Sorry, you need to enable JavaScript to visit this website.

പാൽ സംഭരിക്കാൻ വിമുഖത;  സമര ഭീഷണി മുഴക്കി സംഘടനകൾ

കൽപറ്റ- കൊഴുപ്പ്, റീഡിംഗ്, എസ്.എൻ.എഫ് എന്നിവ കുറവാണെന്നു പറഞ്ഞു ക്ഷീരസംഘങ്ങൾ പാൽ സംഭരിക്കാൻ വിമുഖത കാട്ടുന്നതായി യഥാക്രമം വാകേരി, വരദൂർ, ചിറ്റാലൂർക്കുന്ന്, നടവയൽ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകരുടെ പ്രതിനിധികളായ സെബാസ്റ്റിയൻ ജോസഫ്, പി.ആർ. സജി, എ.വി. രാമചന്ദ്രൻ, ടി.ജെ. ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ അവസ്ഥ തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിനു ക്ഷീരകർഷകർ നിർബന്ധിതരാകുമെന്നു അവർ പറഞ്ഞു.
പാൽ അളക്കാൻ ചെല്ലുന്ന സ്ത്രീകൾ അടക്കമുള്ളവരെ ഗുണനിലവാരത്തിന്റെ പേരു പറഞ്ഞു സംഘം ജീവനക്കാർ മാനസികമായി പീഡിപ്പിക്കുകയാണ്. ഒരു മാസം മുമ്പുവരെ ഈ സ്ഥിതി ഉണ്ടായിരുന്നില്ല. കർഷകരിൽനിന്നു വാങ്ങുന്ന പാൽ പ്രദേശികമായി വിൽക്കുമ്പോൾ ഗുണനിലവാരം കുറവായതിന്റെ പേരിൽ വില കുറച്ചു നൽകാൻ സംഘങ്ങൾ തയാറാകുന്നില്ലെന്ന വൈരുധ്യവും നിൽക്കുകയാണ്. കൃഷിക്കാർക്കു ലിറ്ററിനു 30-35 രുപയാണ് വില കിട്ടുന്നത്. എന്നാൽ 46 രൂപയ്ക്കാണ് സംഘങ്ങൾ പാൽ വിൽക്കുന്നത്.
ആയിരക്കണക്കിനു കുടുംബങ്ങൾ ഉപജീവനത്തിനു ആശ്രയിക്കുന്ന ക്ഷീരമേഖലയെ സംരക്ഷിക്കാൻ സർക്കാരും മിൽമയും തയാറാകണം. പാലിന്റെ ഗുണനിലവാരം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കണം. കർഷകർ ഉൽപാദിപ്പിക്കുന്ന മുഴുവൻ പാലും സംഘങ്ങൾ മുഖേന സംഭരിക്കണം. ആലപ്പുഴയിലെ പാൽപ്പൊടി യൂനിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും പുതിയ യൂനിറ്റുകൾ തുടങ്ങുന്നതിനും നടപടി സ്വീകരിക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധന ഉറപ്പുവരുത്തണം. പാൽ ലിറ്ററിനു 50 രൂപ തറവില നിശ്ചയിക്കണം. കാലിത്തീറ്റയ്ക്കു 50 ശതമാനം സബ്‌സിഡി അനുവദിക്കണം. ക്ഷീര വികസന ബോർഡിൽനിന്നുള്ള ആനുകൂലം കർഷകർക്കു നേരിട്ടു നൽകണം. കുറഞ്ഞതു രണ്ടു പശുക്കളുള്ള മുഴുവൻ കർഷകരെയും തൊഴിലുറപ്പുപദ്ധതി ഗുണഭോക്താക്കളാക്കണം. പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഔഷധങ്ങളും മറ്റും സൗജന്യമായി ലഭ്യമാക്കണമെന്നും ക്ഷീര കർഷക പ്രതിനിധികൾ പറഞ്ഞു. 

Tags

Latest News