ആകാശത്ത് വെന്നിക്കൊടി പാറിച്ച് സൗദി യുവതികൾ

രസകരമായ ജോലിയിൽ തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അനുയോജ്യവും ശക്തവുമായ പരിശീലനമാണ് തങ്ങൾക്ക് ലഭിച്ചത്. പഠനവും പരിശീലനവും പൂർത്തിയാക്കിയ തങ്ങൾ യാതൊരുവിധ പ്രശ്‌നങ്ങളും കൂടാതെ ഏറ്റവും ഭംഗിയായാണ് ഇപ്പോൾ കൃത്യനിർവഹണം നടത്തുന്നത് -റവാൻ ഹുബൈശി

എയർ ട്രാഫിക് കൺട്രോൾ മേഖലയിൽ വെന്നിക്കൊടി പാറിച്ച് സൗദി യുവതികൾ രാജ്യത്തിന്റെ അഭിമാനമാകുന്നു. 26 യുവതികളെയാണ് നിയമിച്ചിരുന്നത്.  ഇത് വൻ വിജയമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. സൗദി സിവിൽ ഏവിയേഷൻ അക്കാദമിയിൽ നിന്ന് പഠനവും പരിശീലനവും പൂർത്തിയാക്കിയ യുവതികളെയാണ് എയർ ട്രാഫിക് കൺട്രോളർമാരായി നിയമിച്ചത്. 
എയർ ട്രാഫിക് കൺട്രോൾ അടക്കം ഏതാനും മേഖലകളിൽ വനിതാ ശാക്തീകരണത്തിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ശ്രമിച്ചുവരികയാണ്. എയർ ട്രാഫിക് കൺട്രോൾ മേഖലയിൽ ഇതിനകം 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കിയിട്ടുണ്ട്. 
ഇത്തരം നിർണായക ജോലികൾ സൃഷ്ടിക്കുന്ന വെല്ലുവിളിയും ഈ ജോലിയോടുള്ള അഭിനിവേശവുമാണ് വ്യോമയാന രംഗത്തേക്കുള്ള തങ്ങളുടെ പ്രവേശനത്തിന് കാരണമെന്ന് എയർ ട്രാഫിക് കൺട്രോളർമാരായി സേവനമനുഷ്ഠിക്കുന്ന സൗദി യുവതികൾ പറയുന്നു. സിവിൽ ഏവിയേഷൻ മേഖലയിലെ ജോലിയിൽ തങ്ങൾ ഏറെ സന്തോഷവതികളാണ്. സിവിൽ ഏവിയേഷൻ മേഖല ഏറെ ആവേശകരമായ ഒരു മേഖലയാണ്. ഈ മേഖലയിൽ പ്രവേശിക്കുന്ന ആർക്കും മറ്റു ജോലികളിൽ ഏർപ്പെടുക ദുഷ്‌കരമാണ്. മുഴുവൻ വെല്ലുവിളികളും നേരിടാനും സ്ത്രീശാക്തീകരണത്തിൽ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനും സാമ്പത്തിക പരിഷ്‌കരണ പ്രോഗ്രാമിൽ പങ്കാളിത്തം ഉയർത്താനും സൗദി വനിതകൾക്ക് സാധിക്കുമെന്നും ഇവർ പറയുന്നു.
ഇത്തരം സെൻസിറ്റീവ് ജോലികൾ ആവശ്യപ്പെടുന്ന അഭിനിവേശവും വെല്ലുവിളിയുമാണ് വ്യോമയാന രംഗത്തേക്ക് താൻ പ്രവേശിക്കാൻ കാരണമെന്ന് എയർ ട്രാഫിക് കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന റീം അബ്ദുല്ല പറഞ്ഞു. എയർ ട്രാഫിക് കൺട്രോളർമാരായി ജോലി ചെയ്യുന്നതിന് ആദ്യ ബാച്ചിൽ പഠനവും പരിശീലനവും പൂർത്തിയാക്കിയവരാണ് തങ്ങൾ. ജോലിയോടുള്ള അഭിനിവേശം ഉണ്ടാകുമ്പോൾ എല്ലാം എളുപ്പവും രസകരവുമായി മാറും. ഉയർന്ന ഉത്തരവാദിത്വബോധത്തോടെയും ആഗ്രഹത്തോടെയും വ്യോമഗതാഗതം നിയന്ത്രിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായും റീം അബ്ദുല്ല പറയുന്നു. 


