ഷാര്‍ജയില്‍ 487 പള്ളികള്‍ ജുമുഅ നമസ്‌കാരത്തിന് തുറക്കും

ഷാര്‍ജ- കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ പള്ളികള്‍ നമസ്‌കാരങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ ഷാര്‍ജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നാലിന് ഷാര്‍ജയില്‍ 487 പള്ളികളാണ് ജുമുഅ നമസ്‌കാരത്തിനായി തുറക്കുന്നത്. ഷാര്‍ജയില്‍ 327, സെന്‍ട്രല്‍ റീജയനില്‍ 92, ഈസ്‌റ്റേണ്‍ റീജിയനില്‍ 68 എന്നിങ്ങനെയാണ് തുറക്കുന്ന പള്ളികളുടെ എണ്ണം.
കോവിഡ് വ്യാപനഭീതി വിട്ടകലാത്ത സാഹചര്യത്തില്‍ പൂര്‍ണമായും ആരോഗ്യസുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം വിശ്വാസികള്‍ പള്ളിയിലെത്തേണ്ടതെന്ന ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വന്തമായി നമസ്‌കാരപടം കയ്യില്‍ കരുതുക, മാസ്‌ക് ധരിക്കുക, രണ്ട് മീറ്റര്‍ ദൂരം പാലിക്കുക, പള്ളികളില്‍ സുരക്ഷാ നോട്ടീസുകള്‍ പതിക്കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.
അതേസമയം, അറബേതര വിശ്വാസികള്‍ക്കായി ഉര്‍ദു, മലയാളം, തമിഴ്, പഷ്‌തോ, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രഭാഷണങ്ങള്‍ നല്‍കുന്ന പള്ളികളും ഒരുക്കിയതായി ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

 

Latest News