Sorry, you need to enable JavaScript to visit this website.

കൊടുംശൈത്യത്തെ നേരിട്ട് സമരാഗ്നി

അതിരൂക്ഷമായ തണുപ്പിനെ സമരാഗ്നി കൊണ്ട് നേരിടുകയാണ് തലസ്ഥാന നഗരിയിൽ പോരാടുന്ന കർഷകർ. അടുത്തു പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കുക എന്ന ഒറ്റ ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. 21 കർഷക സംഘടനകളാണ് സമരത്തെ നിയന്ത്രിക്കുന്നത്.   
പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കർഷകരും തലസ്ഥാനത്തെത്തിയിരിക്കുന്നത്. കൂടാതെ മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് പതിനായിരക്കണക്കിനു പേർ എത്തിയിട്ടുണ്ട്. ഒപ്പം ആയിരക്കണക്കിനു ട്രാക്ടറുകളും. അറസ്റ്റുകളേയും കണ്ണീർവാതക ഷെല്ലുകളേയും ലാത്തികളേയും കിടങ്ങുകളേയുമെല്ലാം അതിജീവിച്ചാണ് ഇവരെല്ലാം സമര ഭൂമിയിൽ എത്തിയത്. 


മൂന്ന് മാസക്കാലത്തേക്കുള്ള ഭക്ഷണ സാധാനങ്ങളും വെള്ളവും തങ്ങൾ കരുതിയിട്ടുണ്ടെന്നും അവർ പറയുന്നു. തടയുന്ന പോലീസിനു പോലും അവർ ഭക്ഷണം കൊടുക്കുന്ന ചിത്രങ്ങൾ രാജ്യം മുഴുവൻ കണ്ടതാണല്ലോ. മഹേന്ദ്ര സിംഗ് ടികായത്തിന്റെ നേതൃത്വത്തിൽ ദശകങ്ങൾക്കു മുമ്പ് നടന്ന കർഷക പ്രക്ഷോഭത്തെയാണ് ഈ പ്രക്ഷോഭം ഓർമിപ്പിക്കുന്നത്. കൂടാതെ കോവിഡിനെ തുടർന്ന് നിർത്തിവെക്കേണ്ടി വന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തേയും.


കാർഷിക മേഖലയെ കോർപറേറ്റുകളുടെ കൈകളിലെത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ റദ്ദാക്കുന്നതോടൊപ്പം തങ്ങളുടെ ഉൽപന്നങ്ങൾക്ക് മതിയായ താങ്ങുവില ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പഞ്ചാബിൽ നിന്നാണ് ഈ ഐതിഹാസിക സമരം പൊട്ടിപ്പുറപ്പെട്ടത്.  പാർലമെന്റ് പാസാക്കിയ നിയമങ്ങൾ കർഷക വിരുദ്ധം മാത്രമല്ല,  ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതുമാണെന്ന് ആദ്യം പ്രഖ്യാപിച്ചത് പഞ്ചാബിലെ കോൺഗ്രസ് സർക്കാരാണ്. എൻ.ഡി.എ മുന്നണിയിൽ  സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളിന് മുന്നണി വിടേണ്ടിവന്നു. അതേസമയം പഞ്ചാബിനോട് ചേർന്ന ഹരിയാനാ സർക്കാരാകട്ടെ, സമരത്തെ തകർക്കാൻ തുടക്കം മുതൽ ശ്രമിക്കുകയായിരുന്നു. അവസാനം ഹരിയാനാ മുഖ്യമന്ത്രിയുടെ ഫോൺ പോലും എടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവന്നു. വ്യാവസായിക ഉൽപന്നങ്ങളും കയറ്റുമതി ചരക്കുകളും പുറത്തേക്ക് അയയ്ക്കാനാവാതെയും  തെർമൽ ഊർജ നിലയങ്ങളിലേക്ക് കൽക്കരി ലഭിക്കാതെയും വീർപ്പുമുട്ടിയപ്പോഴാണ് കർഷകർ പ്രക്ഷോഭം രാഷ്ട്ര തലസ്ഥാനത്തേക്ക് മാറ്റിയത്.

