Sorry, you need to enable JavaScript to visit this website.

ബുറേവി ചുഴലിക്കാറ്റ്: കേരളത്തിൽ പ്രളയ സാഹചര്യം പ്രതീക്ഷിക്കുന്നില്ല

തിരുവനന്തപുരം- ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുമ്പോൾ വലിയ പ്രളയ സാഹചര്യം പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റു പ്രതീക്ഷിക്കാം. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. 
കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ സംസ്ഥാനത്തെ തയാറെടുപ്പുകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുകയും ആവശ്യമായ തയാറെടുപ്പ് നിർദേശങ്ങൾ നൽകുകയും ചെയ്തു. ഡിസംബർ രണ്ടിന് വൈകിട്ട് സംസ്ഥാന റിലീഫ് കമ്മീഷണർ ജില്ലാ കലക്ടർമാരുടെ അവലോകന യോഗം ചേർന്ന് തയാറെടുപ്പുകൾ വിലയിരുത്തി. 


ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വ്യാഴാഴ്ച രാവിലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായും സംസാരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്തു സഹായവും നൽകാൻ തയാറാണെന്നും ഏതു പ്രശ്‌നമുണ്ടായാലും വിളിക്കാൻ മടിക്കേണ്ടതില്ലെന്നും അമിത് ഷാ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള സേനകളുടെ സ്ഥിതിയും സ്വീകരിച്ച നടപടികളും അദ്ദേഹത്തെ അറിയിച്ചു.
ശക്തമായ കാറ്റിൽ മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്കും കെട്ടിടങ്ങൾക്കും അപകടങ്ങൾ സംഭവിക്കാം. മരം, പോസ്റ്റുകൾ, വൈദ്യുത കമ്പികൾ, ബോർഡുകൾ തുടങ്ങിയവയെല്ലാം പൊട്ടിവീണുള്ള അപകടങ്ങൾ പ്രതീക്ഷിക്കാം. ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നത് വരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2020 നവംബർ 28 നുതന്നെ ചുഴലിക്കാറ്റ് രൂപീകരണ സാധ്യത മനസ്സിലാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.


മുന്നറിയിപ്പുകളും തയാറെടുപ്പ് നിർദേശങ്ങളും ജില്ലാ ദുരന്ത നിവരാണ അതോറിറ്റികൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നൽകി. നവംബർ 30 ന് അർദ്ധരാത്രിയോടുകൂടി മത്സ്യബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി. കടലിൽ പോയവരെ തിരിച്ചെത്തിക്കാൻ നടപടികൾ ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി. മത്സ്യബന്ധന ഗ്രാമങ്ങളിലും ഹാർബറുകളിലും അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള നടപടികൾ വഴി തീരദേശ ജനതയിലേക്ക് മുന്നറിയിപ്പ് എത്തിച്ചു. മുന്നറിയിപ്പ് പ്രഖ്യാപിച്ച ഏഴ് ജില്ലകളിലും കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവലോകന യോഗം ചേർന്നു. 


പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ സർവീസ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാ സേനകൾ സജ്ജമാക്കി ആവശ്യമായ ഇടങ്ങളിൽ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ടു ടീമുകളെ വിവിധ ജില്ലകളിലായി വിന്യസിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഓരോ ടീമിനെ വീതവും ഇടുക്കിയിൽ രണ്ട് ടീം എൻ.ഡി.ആർ.എഫിനെയുമാണ് വിന്യസിച്ചിട്ടുള്ളത്. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്‌സഡ് വിംഗ് എയർക്രാഫ്റ്റും തയാറാക്കി നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 
അടിയന്തര സാഹചര്യങ്ങളിൽ കടലിൽ രക്ഷാപ്രവർത്തനം നടത്താൻ നാവികസേനയോട് അറബിക്കടലിൽ 30 നോട്ടിക്കൽ മൈൽ അകലെയായി കപ്പലുകൾ തയാറാക്കി നിർത്താൻ ആവശ്യപ്പെട്ടു. ആർമിയോടും അർദ്ധ സൈനിക വിഭാഗങ്ങളോടും സജ്ജരായി ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


മുന്നറിയിപ്പുള്ള ജില്ലകളിൽ സുരക്ഷ മുൻനിർത്തി ആളുകളെ മാറ്റി താമസിപ്പിക്കാൻ 2891 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. 
സംസ്ഥാന തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപറേഷൻസ് സെൻററും ജില്ലകളിൽ ഡിസ്ട്രിക്ട് എമർജൻസി ഓപറേഷൻസ് സെന്ററുകളും താലൂക്ക് കണ്ട്രോൾ റൂമുകളും 24 മണിക്കൂറും പൂർണ സജ്ജമായി പ്രവർത്തിക്കുന്നു. ഓരോ മൂന്ന് മണിക്കൂറിലും പൊതുജനങ്ങൾക്കും മറ്റ് സംവിധാനങ്ങൾക്കുമായി ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങൾ ദുരന്ത നിവാരണ അതോറിറ്റി നൽകുന്നുണ്ട്.


വൈദ്യുതി വിതരണം, ശബരിമല തീർത്ഥാടനം, അണക്കെട്ടുകൾ തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓരോ അപ്‌ഡേറ്റുകളുടെയും അടിസ്ഥാനത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം എത്താൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ഭൂപടവും തയാറാക്കി ദുരന്ത നിവാരണ അതോറിറ്റി വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നുണ്ട്. ടെലികോം ഓപറേറ്റർമാരോട് കമ്യൂണിക്കേഷൻ ഓൺ വീൽസ് സൗകര്യം തയാറാക്കി വെക്കാനും ഡീസൽ ജനറേറ്ററുകൾ ടവറുകളിൽ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.


 

Latest News