തൃശൂർ- ശക്തന്റെ തട്ടകം പിടിച്ചെടുക്കാൻ യു.ഡി.എഫും ബി.ജെ.പിയും കച്ച മുറുക്കിയിറങ്ങുമ്പോൾ തട്ടകത്തിന്റെ പിടിവിട്ടുകൊടുക്കാതിരിക്കാൻ സർവശക്തിയും സംഭരിച്ച് എൽ.ഡി.എഫ് പൊരുതുന്നു. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനുകളിലേക്കും പോരാട്ടം തീപ്പാറും.
പ്രചാരണത്തിൽ മുമ്പത്തേക്കാളും ബി.ജെ.പി വ്യക്തമായ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് ഡിവിഷനുകളിലെങ്ങും കാണുന്നത്. സംസ്ഥാന ദേശീയ നേതാക്കളെ ജില്ലയിൽ ആദ്യമെത്തിച്ചതിന്റെ ക്രെഡിറ്റും ബി.ജെ.പിക്കാണ്.
ഭരണം നിലനിർത്താമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അവസാന നിമിഷം വരെ സീറ്റു തർക്കത്തിൽ പെട്ട യു.ഡി.എഫ് വിമത ശല്യം കൊണ്ടും പൊറുതിമുട്ടുന്നുണ്ടെങ്കിലും ഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്.
കാലാവധി അവസാനിച്ച ഭരണസമിതിയിൽ ആകെയുള്ള 55 സീറ്റുകളിൽ എൽ.ഡി.എഫിന് 23 ഉം യു.ഡി.എഫിന് 21 ഉം ബി.ജെ.പിക്ക് ആറും സീറ്റുകളാണുണ്ടായിരുന്നത്. ഒരു കോൺഗ്രസ് വിമതൻ ഉൾപ്പെടെ അഞ്ച് സ്വതന്ത്രരും കൗൺസിലിലുണ്ടായിരുന്നു.
കണക്കുപ്രകാരം നേരിയ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് അഞ്ചു കൊല്ലം തൃശൂർ കോർപറേഷൻ ഭരിച്ചത്. ഇത്തവണ കോർപറേഷൻ നിലനിർത്താൻ കടുത്ത മത്സരം തന്നെയാണ് നടത്തേണ്ടി വരിക.
തലനാരിഴയ്ക്ക് കൈവിട്ടുപോയ ശക്തന്റെ തട്ടകത്തെ ഭരണം ഇക്കുറി എന്തായാലും തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം തറപ്പിച്ചു പറയുന്നത്. എന്നാൽ സ്ഥാനാർഥി നിർണയത്തിലുണ്ടായ കല്ലുകടികൾ യു.ഡി.എഫ് ക്യാമ്പിൽ സൃഷ്ടിച്ചിട്ടുള്ള അസ്വസ്ഥതകൾ ചെറുതല്ല. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് വ്യക്തമാണ്.
നേതൃത്വം ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടിട്ടുപോലും ചില കോൺഗ്രസ് സ്ഥാനാർഥികൾ സ്വയം പ്രഖ്യാപിച്ച സ്ഥാനാർഥിത്വത്തിൽ നിന്നു മാറാതെ വിമതരായി മത്സരിക്കുന്നത് ആ ഡിവിഷനുകളിലെ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്ക് കനത്ത ഭീഷണിയുയർത്തുന്നുണ്ട്.
വിമതരായി മത്സരിക്കുന്നവരെ പുറത്താക്കി നേതൃത്വം കടുത്ത നടപടിയെടുത്തിട്ടുണ്ടെങ്കിലും പോളിംഗിൽ ഇത് എത്രമാത്രം ആഘാതമുണ്ടാക്കുമെന്നതാണ് യു.ഡി.എഫിനെ അലട്ടുന്നത്.
മുമ്പത്തേക്കാളധികം വിമതശല്യം യു.ഡി.എഫിനെ, പ്രത്യേകിച്ച് കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പിൽ ഉറക്കം കെടുത്തുന്നുണ്ട്.
