Sorry, you need to enable JavaScript to visit this website.

ആലിലയിൽ വോട്ട് അഭ്യർഥന: ശോഭനക്ക് വേറിട്ട പ്രചാരണം 

ആലിലയിൽ തീർത്ത വോട്ടഭ്യർഥന കത്തുമായി ശോഭന പ്രചാരണത്തിൽ

മഞ്ചേരി- തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേറിട്ട കാഴ്ചകളൊരുക്കുകയാണ് മഞ്ചേരി നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥി. പ്രകൃതിക്കിണങ്ങുന്ന അഭ്യർഥന കത്തുകളുമാണ് 31-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ശോഭന വോട്ടർമാരെ സമീപിക്കുന്നത്. ആലിലയിലാണ് ശോഭനയുടെ അഭ്യർഥനയൊരുക്കിയിരിക്കുന്നത്. 
പരിസ്ഥിതി മനുഷ്യാവകാശ സംഘടനയായ കേരള സാംസാകാരിക പരിഷത്ത് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും സ്ത്രീപഥം സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ശോഭന. അതു കൊണ്ടു തന്നെ പ്രചാരണപ്രവർത്തനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദമാക്കാനാണ് ശ്രമിക്കുന്നത്. ഫഌക്‌സുകൾ അടിച്ചിട്ടില്ല. കടലാസ് പോസ്റ്ററുകൾക്കൊപ്പം തെങ്ങോല, കവുങ്ങിൻ പാള, കരിമ്പനയോല എന്നിവയാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. തന്നോടൊപ്പമുള്ള പ്രവർത്തകർക്ക് ദാഹിക്കുമ്പോൾ കുടിക്കാൻ നൽകുന്നത് സംഭാരം, ശർക്കര ചുക്ക് വെള്ളം, ജാപ്പി തുടങ്ങിയവയാണ്.

ഗൃഹസന്ദർശന സമയത്ത് വോട്ടഭ്യർഥനയോടൊപ്പം വീട്ടുവളപ്പിൽ ഫല വൃക്ഷ തൈകളും തണൽമരവും വെച്ച് പിടിപ്പിക്കലിന്റെ പ്രാധാന്യം, പരിസര ശുചീകരണം എന്നിവയെ കുറിച്ച് ബോധവൽക്കണം നടത്തുന്നുമുണ്ട്. കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന സെക്രട്ടറി പി. ഷംസുദ്ദീൻ, കോ-ഓർഡിനേറ്റർ പി.കെ. സത്യപാലൻ, ജില്ലാ പ്രസിഡന്റ് അഡ്വ. വി.പി. വിപിൻ നാഥ്, ഗാന്ധി മിത്ര സംസ്ഥാന സെക്രട്ടറി മുകുന്ദൻ മേലേടത്ത്, ഡി. ഹരിഹരൻ, സി.കെ. ഗോപാലൻ തുടങ്ങിയ പരിസ്ഥിതി പ്രവർത്തകർ ശോഭനക്കായി വോട്ടുതേടി രംഗത്തുണ്ട്. 
മൂന്നാം തവണയാണ് ശോഭന മത്സരിക്കുന്നത്. 2010 ൽ നഗരസഭയിലെ വായ്്പാറ പടി വാർഡിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇടതു സ്വതന്ത്രയായി മത്സരിക്കുന്ന ഇ. ശ്രീദേവിയാണ് ഇത്തവണ ശോഭനയുടെ എതിരാളി. 

 


 

Latest News