ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളെ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ഏഴു അതിര്‍ത്തികള്‍ കര്‍ഷക പ്രക്ഷോഭം കാരണം പൂര്‍ണമായും അടച്ചു. ഇതോടെ നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി. സിംഘു, തിക്രി, ഔചന്ധി, പ്യാവു മനിയാരി, മങ്കേഷ്, ജഡോദ, ചില്ല എന്നീ അതിര്‍ത്തികളാണ് അടച്ചത്. ആറ് അതിര്‍ത്തികള്‍ ഹരിയാനയെ ദല്‍ഹിയുമായി ബന്ധിപ്പിക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലെ നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, ജെവാര്‍, മഥുര, ആഗ്ര, ലഖ്‌നൗ എന്നീ നഗരങ്ങളെ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്ന പ്രധാന അതിര്‍ത്തിയാണ് ചില്ല. 11 ദിവസം പിന്നിട്ട കര്‍ഷക സമരത്തിനിടെ മറ്റു അതിര്‍ത്തികളൊന്നും പ്രക്ഷോഭകര്‍ ഉപരോധിച്ചിട്ടില്ല. ദല്‍ഹി പോലീസാണ് അതിര്‍ത്തികള്‍ അടച്ചിരിക്കുന്നത്. ബദല്‍ റൂട്ടുകളും ദല്‍ഹി പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. ദേശീയ പാത 44 ഇരുഭാഗത്തും അടച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായതൊടെ കൂടുതല്‍ ട്രാഫിക് പോലീസിനേയും അധികൃതര്‍ വിന്യസിച്ചിട്ടുണ്ട്.