അതേ സമയം എൽ.ഡി.എഫ് സേയ്ഫ് സോണിലാണെന്ന് ഒരു തരത്തിലും പറയുക സാധ്യമല്ല. സി.പി.എമ്മിനകത്ത് പടലപിണക്കങ്ങൾ കുറവാണെങ്കിലും ഘടകക്ഷിയായ സി.പി.ഐയിൽ പൊട്ടിത്തെറി പരസ്യമായിട്ടാണ്.
സി.പി.ഐയിലെ വിമത ശല്യം എൽ.ഡി.എഫിനെ അങ്കലാപ്പിലാക്കുന്നുണ്ടെങ്കിലും അവരത് പ്രകടമാക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. മുന്നണിയിലേക്ക് വന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും ശ്രേയംസ് കുമാറിന്റെ ജനതാദളിനുമെല്ലാം സീറ്റ് വിഭജനത്തിൽ കടുത്ത അതൃപ്തിയുണ്ട്.
കോൺഗ്രസിലെ ഗ്രൂപ്പു തർക്കത്തിന് സമാനമായ തർക്കമാണ് സി.പി.ഐയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായത്. വിമതരെ പുറത്താക്കിക്കൊണ്ടു മാത്രമേ സി.പി.ഐക്ക് തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിഞ്ഞുള്ളൂ. എന്നാൽ പുറത്തുപോയവർക്കൊപ്പം വോട്ടും പോകുമെന്ന ആശങ്ക സി.പി.ഐക്കും എൽ.ഡി.എഫിനും വേണ്ടുവോളമുണ്ട്.
ബി.ജെ.പിക്കും വിമതർ പ്രശ്‌നം തന്നെയാണ്. സീറ്റു നിഷേധിക്കപ്പെട്ടവർ ബി.ജെ.പി വോട്ടു മറിക്കാനായി നടത്തുന്ന തന്ത്രങ്ങൾ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. എൽ.ഡി.എഫ് ക്യാമ്പിലേക്കാണ് സീറ്റു നിഷേധിക്കപ്പെട്ടവർ തന്ത്രങ്ങൾ മെനയാൻ എത്തിയതെന്നതാണ് കൗതുകം. സീറ്റു നിഷേധിക്കപ്പെട്ടവർ പരസ്യമായി രംഗത്തുവന്നതോടെ പല ഡിവിഷനുകളിലും ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ടു ചോർച്ച ഭീഷണിയുണ്ട്.
സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങൾ ഇടതുപക്ഷവും കോട്ടങ്ങൾ യു.ഡി.എഫും, ബി.ജെ.പിയും പ്രചാരണവിഷയങ്ങളാക്കുന്നതിന് പുറമെ കോർപറേഷനിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ എൽ. ഡി.എഫിനെതിരെയുള്ള മറ്റു മുന്നണികളുടെ പ്രധാന പ്രചാരണ ആയുധമാണ്.
അതേസമയം ദിവാൻജി മൂല മേൽപാലവും നഗരത്തിലെ റോഡുകളിൽ പലതും മെച്ചപ്പെടുത്തിയതും നഗരത്തിലെ കുപ്പിക്കഴുത്തെന്നറിയപ്പെട്ടിരുന്ന പഴയ പട്ടാളം മാർക്കറ്റ് റോഡിന്റെ വികസനത്തിന് വേണ്ടി പോസ്‌റ്റോഫീസ് കെട്ടിടം പൊളിച്ചുമാറ്റി കാലങ്ങളായുള്ള സ്തംഭനാവസ്ഥ ഒഴിവാക്കിയതും എൽ.ഡി.എഫിന് നേട്ടമാണ്. എന്നാൽ ഇത് തങ്ങളുടെ കാലത്ത് തുടങ്ങിവെച്ചതാണെന്ന വാദം യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്.
മനോഹരമായ രീതിയിൽ വടക്കേ ബസ് സ്റ്റാൻഡ് ഹബ് തുറന്നുകൊടുത്തതും എൽ.ഡി.എഫിന് അഭിമാനിക്കാവുന്ന നേട്ടമായി വോട്ടു തേടലിൽ ഉന്നയിക്കാവുന്ന മികവായി. ലാലൂർ ട്രഞ്ചിംഗ് ഗ്രൗണ്ടിനെ മാലിന്യമുക്തമാക്കി അവിടെ ഐ.എം. വിജയൻ കായിക സമുച്ചയം നിർമിക്കുന്നതും അക്വാട്ടിക് കോംപ്ലെക്‌സ് നവീകരിച്ചതും ശക്തനിലെ ആകാശ നടപ്പാതയുമെല്ലാം ഇടതുപക്ഷം തങ്ങളുടെ നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നു.
