മലപ്പുറം - തെരഞ്ഞെടുപ്പിനെ ആശങ്കയിലാക്കി പോളിംഗ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിക്ക് അപേക്ഷിക്കുന്നത്. ഡ്യൂട്ടി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് പോളിംഗ് ദിവസം ഉദ്യോഗസ്ഥരുടെ ക്ഷാമത്തിന് ഇടയാക്കുമെന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സജീവമായ ഇടപെടലുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി വരുന്നത്.
പോളിംഗിന് നിയോഗിക്കപ്പെട്ടവർക്ക് അടുത്ത ദിവസങ്ങളിൽ കോവിഡ് ബാധിക്കുകയോ വീട്ടിലുള്ളവർക്ക് രോഗബാധയുണ്ടാകുകയോ ചെയ്തതാണ് അവധി അപേക്ഷകൾ വർധിക്കാൻ കാരണമായത്. ഈ മാസം ആദ്യത്തിൽ കോവിഡ് പോസിറ്റീവ് ആയവർക്ക് റൂം ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും പൂർത്തിയാക്കാൻ രണ്ടാഴ്ചയിലേറെ സമയമെടുക്കും. ക്വാറന്റൈനിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ കർശന നിർദേശം.
രോഗബാധിതരായ ഉദ്യോഗസ്ഥർ നിരവധിയുണ്ട്. അവരുടെ വീടുകളിലുള്ള ആർക്കെങ്കിലും കോവിഡ് പോസിറ്റീവ് ആയാലും അവർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയില്ല.
സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവർക്ക് കഴിഞ്ഞ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് ചുമതല നൽകിയിട്ടുണ്ട്. ജില്ലകൾ തോറും തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാരാണ് നിയമന ഉത്തരവ് നൽകിയിരിക്കുന്നത്. ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ മേധാവികൾ മുഖേനയാണ് ഉത്തരവ് കൈമാറിയിട്ടുള്ളത്. കോവിഡ് വ്യാപനം മുന്നിൽ കണ്ട് ഇത്തവണ ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും ഡ്യൂട്ടി നൽകിയിട്ടുണ്ട്. വലിയൊരു വിഭാഗം ജീവനക്കാരെ റിസർവ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പേരുടെ അപേക്ഷകളാണ് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർമാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അപേക്ഷകളെല്ലാം ഇപ്പോൾ തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്. എല്ലാ അപേക്ഷകളിലും നേരിട്ട് അന്വേഷണം നടത്തുന്നത് പ്രായോഗികമല്ല. തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പു വരെ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് പല ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലന പരിപാടികളിൽ പങ്കെടുക്കാനും കഴിഞ്ഞിട്ടില്ല. ഇവർക്കായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പു വഴി കമ്മീഷൻ പരിശീലനം നൽകി വരുന്നുണ്ട്. ഇത്രയേറെ പേർ അവധിക്ക് അപേക്ഷിച്ചത് കമ്മീഷൻ ഉദ്യോഗസ്ഥരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പോളിംഗ് ദിവസത്തിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ടായാൽ അത് തെരഞ്ഞെടുപ്പ് നടത്തിപ്പിനെ തന്നെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.