നൂറു രൂപയക്ക് കിട്ടും; കര്‍ഷകര്‍ക്കെതിരെ ട്വീറ്റ് ചെയ്ത നടി കംഗണക്ക് വക്കീല്‍ നോട്ടീസ്

ന്യൂദല്‍ഹി- കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ മോശം പരാമര്‍ശം നടത്തിയ നടി കംഗണ റണൗതിന് വക്കില്‍ നോട്ടീസ്.

നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്  ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയാണ് നോട്ടീസയച്ചത്. പഞ്ചാബില്‍നിന്നുള്ള കര്‍ഷകന്റെ പ്രായം ചെന്ന മാതാവിനെ കുറിച്ച് നടിയുടെ ട്വീറ്റ് വിവാദമായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ബില്‍ക്കീസ് ബാനുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു കംഗണയുടെ പരാമര്‍ശം. നൂറു രൂപയ്ക്ക് ലഭിക്കുന്ന സ്ത്രീയെന്നാണ് നടി വിശേഷിപ്പിച്ചത്. കര്‍ഷകരുടെ പ്രക്ഷോഭം ദേശവിരുദ്ധമെന്ന് ആക്ഷേപിക്കുകയും ചെയ്തു.

ട്വീറ്റ് പിന്‍വലിക്കുകയും നിരുപാധികം ക്ഷമ ചോദിക്കുകയും ചെയ്യണമെന്നാണ് ആവശ്യമെന്ന് ഡി.എസ്.ജി.എം.സി പ്രസിഡന്റ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച ബില്‍ക്കീസ് ബാനുവെന്ന് തെറ്റിദ്ധരിച്ച് ഷഹീന്‍ ബാഗ് ദാദിയും കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നുവെന്ന് ആദ്യം ട്വീറ്റ് ചെയ്ത കംഗണ  ബില്‍ക്കീസ് ബാനുവടക്കം രണ്ട് പ്രായം ചെന്ന സ്ത്രീകളുടെ ഫോട്ടോ സഹിതം ട്വീറ്റ് വീണ്ടും പങ്കുവെച്ചിരുന്നു.

ടൈം മാഗസിനില്‍ വന്ന അതേ ദാദി 100 രൂപക്ക് കിട്ടുമെന്നായിരുന്നു പുതിയ അടിക്കുറിപ്പ്.

 

 

Latest News