Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.ഡി.എഫിൽ യുവനിര; ഭീഷണിയായി വിമതരും

മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാർഥി സംഗമം 
കൊണ്ടോട്ടിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗം

മലപ്പുറം ജില്ല യു.ഡി.എഫിന്റെ കോട്ടയാണെന്നാണ് കാലങ്ങളായുള്ള രാഷ്ട്രീയ ധാരണ. എന്നാൽ ഇത്തവണ ജില്ലയിൽ യു.ഡി.എഫിനുള്ളിലും ആശങ്കകളുണ്ട്. അതിന് കാരണം കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളാണ്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഇടതു മുന്നണിയുണ്ടാക്കിയ നേട്ടം യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു. 2010 ൽ നൂറ് ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്ന മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ 91 എണ്ണത്തിൽ യു.ഡി.എഫ് വിജയിച്ചു. ഒമ്പെണ്ണത്തിൽ മാത്രമാണ് ഇടതു മുന്നണിക്ക് ഭരണം ലഭിച്ചത്. എന്നാൽ 2015 ആയപ്പോൾ ചിത്രം പാടെ മാറി. ആകെയുള്ള 94 ഗ്രാമപഞ്ചായത്തുകളിൽ 37 എണ്ണത്തിലാണ് ഇടതുപക്ഷ ഭരണമുള്ളത്. യു.ഡി.എഫ് 57 പഞ്ചായത്തുകളിലേക്ക് ഒതുങ്ങി. ഒമ്പതിൽ നിന്ന് 37 ലേക്കുള്ള ഇടതുപക്ഷത്തിന്റെ കുതിപ്പ് യു.ഡി.എഫിനെ ഞെട്ടിക്കുന്നതായിരുന്നു. വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ള ചെറുപാർട്ടികളുടെ പിന്തുണയോടെ രൂപീകരിച്ച ജനകീയ മുന്നണികളിലൂടെയാണ് ഇടതുപക്ഷം ഈ അട്ടിമറി നേട്ടം കരസ്ഥമാക്കിയത്. യു.ഡി.എഫിനുള്ളിലെ ഭിന്നത മൂലം പലയിടങ്ങളിലും കോൺഗ്രസ് ജനകീയ മുന്നണിക്കൊപ്പം നിന്നു. 


2015 ലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ ഇടതുമുന്നണിക്ക് 26 പഞ്ചായത്തുകളിലായിരുന്നു ഭരണം. എന്നാൽ 11 പഞ്ചായത്തുകളിൽ പിന്നീട് ജനകീയ മുന്നണിയിലെ ധാരണ പ്രകാരമോ ഭിന്നത മൂലമോ പ്രസിഡന്റ് പദം ഇടതുപക്ഷത്തിന് ലഭിച്ചു. ഇതോടെ അവർ 26 ൽ നിന്ന് 37 ലേക്ക് വളരുകയും യു.ഡി.എഫ് 62 ൽ നിന്ന് 57 ലേക്ക് മെലിയുകയും ചെയ്തു. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന മൂന്നു സീറ്റുകൾ ഇടതുമുന്നണി പിടിച്ചെടുത്തു. നഗരസഭകളിലും ഇടതുപക്ഷം നേട്ടമുണ്ടാക്കി. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ നേട്ടം ആവർത്തിക്കാൻ ഇടതുപക്ഷത്തിനായി. താനൂർ, നിലമ്പൂർ പോലുള്ള യു.ഡി.എഫിന്റെ കോട്ടകളിൽ അവർ വിജയം നേടി.


കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ യു.ഡി.എഫ് കരുതലോടെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്തത്. ഇതിൽ പ്രധാനം ജനകീയ മുന്നണികൾ വരുന്നത് തടയുകയായിരുന്നു. ജനകീയ മുന്നണികളുടെ ആസൂത്രണത്തിൽ മുഖ്യ പങ്കു വഹിച്ചുരുന്ന വെൽഫെയർ പാർട്ടിയെ കൂടെ നിർത്താൻ തുടക്കത്തിൽ തന്നെ ഇറങ്ങിപ്പുറപ്പെട്ടത് ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു.


മുസ്‌ലിം ലീഗ് എടുത്ത ഒരു രാഷ്ട്രീയ തീരുമാനം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമാണ്. മൂന്നു തവണ മൽസരിച്ചവർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനം കർശനമായി നടപ്പാക്കി. ഇതോടെ കൂടുതൽ യുവാക്കളും പുതുമുഖങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഒരേ നേതാക്കൾ തന്നെ മൽസരിക്കുന്നുവെന്ന മുറുമുറുപ്പ് പാർട്ടിക്കുള്ളിൽ ഇല്ലാതാക്കാനും പ്രവർത്തകരെ ഒന്നിപ്പിച്ചു നിർത്താനും ഇത് സഹായിച്ചെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം, സീറ്റു കിട്ടാത്തവർ വിമതരായി രംഗത്തു വന്നത് ലീഗിനെ അസ്വസ്ഥരാക്കുന്നുണ്ട്. പലയിടത്തും പാർട്ടിയുടെ സജീവ പ്രവർത്തകരായ യുവനേതാക്കൾ ഇടതു പിന്തണയോടെ സ്വതന്ത്രരായി മൽസരിക്കുന്നുണ്ട്. 