സിവിൽ ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുന്നതിലുള്ള വലിയ ആഹ്ലാദം എയർ ട്രാഫിക് കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന റവാൻ ഹുബൈശി പ്രകടിപ്പിച്ചു. സിവിൽ ഏവിയേഷൻ മേഖല വളരെ ആസ്വാദ്യകരമായ മേഖലയാണ്. ഈ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് പിന്നീട് മറ്റു ജോലികളിൽ ഏർപ്പെടുക ദുഷ്‌കരമാകും. എയർ ട്രാഫിക് കൺട്രോൾ മേഖലയിൽ ജോലി ചെയ്യുന്നത് ഏറെ ആസ്വാദ്യകരമാണ്. ചിലപ്പോൾ ജോലിയിൽ നിന്ന് പുറത്തുപോകാൻ പോലും ഞങ്ങൾ ആഗ്രഹിക്കാറില്ല. രസകരമായ ജോലിയിൽ തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അനുയോജ്യവും ശക്തവുമായ പരിശീലനമാണ് തങ്ങൾക്ക് ലഭിച്ചത്. പഠനവും പരിശീലനവും പൂർത്തിയാക്കിയ തങ്ങൾ യാതൊരുവിധ പ്രശ്‌നങ്ങളും കൂടാതെ ഏറ്റവും ഭംഗിയായാണ് ഇപ്പോൾ കൃത്യനിർവഹണം നടത്തുന്നത്. തങ്ങൾക്ക് ലഭിച്ച മികച്ച പരിശീലനത്തിന്റെ ഫലമാണിത്. ഏതു മേഖലകളിലും ജോലി ചെയ്യാനും ഏറ്റവും ഭംഗിയായി സേവനമനുഷ്ഠിക്കാനും സ്ത്രീകൾക്ക് കഴിയുമെന്നതിന് ഏറ്റവും നല്ല തെളിവാണ് സൗദി വനിതകൾ എത്തിപ്പെട്ട നിലവിലെ അവസ്ഥയെന്നും റവാൻ ഹുബൈശി പറയുന്നു. 
ഏതു വെല്ലുവിളികളും നേരിടാൻ സൗദി വനിതകൾക്ക് സാധിക്കുമെന്ന് എയർ ട്രാഫിക് കൺട്രോളറായി ജോലി ചെയ്യുന്ന ലേനാ ആദിൽ പറഞ്ഞു. ഏറ്റവും മികച്ച പരിശീലനമാണ് തങ്ങൾക്ക് ലഭിച്ചത്. നിങ്ങളും പുരുഷന്മാരും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നും ജോലി ചെയ്യാനും ഈ തൊഴിലിൽ വിജയം വരിക്കാനും നിങ്ങൾക്ക് സാധിക്കും എന്നുമാണ് പരിശീലനം ആരംഭിച്ചപ്പോൾ ആദ്യമായി കേട്ട വാക്ക്. സൗദി സിവിൽ ഏവിയേഷൻ അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചപ്പോൾ ഇത് യാഥാർഥ്യമായി പുലർന്നതായും ലേനാ ആദിൽ പറഞ്ഞു. 
വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യുന്നതിലുള്ള തന്റെ താൽപര്യത്തിന് അനുയോജ്യമാണ് ഈ തൊഴിലെന്ന് ശദി ബറകാത്ത് പറയുന്നു. വ്യോമയാന മേഖലയോടുള്ള അഭിനിവേശവും ഈ മേഖലയെ കുറിച്ച തന്റെ വായനകളും എയർ ട്രാഫിക് കൺട്രോളറായി പ്രവർത്തിക്കാനുള്ള ഇഷ്ടം തന്നിലുണ്ടാക്കി. ഈ ജോലി തന്റെ താൽപര്യങ്ങൾക്ക് അനുയോജ്യമാണ്. പ്രത്യേകിച്ചും ഇത് നിരവധി വെല്ലുവിളികളുള്ള, പാരമ്പര്യേതര ജോലിയാണ്. ഏതു മേഖലയിലും ജോലി ചെയ്യാൻ സാധിക്കുമെന്ന് സൗദി സ്ത്രീകളെ ബോധ്യപ്പെടുത്തുന്ന ആദ്യത്തെ സൗദി പെൺകുട്ടികളിൽ ഒരാളായി മാറാൻ താൻ ആഗ്രഹിക്കുന്നു. ഈ ഫീൽഡിലെ ബുദ്ധിമുട്ടുകൾ എങ്ങിനെ കൈകാര്യം ചെയ്യാമെന്ന് പരിശീലനത്തിലൂടെ തങ്ങൾ പഠിച്ചു. ഈ മേഖലയിലെ ജോലിയിൽ പ്രവേശിച്ചതിലൂടെ സ്വപ്‌നം സാക്ഷാൽക്കരിക്കാൻ തുടങ്ങി. സൗദി വനിതകൾക്ക് ഭരണാധികാരികൾ നൽകുന്ന പിന്തുണയാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ തങ്ങൾക്ക് അവസരമൊരുക്കിയതെന്നും ശദി ബറകാത്ത് പറയുന്നു. 
വ്യോമയാന മേഖലയിൽ സൗദിയിൽ സമഗ്ര നാവിഗേഷൻ സംവിധാനമുണ്ട്. അന്താരാഷ്ട്ര തലത്തിലെ ഏറ്റവും നൂതനമായ ഉപകരണങ്ങളാണ് സൗദിയിലുള്ളത്. സൗദി എയർ നാവിഗേഷൻ സർവീസസ് കമ്പനിയാണ് സൗദിയിൽ എയർ നാവിഗേഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. രാജ്യത്ത് ജിദ്ദയിലും റിയാദിലുമായി രണ്ടു റീജ്യനൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളും 15 എയർ ട്രാഫിക് കൺട്രോൾ യൂനിറ്റുകളും അഞ്ചു മെയിന്റനൻസ് സെന്ററുകളുമുണ്ട്. 
സൗദിയിൽ ആദ്യത്തെ ഔദ്യോഗിക എയർപോർട്ട് ജിദ്ദയിൽ സ്ഥാപിച്ചതോടെ 1945 ലാണ് രാജ്യത്ത് എയർ ട്രാഫിക് കൺട്രോൾ സേവനം ആരംഭിച്ചത്. വ്യോമഗതാഗത വിവരങ്ങൾ കൈമാറ്റം ചെയ്യുന്ന സെന്ററാണ് ആദ്യമായി രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്. അമ്പതുകളിൽ വ്യോമഗതാഗതം പഠിക്കാൻ സൗദി വിദ്യാർഥികളെ സ്‌കോളർഷിപ്പോടെ കയ്‌റോയിലേക്ക് അയച്ചു. 1962 ൽ ജിദ്ദയിൽ എയർ നാവിഗേഷൻ ടെക്‌നിക്കൽ പരിശീലന ഇൻസ്റ്റിറ്റിയൂട്ട് ആരംഭിച്ചു. 2014 ൽ രാജ്യത്ത് എയർ ട്രാഫിക് കൺട്രോൾ മേഖലയിലെ ജോലികൾ പൂർണമായും സൗദിവൽക്കരിക്കുകയും ചെയ്തു. നിലവിൽ രാജ്യത്ത് എയർ ട്രാഫിക് കൺട്രോളർമാരായി 700 പുരുഷന്മാരും 26 വനിതകളും സേവനമനുഷ്ഠിക്കുന്നു.

Latest News