എന്നാൽ വ്യാജ രേഖ ചമയ്ക്കൽ, കള്ള മിനിറ്റ്‌സ്, വൈദ്യുതി വിഭാഗത്തിലെ ചെമ്പുകമ്പി മോഷണം, ജലവിതരണ വിഭാഗത്തിലെ ബാറ്ററി മോഷണം എന്നിവ എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് ഉന്നയിക്കുന്ന പ്രചരണായുധങ്ങളാണ്.
എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥനാർഥി എം.കെ. മുകുന്ദന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്. കോർപറേഷനിലെ പ്രതിപക്ഷ നേതാവായിരുന്ന മുകുന്ദൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷ പാളയത്തിലേക്ക് വന്നതായിരുന്നു. കൊച്ചനിയിൽ കൊലക്കേസിലെ പ്രതിപ്പട്ടികയിൽ നേരത്തെ ഉൾപ്പെട്ടിരുന്ന പിന്നീട് കുറ്റവിമുക്തനാക്കിയ മുകുന്ദനെ ഒപ്പം ചേർക്കുന്നതിലും സീറ്റു നൽകുന്നതിലും ഇടതുപക്ഷത്തെ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നുവെങ്കിലും മുന്നണി വിട്ടു വന്ന മുകുന്ദനെ കൈവിടാതെ പിടിക്കാനായിരുന്നു സി.പി.എം തീരുമാനം. എന്നാൽ മുകുന്ദന്റെ മരണം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.
സംവരണ വാർഡുകൾ മാറി മറിഞ്ഞതോടെ പല സ്ഥാനാർഥികൾക്കും മേൽക്കോയ്മയുള്ള ഡിവിഷൻ വിട്ട് പരിചയമില്ലാത്ത മറ്റു ഡിവിഷനുകളിലേക്ക് പോകേണ്ടി വന്നത് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. സീറ്റിനു വേണ്ടിയും ഡിവിഷനു വേണ്ടിയും കടുംപ്പിടിത്തം പിടിച്ച മുന്നണികളിലെ സ്ഥാനാർഥികൾ ഒടുവിൽ കിട്ടിയ സീറ്റുകൊണ്ട് മത്സരിക്കാനിറങ്ങുമ്പോൾ ഇറക്കുമതി സ്ഥാനാർഥികൾക്കെതിരെ പണി വരുമെന്ന സൂചനയാണ് പരക്കെയുള്ളത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജകമണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. സുരേഷ്‌ഗോപിയുടെ താരപ്രഭാവമാണ് അതിനു പിന്നിലെന്ന് ബി.ജെ.പി സമ്മതിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിനെ തൃശൂർ നിയോജകമണ്ഡലത്തിൽ മൂന്നാമതാക്കിയെന്നത് ചെറിയ കാര്യമല്ലെന്നും ജനങ്ങൾ മാറി ചിന്തിക്കുന്നതിന്റെ അടയാളം തന്നെയാണെന്നും ഇത്തവണയും അത് പ്രതിഫലിക്കുമെന്നും ബി.ജെ.പി നേതൃത്വം പറയുന്നു.
പ്രധാന മുന്നണികൾക്കൊപ്പം പല ഡിവിഷനുകളിലും സ്വതന്ത്ര സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. വിമതരും സ്വതന്ത്രരുമെല്ലാം ചേർന്ന് വോട്ടുകൾ പലവഴിക്കു കൊണ്ടുപോകുമ്പോൾ നേരിയ ഭൂരിപക്ഷത്തിന് മാത്രായിരിക്കും പല സ്ഥാനാർഥികളുടേയും വിജയം. ജയപരാജയങ്ങളുടെ വഴുക്കലുള്ള വരമ്പത്തുകൂടെയാണ് തൃശൂർ കോർപറേഷനിലെ സ്ഥാനാർഥികളുടെ യാത്ര.