ന്യൂദല്‍ഹി- ഹരിയാന മന്ത്രി അനില്‍ വിജിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു പിന്നലെ വിശദീകരണവുമായി വാക്‌സിന്‍ കമ്പനിയായ ഭാരത് ബയോടെക് രംഗത്ത്. രണ്ടാഴ്ച മുമ്പ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ഡോസ് ട്രയലിന്റെ ഭാഗമായാണ് മന്ത്രിക്ക് ആദ്യ ഡോസ് നല്‍കിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 28 ദിവസത്തെ ഷെഡ്യൂളിലാണ് ട്രയലായി വാക്‌സിന്‍ നല്‍കുന്നത്. സെക്കന്‍ഡ് ഡോസും നല്‍കി 14 ദിവസം കഴിഞ്ഞാല്‍ മാത്രമേ മരുന്നിന്റെ ഫലപ്രാപ്തി നിശ്ചയിക്കാന്‍ കഴിയുകയൂള്ളുവെന്നും കമ്പനി വിശദീകരിക്കുന്നു.
രണ്ടു ഡോസും സ്വീകരിച്ച ശേഷമേ തങ്ങള്‍ വികസിപ്പിച്ച കോവാക്‌സിന്‍ ഫലപ്രദമാകുകയള്ളൂവെന്നും ഭാരത് ബയോടെക് അവകാശപ്പെട്ടു.
കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രിയും 67 കാരനമായ അനില്‍ വിജിന് രോഗം സ്ഥിരീകരിച്ചത് വലിയ വാര്‍ത്തയായിരിക്കെയാണ് കമ്പനി വിശദീകരണവുമായി രംഗത്തുവന്നത്. കോവിഡ് സ്ഥിരീകരിച്ച കാര്യം മന്ത്രി തന്നെയാണ് അറിയിച്ചത്. രണ്ടാഴ്ച മുമ്പാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇദ്ദേഹം സ്വീകരിച്ചത്. അംബാലയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി. ഹരിയാനയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെയാള്‍ കൂടിയായിരുന്നു അനില്‍ വിജി.






