ഗള്‍ഫ് പ്രതിസന്ധി: അന്തിമ കരാറിലെത്തിയെന്ന് കുവൈത്ത്,സ്വാഗതം ചെയ്ത് ഖത്തര്‍

റിയാദ് - ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ അന്തിമ കരാറിലെത്തിയതായി കുവൈത്ത് ഡെപ്യൂട്ടി വിദേശ മന്ത്രി ഖാലിദ് അല്‍ജാറല്ലയും സ്വാഗതം ചെയ്യുന്നതായി ഖത്തര്‍ വിദേശ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനും പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി അവസാനിച്ചതായും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ അന്തിമ കരാറിലെത്തിയതായും കുവൈത്ത് മന്ത്രി പറഞ്ഞു.  കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും തര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വൈകാതെ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും മരുമകനുമായ ജരേദ് കുഷ്‌നര്‍ സൗദി അറേബ്യയുമായും ഖത്തറുമായും ചര്‍ച്ചകള്‍ നടത്തുകയും കുവൈത്തുമായി ആശയവിനിമയങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാഷ്ട്ര നേതാക്കളുമായി ഏകോപനം നടത്തിയും അവരുടെ പിന്തുണയോടെയും ഈ കരാറിന് രൂപംനല്‍കുന്നതില്‍ ഈ ശ്രമങ്ങള്‍ സഹായകമായെന്നും കുവൈത്ത് ഡെപ്യൂട്ടി വിദേശ മന്ത്രി ഖാലിദ് അല്‍ജാറല്ല പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യം കാണുന്നതിന് നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ വിജയിച്ചതായി കുവൈത്ത് പുറത്തിറക്കിയ പ്രസ്താവനയെ ഖത്തര്‍ സ്വാഗതം ചെയ്തു.


ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്ന ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണ് കുവൈത്ത് പ്രസ്താവനയെന്ന് ഖത്തര്‍ വിദേശ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ട്വീറ്റ് ചെയ്തു. പ്രതിസന്ധിയുടെ തുടക്കം മുതല്‍ മധ്യസ്ഥശ്രമം നടത്തുന്ന കുവൈത്തിന് തങ്ങള്‍ നന്ദി പറയുന്നു. ഇക്കാര്യത്തില്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെയും വിലമതിക്കുന്നു. ഗള്‍ഫിലെയും മേഖലയിലെയും ജനങ്ങളുടെ താല്‍പര്യവും സുരക്ഷയുമാണ് എക്കാലവും തങ്ങളുടെ മുന്‍ഗണനയെന്നും ഖത്തര്‍ വിദേശ മന്ത്രി പറഞ്ഞു.

 

 

Latest News