Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വടകരപ്പതിയിൽ ഇക്കുറിയും പോരാട്ടം വെള്ളത്തെ ചൊല്ലി

പാലക്കാട് - വടകരപ്പതിയിൽ വെള്ളത്തെച്ചൊല്ലിയുള്ള തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുകയാണ്. ഒരു കനാൽ നിർമാണം തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തിക്കൊണ്ടു വന്ന് ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിച്ചതും അതേ വിഷയം തുടർച്ചയായി അഞ്ചു തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പിന്റെ ഗതി നിശ്ചയിക്കുന്നതും കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അത്യപൂർവമായ അധ്യായമായിരിക്കും. കനാലിനു വേണ്ടി പോരാടുന്ന പ്രാദേശിക മുന്നണിയാണ് നിലവിൽ തമിഴ്‌നാടതിർത്തിയോട് ചേർന്ന് കിടക്കുന്ന വടകരപ്പതി ഗ്രാമപഞ്ചായത്ത് നിലവിൽ ഭരിക്കുന്നത്. 
പ്രധാന മുന്നണികളെല്ലാം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഇക്കുറിയും ഭരണ മാറ്റത്തിന് സാധ്യത കുറവാണെന്നാണ് പ്രചാരണ രംഗത്ത് നിന്നുള്ള റിപ്പോർട്ട്. വിവാദത്തിന് ആധാരമായ കനാൽ നിർമാണം സാങ്കേതിക നൂലാമാലകളിൽ കുരുങ്ങിക്കിടക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. 


തമിഴ് ഭാഷ സംസാരിക്കുന്നവർക്ക് മുൻതൂക്കമുള്ള വടകരപ്പതി ഗ്രാമപഞ്ചായത്തിലെ പ്രധാന ഉപജീവന മാർഗം പച്ചക്കറിക്കൃഷിയാണ്. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്തിന്റെ പ്രശ്‌നം പരിഹരിക്കണമെങ്കിൽ പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ നിന്നുള്ള വെള്ളം ലഭിക്കണം. മൂലത്തറയിൽ നിന്ന് വലതുകനാൽ വേലന്താവളം വരെ നീട്ടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിമാറി ഭരിച്ച സർക്കാരുകളൊന്നും അതിൽ താൽപര്യം കാണിച്ചില്ല. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്താണ് കനാലിനു വേണ്ടിയുള്ള നീക്കം വോട്ടു സമാഹരണത്തിന് ഉപയോഗിക്കാനാവുമോ എന്ന കാര്യം പരീക്ഷിച്ചത്. പരീക്ഷണം വൻ വിജയമായി. വെള്ളത്തിനു വേണ്ടി മുറവിളിയുയർത്തിയവർ നോട്ടക്ക് വോട്ടു ചെയ്യാനാണ് ആവശ്യപ്പെട്ടത്. വോട്ടെണ്ണിയപ്പോൾ മുന്നണികൾ ഞെട്ടി. 10,606 വോട്ടാണ് വടകരപ്പതിയിൽ നോട്ടക്ക് ലഭിച്ചത്. 


പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലതുകര കനാൽ (ആർ.ബി.സി) എന്ന പേരിൽ രൂപീകരിച്ച മുന്നണി തനിച്ച് മൽസരിച്ചു. കോൺഗ്രസിന്റെ ചിരകാല ശക്തികേന്ദ്രമായിരുന്ന പഞ്ചായത്തിൽ യു.ഡി.എഫ് നിലംപരിശായി. ഏഴു സീറ്റ് നേടിയ ആർ.ബി.സി മൂന്ന് സീറ്റ് നേടിയ സി.പി.എമ്മിന്റേയും രണ്ട് സീറ്റ് നേടിയ ജനതാദളിന്റേയും പിന്തുണയോടെ അധികാരത്തിലെത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റൂരിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മൽസരിച്ച കെ.കൃഷ്ണൻ കുട്ടിയുടെ വിജയത്തിൽ ആർ.ബി.സി വലിയ പങ്കാണ് വഹിച്ചത്. ഇടതുമുന്നണിയുമായി അടുപ്പം നിലനിർത്തുന്നുണ്ടെങ്കിലും ആ സൗഹൃദമൊന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അവർ കാണിക്കുന്നില്ല. സി.പി.എമ്മിനെ എതിർത്തും ജനതാദളുമായി സഹകരിച്ചുമാണ് ആർ.ബി.സി വടകരപ്പതിയിൽ മൽസരിക്കുന്നത്. ദൾ മൽസരിക്കുന്ന അഞ്ച് സീറ്റുകൾ ഒഴിവാക്കി പത്തിടത്താണ് അവരുടെ പോരാട്ടം. സി.പി.എം ഒമ്പതിടത്ത് മൽസരിക്കുന്നുണ്ട്. 


ജലവിഭവ വകുപ്പ് മന്ത്രിയായ സ്ഥലം എം.എൽ.എ കെ.കൃഷ്ണൻ കുട്ടി നൽകിയിരിക്കുന്ന ഉറപ്പാണ് ജനതാദളിനോട് മൃദുസമീപനം സ്വീകരിക്കാൻ ആർ.ബി.സിയെ പ്രേരിപ്പിക്കുന്നത്. 
സംസ്ഥാന സർക്കാരിന്റെ കാലാവധി തീരും മുമ്പ് കനാൽ നിർമാണത്തിൽ വലിയ പുരോഗതി ഉണ്ടാക്കും എന്നതാണ് മന്ത്രി നൽകിയിരിക്കുന്ന വാഗ്ദാനം. കരുമാണ്ടകൗണ്ടന്നൂരിൽ വന്നു നിൽക്കുന്ന വലതു കനാൽ കോരയാറും വരട്ടയാറും കടത്തി വേണം വേലന്താവളത്ത് എത്തിക്കാൻ. 
സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുരോഗതിയായിട്ടില്ല. ഉറപ്പ് പാലിക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെങ്കിൽ ഏതാനും മാസങ്ങൾക്കു ശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കും എന്നാണ് ആർ.ബി.സി നേതൃത്വം നൽകുന്ന മുന്നറിയിപ്പ്.

 

Latest News