മലപ്പുറം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന്റെ നില ഭദ്രമാണ്. ആകെയുള്ള 32 ഡിവിഷനുകളിൽ 27 എണ്ണത്തിലും യു.ഡി.എഫ് പ്രതിനിധികളാണുള്ളത്. എന്നാൽ 2010 ൽ 30 സീറ്റുകളിൽ വിജയിച്ച യു.ഡി.എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. ഇടതു മുന്നണി രണ്ടു സീറ്റിൽ നിന്ന് അഞ്ചു സീറ്റുകളിലേക്ക് നില മെച്ചപ്പെടുത്തി. വണ്ടൂർ, ഏലംകളം, എടരിക്കോട്, രണ്ടത്താണി, ആതനവനാട്, കരുവാരക്കുണ്ട്, നന്നമ്പ്ര, മംഗലം, എടയൂർ, വഴിക്കടവ്, അരീക്കോട്, ചോക്കാട്, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, ആനക്കയം, എടവണ്ണ, പൊന്മുണ്ടം, വെളിമുക്ക്, തിരുനാവായ, തേഞ്ഞിപ്പലം, മക്കരപ്പറമ്പ്, ചുങ്കത്തറ, വേങ്ങര, വാഴക്കാട്, നിറമരുതൂർ, പാണ്ടിക്കാട്, കരിപ്പൂർ എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത്. എടപ്പാൾ, ചങ്ങരംകുളം, മാറഞ്ചേരി, തൃക്കലങ്ങോട്, അങ്ങാടിപ്പുറം ഡിവിഷനുകൾ ഇടതു മുന്നണിയും നേടി.


ബ്ലോക്ക് പഞ്ചായത്തുകളിലും യു.ഡി.എഫിന് കാര്യമായ ഭീഷണികളില്ല. ആകെയുള്ള 15 ബ്ലാക്കുകളിൽ 12 എണ്ണത്തിൽ യു.ഡി.എഫ് ഭരണമാണ്. നിലമ്പൂർ, കാളികാവ്, വണ്ടൂർ, അരീക്കോട്, വേങ്ങര, കൊണ്ടോട്ടി, താനൂർ, തിരൂരങ്ങാടി, കുറ്റിപ്പുറം, മങ്കട,പെരിന്തൽമണ്ണ, മലപ്പുറം ബ്ലോക്കുകളാണ് അവർ ഭരിക്കുന്നത്. പെരുമ്പടപ്പ്, പൊന്നാനി, തിരൂർ ബ്ലോക്കുകൾ ഇടതു ഭരണത്തിലാണ്.
നഗരസഭകളിൽ യു.ഡി.എഫിന് ആശങ്കകൾ ഏറെയുണ്ട്. ആകെയുള്ള 12 നഗരസഭകളിൽ ഒമ്പതെണ്ണം യു.ഡി.എഫിന്റെ കൈകളിലാണ്. എന്നാൽ ഇത്തവണ ഇടതുമുന്നണി നഗരസഭകളിൽ കൂടുതൽ നേട്ടമുണ്ടാക്കുന്നതിന് ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, വളാഞ്ചേരി, കോട്ടക്കൽ, നിലമ്പൂർ നഗരസഭകളിലാണ് യു.ഡി.എഫ് ഭരണമുള്ളത്. പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി നഗരസഭകളാണ് ഇടതുപക്ഷം ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേട്ടമുണ്ടാക്കിയ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്താൻ യു.ഡി.എഫിന് ഏറെ പരിശ്രമിക്കേണ്ടി വരും.


യു.ഡി.എഫിൽ ഇത്തവണ പടലപ്പിണക്കങ്ങൾ കുറവാണ്. ലീഗും കോൺഗ്രസും പഴയകാല ശത്രുത മറന്ന് ജില്ലയിൽ ഒന്നിച്ചു നിൽക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനഞ്ചോളം പഞ്ചായത്തുകളിൽ മുന്നണി ബന്ധം പാടെ തകർന്നിരുന്നു. എന്നാൽ ഇത്തവണ മൂന്നു പഞ്ചായത്തുകളിലാണ് മുന്നണിക്കുള്ളിൽ പരസ്യമായ തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത്.
(തുടരും) 

Latest News