Sorry, you need to enable JavaScript to visit this website.

തലൈവി സിനിമയില്‍ കണ്ണുംനട്ട് തമിഴകത്തെ പാര്‍ട്ടികള്‍ 

ചെന്നൈ-അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന തലൈവി, തമിഴകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. പ്രത്യേകിച്ച് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ജയലളിതയുടെ ഓര്‍മ്മകള്‍ തിരിച്ചു വരുന്നത് ഗുണം ചെയ്യുമെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വവും കരുതുന്നത്. പ്രമുഖ ബോളിവുഡ് താരം കങ്കണ റണാവത്താണ് ജയലളിതയെ അവതരിപ്പിക്കുന്നത്. തലൈവിയായ കങ്കണയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ജയലളിതയുടെ ചരമദിനത്തോട് അനുബന്ധിച്ചാണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം, സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി സഖ്യം സ്ഥാപിക്കാന്‍ ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലും നിലവില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഡി.എം.കെ - രജനി ഏറ്റുമുട്ടലായി നിയമസഭ തെരഞ്ഞെടുപ്പ് മാറിയാല്‍ പ്രസക്തി തന്നെ നഷ്ടമാകുമെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വം ഭയപ്പെടുന്നത്. ഇത് ഒഴിവാക്കാനാണ് ഒരു വിഭാഗമിപ്പോള്‍ രജനിക്കൊപ്പം കൂടാന്‍ ശ്രമിക്കുന്നത്.
ജയലളിതയുടെ തോഴിയായിരുന്ന ശശികല ജയിലില്‍ നിന്നിറങ്ങുന്നതോടെ അവര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ മറ്റൊരു വിഭാഗവും ശ്രമിക്കുന്നുണ്ട്. 'തലൈവി' സിനിമയില്‍ ശശികലയുടെ റോള്‍ ചെയ്യുന്നത് മലയാളി താരം ഷംന കാസിമാണ്.  ഇത് വില്ലത്തരമുള്ള വേഷമാണോ എന്നതിലും ഇപ്പോള്‍ സസ്‌പെന്‍സ് നിലനില്‍ക്കുന്നുണ്ട്. തമിഴിലും ഹിന്ദിയിലുമായി ഒരേ സമയമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇത് നിയമസഭ തെരഞ്ഞടുപ്പിന് മുന്‍പാക്കാന്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

Latest News