 

ഹരിയാനാ സർക്കാർ മാത്രമല്ല, യു.പി സർക്കാരും സമരത്തെ തകർക്കാൻ കേന്ദ്രത്തിന്റെ തോളോട് തോൾ ചേർന്നു. മതത്തിന്റെ പേരിൽ കർഷകരെ വിഭജിക്കാനായിരുന്നു യു.പി സർക്കാരിന്റേയും ബി.ജെ.പിയുടേയും ശ്രമം. എന്നാലത് വിലപ്പോയില്ല എന്നതിന്റെ  തെളിവാണ് കഴിഞ്ഞ ദിവസം  പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ, 90 കഴിഞ്ഞ പൗരത്വ പ്രക്ഷോഭ സമരനായിക  ബിൽകിസ് ബാനു. എന്നാൽ ആ വന്ദ്യവയോധികയെ പോലും തടയുകയായിരുന്നു പോലീസ് ചെയ്തത്. എല്ലാ കുതന്ത്രങ്ങളേയും വെല്ലുവിളിച്ചാണ് ദൽഹിയിൽ കർഷക പോരാട്ടം മുന്നോട്ടു പോകുന്നത്. 
 മോഡി സർക്കാരിന്റെ കർഷകർക്കെതിരെയുള്ള സർജിക്കൽ സ്ട്രൈക്കാണ് ഈ നിയമങ്ങൾ. സമ്പദ്ഘടന മരവിച്ച് മന്ദീഭവിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഈ നീക്കമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഒരു വശത്ത് വർഗീയ രാഷ്ട്രീയം, മറുവശത്ത് വൻകിട കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കൽ. ഇതാണല്ലോ മോഡിയുടെ രാഷ്ട്രീയം.  കോവിഡ് കാലത്തു തന്നെ  ഖനികളെല്ലാം കോർപറേറ്റുകളെ ഏൽപിക്കാനുള്ള പ്രഖ്യാപനമുണ്ടായല്ലോ.  1955 ലെ അവശ്യ സാധന നിയമം ഭേദഗതി ചെയ്യുക, കരാർ കൃഷിക്ക് പുതിയ നിയമം കൊണ്ടുവരിക തുടങ്ങി രാജ്യത്തിന്റെ സർവ മേഖലകളും കൂടുതലായി കോർപറേറ്റുകൾക്ക് തുറന്നു കൊടുക്കുകയാണ് സർക്കാർ പ്രഖ്യാപിച്ച പാക്കേജിലുണ്ടായിരുന്നത്. അവശ്യ വസ്തുക്കൾ പരിധിയില്ലാതെ കോർപറേറ്റുകൾക്കും വൻകിട ഇടനില കച്ചവടക്കാർക്കും പൂഴ്ത്തിവെക്കാനും  കരിഞ്ചന്ത കച്ചവടം നടത്താനും കഴിയുന്നു.  കോർപറേറ്റുകളുടെ കരാർ കൃഷി വ്യാപിച്ചു കൊണ്ടിരിക്കുന്നു. വിദേശങ്ങളിൽ ലക്ഷക്കണക്കിന് ഏക്കർ കോർപറേറ്റുകൾ കൃഷി ചെയ്ത് കാർഷികോൽപന്നങ്ങൾ രാജ്യത്തിനകത്തേക്ക് തള്ളുന്നു. ഈ സാഹചര്യത്തിലാണ് ഈ കാർഷിക നിയമങ്ങളും അടിച്ചേൽപിക്കുന്നത്. 


മറ്റൊരു സൂക്ഷ്മ രാഷ്ട്രീയവും ഇതിനു പിറകിലുണ്ട്. തങ്ങളുടെ മതരാഷ്ട്ര വാദത്തിനും കോർപറേറ്റ് സേവക്കും ഏറ്റവും തടസ്സമാണ് ഇന്ത്യയിൽ പേരിനെങ്കിലും നിലനിൽക്കുന്ന ഫെഡറലിസം എന്ന് സംഘപരിവാർ ശക്തികൾക്ക് വ്യക്തമായി അറിയാം. അതിനാൽ തന്നെ ഫെഡറലിസം എന്ന ആശയത്തെ തകർക്കാനുള്ള നീക്കങ്ങളാണ് സമീപകാലത്ത് ഭരണകൂടം ശക്തമാക്കിയിരിക്കുന്നത്. ഒരു രാഷ്ട്രം എന്നു തുടങ്ങുന്ന മുദ്രാവാക്യങ്ങളെല്ലാം അതിന്റെ സൂചനകളാണ്.  ഒരു ഭാഷ, ഒരു ജനത, ഒരു സംസ്‌കാരം, ഒരു മതം, ഒരു നികുതി, ഒരു പെൻഷൻ, ഒരു വോട്ട്, ഒരു വിപണി എന്നിവയെല്ലാം ഉദാഹരണങ്ങൾ. അതിനാൽ ഇവക്കെല്ലാമെതിരായ പോരാട്ടങ്ങൾ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്. അതു കൂടിയാണ് ഈ കർഷക സമരത്തിന്റെ ചരിത്രപരമായ മറ്റൊരു പ്രസക്തി.


