Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വോട്ടെടുപ്പിന് തയാറെടുത്ത് ആലപ്പുഴ; പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു

ആലപ്പുഴ - ജില്ലയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതൽ ആരംഭിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ 18 കേന്ദ്രങ്ങളിലായി നടന്നു. രാവിലെ 8 മണിയോടെ വിതരണകേന്ദ്രങ്ങളിൽനിന്ന് പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർക്ക് കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കുന്നതിന് ഓരോ പഞ്ചായത്തുകൾക്കും വിതരണ കേന്ദ്രത്തിൽ പ്രത്യേക സമയം അനുവദിച്ചിരുന്നു. 
ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായാണ് വിതരണ കേന്ദ്രങ്ങൾ തയാറാക്കിയിരുന്നത്. ഉദ്യോഗസ്ഥർക്കുള്ള പി.പി.ഇ കിറ്റും വിതരണ കേന്ദ്രങ്ങളിൽനിന്ന് നൽകി. വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. 


ജില്ല കലക്ടർ എ. അലക്‌സാണ്ടർ വിവിധ വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തി. പോളിംഗ് വിവരങ്ങൾ അതത് സമയം കൈമാറുന്നതിന് എൻ.ഐ.സിയുടെ പോൾ മാനേജർ ആപ്പ് ഉപയോഗിക്കും. പ്രിസൈഡിങ് ഓഫീസർക്കും ഫസ്റ്റ് പോളിങ് ഓഫീസർക്കും ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ അപ്പപ്പോൾ എന്റർ ചെയ്യാൻ കഴിയും. പോളിങ് ബൂത്തിൽ നിന്നുള്ള വിവരങ്ങൾ അതത് സമയത്ത് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുന്നതിനും സത്വര നടപടികൾ സ്വീകരിക്കാനുമുള്ള സജ്ജീകരണം തയാറാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരെല്ലാം തന്നെ തങ്ങൾക്ക് നിർദ്ദേശിച്ചിട്ടുള്ള ബൂത്തുകളിലെത്തി ക്രമീകരണങ്ങൾ നടത്തി.


പോളിംഗ് ഡ്യൂട്ടികൾക്കായി 11,355 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 2271 പേരെ റിസർവിൽ നിർത്തിയിട്ടുണ്ട്. ജില്ല പോലീസ് മേധാവി പി.എസ്.സാബുവിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളായി തിരിച്ച് ഡിവൈ.എസ്.പിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സൗകര്യവും ഏർപ്പെടുത്തി.
വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറ് വരെയാണ്. ഡിസംബർ ഏഴിന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ചവർക്ക് ഡിസംബർ എട്ടിന് വൈകിട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിലെത്തിയാൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ആറ് മണിക്ക് ക്യൂവിൽ നിലവിലുള്ളവർക്ക് ടോക്കൺ നൽകും. അതുവരെ വന്ന എല്ലാ സാധാരണ വോട്ടർമാരും വോട്ട് ചെയ്തതിന് ശേഷമാണ് കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ അവസരം. നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി കോവിഡ് രോഗികൾ വൈകിട്ട് അഞ്ചിനു ശേഷം ആറുമണിക്ക് മുമ്പ് എത്തിയാൽമതി.


കോവിഡ് രോഗികൾ പി.പി.ഇ കിറ്റ് ഇട്ടാണ്  ബൂത്തിലെത്തേണ്ടത്. 19 സി ഫോറത്തിൽ ഡെസിഗ്‌നേറ്റഡ് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റും കോവിഡ് രോഗി ഹാജരാക്കണം. ജില്ലയിൽ ആകെ 2271  ബൂത്തുകളാണ് ഉള്ളത്. ഇതിൽ 1989 പഞ്ചായത്തുകളിലും 282 എണ്ണം നഗരസഭകളിലുമാണ്. വോട്ടെടുപ്പ് ദിവസം സമ്മതിദായകർ ഒഴികെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായ പാസ് ഇല്ലാത്ത ആരും ബൂത്തുകളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.
വോട്ട് ചെയ്യാൻ ബൂത്തിൽ എത്തുന്ന സമ്മതിദായകൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. പഞ്ചായത്തിനെ സംബന്ധിച്ച് പോളിംഗ് സ്റ്റേഷന്റെ 200 മീറ്റർ പരിധിയിലോ മുൻസിപ്പാലിറ്റിയെ സംബന്ധിച്ച് പോളിംഗ് സ്റ്റേഷനിൽ 100 മീറ്റർ പരിധിയിലോ രാഷ്ട്രീയകക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കുവാൻ പാടില്ല.


വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുൻപുള്ള 48 മണിക്കൂറിലും വോട്ട് എണ്ണുന്ന ദിവസവും മദ്യം നൽകുകയോ വിതരണം ചെയ്യുകയോ പാടില്ല.
സംഘട്ടനവും സംഘർഷവും ഒഴിവാക്കുന്നതിനായി, പോളിംഗ് ബൂത്തുകൾക്ക് സമീപവും രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും നിർമ്മിക്കുന്ന ക്യാമ്പിന്റെ പരിസരത്തും ആൾക്കൂട്ടം ഒഴിവാക്കേണ്ടതാണ്. സ്ഥാനാർഥികളുടെ ക്യാമ്പുകൾ ആർഭാട രഹിതമാണെന്ന് ഉറപ്പുവരുത്തണം. ക്യാമ്പുകളിൽ ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യാൻ പാടില്ല. വോട്ടെടുപ്പ് ദിവസം വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെർമിറ്റ് വാങ്ങി അതാത് വാഹനങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്.


 

Latest News