ഉത്തര്‍ കന്യയിലേക്ക് നീങ്ങാന്‍ ശ്രമിച്ച റാലി തടയാന്‍ പോലീസ് സെക് ഷന്‍ 144  പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അക്രമാസക്തരായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെ  പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ  പോലീസ് വെള്ളത്തില്‍ പിങ്ക് ചായവും ഉപയോഗിച്ചിരുന്നു. ബി.ജെ.പി അക്രമത്തിന്റേയും തീവെപ്പിന്റേയും മാര്‍ഗമാണ് സ്വീകരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു.  

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ്  സര്‍ക്കാരിനെതിരെ ബി.ജെ.പി ആരംഭിച്ച  പ്രക്ഷോഭ പരിപാടികളുടെ ഭാഗമായിരുന്നു റാലി.

പാര്‍ട്ടി  ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍, സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്, എന്നിവര്‍ക്കു പുറമെ, നിരവധി ലോക്‌സഭാ അംഗങ്ങളും റാലിയില്‍ പങ്കെടുത്തു.  ഭാരതീയ ജനത യുവ മോര്‍ച്ച  ദേശീയ പ്രസിഡന്റും ബംഗളൂരു സൗത്ത് ലോക്‌സഭാ അംഗവുമായ തേജസ്വി സൂര്യയും  യുവമോര്‍ച്ച സംസ്ഥാന പസിഡന്റ് സൗമിത്ര ഖാനും കണ്ണീര്‍ വാതകം ശ്വസിച്ച് അവശരായി. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 40 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

 

Latest News