ഈ ചരിത്ര പോരാട്ടത്തിൽ കേരളത്തിന്റെ പങ്കും പരിശോധിക്കേണ്ടതാണ്. സമരം മുഴുവൻ നടത്തുന്നത് തങ്ങളാണെന്ന രീതിയിൽ പല ഇടതുപക്ഷ സംഘടനകളും വ്യാപകമായി പ്രചരിപ്പിക്കുന്നു. വിശാലമായ സമര സമിതിയിൽ ഉണ്ടെന്നല്ലാതെ, സമരത്തിന്റെ യഥാർത്ഥ നിയന്ത്രണം ഇടതുപക്ഷത്തിന്റേതൊന്നുമല്ല എന്നത് വ്യക്തമാണ്. ഈ പ്രചാരണങ്ങൾ നടത്തുമ്പോഴും നന്ദിഗ്രാം മുതൽ കീഴാറ്റൂർ വരെയുള്ള കർഷക സമരങ്ങളോട് സ്വീകരിച്ച നിലപാടുകൾ പുനഃപരിശോധിക്കാൻ  ഇവർ തയാറാകുന്നില്ല. കമ്യൂണിസ്റ്റുകാർ ശത്രുക്കളായി കാണുന്ന വൻകിട ഭൂവുടമ
കേരളവുമായി ബന്ധപ്പെട്ട് മറ്റൊന്നു കൂടി പറയാതെ വയ്യ. ഈ മഹാപ്രക്ഷോഭത്തിൽ മലയാളികളുടെ പങ്കാളിത്തം തുലോം തുഛമാണ്. രാജ്യത്തിന്റെ ഒരറ്റത്താണ് നമ്മൾ എന്നതല്ല അതിന്റെ പ്രധാന കാരണം. മറിച്ച് ഇവിടെ യഥാർത്ഥ കർഷകർ വളരെ തുഛമാണ് എന്നതാണ്. ഒരു കാലത്തും കർഷകരെ പരിഗണിക്കാതെ നടത്തിയ വികസന നയങ്ങൾ നമ്മുടെ കാർഷിക മേഖലയേയും കൃഷിക്കാരേയും എന്നേ തകർത്തുകഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ അവകാശ വാദങ്ങളിലും അഭിവാദ്യമർപ്പിക്കലിലും പ്രൊഫൈൽ പടം മാറ്റലിലുമൊക്കെയായി നമ്മുടെ പങ്കാളിത്തം ഒതുങ്ങുന്നു. 
വാസ്തവത്തിൽ നമ്മൾ എന്നും ഇങ്ങനെ തന്നെ ആയിരുന്നു.

 

നക്സൽബാരിക്കു ശേഷം രാജ്യമെങ്ങും അലയടിച്ച കർഷക - വിദ്യാർത്ഥി സമരങ്ങളിൽ കേരളത്തിനു വലിയ റോളൊന്നും ഉണ്ടായിരുന്നില്ല.  1970 കളിൽ ജയപ്രകാശ് നാരായണന്റെ  നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ, വിദ്യാർത്ഥി - യുവജന സമരങ്ങളുടെ കാലത്തും അങ്ങനെ തന്നെ. രാജ്യം മുഴുവൻ അടിയന്തരാവസ്ഥക്കെതിരെ വോട്ട് ചെയ്തപ്പോൾ നമ്മളതിനെ അംഗീകരിച്ചു.   പല സംസ്ഥാനങ്ങളിലും അലയടിച്ച ഫെഡറലിസത്തിനായുള്ള ദേശീയ, ഭാഷാ സമരങ്ങളുടെ കാലവും വ്യത്യസ്തമല്ല.  സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമായ മണ്ഡൽ കമ്മീഷനനുകൂലമായി വലിയ ശബ്ദമൊന്നും ഇവിടെ കേട്ടില്ല. തുടർന്നുണ്ടായ പിന്നോക്ക - ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും കേരളത്തിൽ കാര്യമായ വേരുകളുണ്ടായില്ല. ബാബ്‌രി മസ്ജിദ് തകർത്തപ്പോഴും കശ്മീരിന്റെ അവകാശങ്ങൾ എടുത്തുകളഞ്ഞപ്പോഴും പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങളിലും നമ്മുടെ പങ്കാളിത്തം നാമമാത്രമായിരുന്നു.  നോർത്ത് ഈസ്റ്റിലും മറ്റും സജീവമായ ആദിവാസി സമരങ്ങൾ നടക്കുമ്പോഴും നമ്മുടെ ആദിവാസികൾ തീരാദുരിതങ്ങളിൽ തുടരുകയാണ്. 
അതിന്റെയെല്ലാം തുടർച്ച തന്നെയാണ് ഇപ്പോൾ  കർഷക സമരങ്ങളിൽ നമ്മുടെ കാര്യമായ പങ്കാളിത്തമില്ലാത്തതിനു കാരണം. രാഷ്ട്രീയ പ്രബുദ്ധത എന്നതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദം മാത്രം. 

Latest News