പിടിച്ചുവെച്ച 100 കോടി ഡോളര്‍ നികുതി വിഹിതം ഇസ്രായില്‍ ഫലസ്തീന് കൈമാറി

റാമല്ല- ഇസ്രായില്‍ പിടിച്ചുവെച്ച 100 കോടി ഡോളര്‍ ഫലസ്തീന്‍ അതോറിറ്റിക്ക് വിട്ടുനല്‍കിയതായി ഫലസ്തീന്‍ മന്ത്രി വെളിപ്പെടുത്തി.


സാമ്പത്തിക കുടിശ്ശികകള്‍ ഫലസ്തീന്‍ അതോറിറ്റിയുടെ അക്കൗണ്ടിലേക്ക് ഇസ്രായില്‍ സര്‍ക്കാര്‍ മാറ്റിയതായി സിവില്‍ അഫയേഴ്‌സ് മന്ത്രി ഹുസൈന്‍ അല്‍ ശൈഖ് ട്വീറ്റ് ചെയ്തു.

അതോറിറ്റക്ക് വേണ്ടി ജൂതരാഷ്ട്രം ശേഖരിക്കുന്ന കസ്റ്റംസ് തീരുവയും നികുതികളുമാണ് നേരത്തെ പിടിച്ചുവെച്ചിരുന്നത്. ഇരു ഭാഗം തമ്മില്‍ ഏകോപനവും സഹകരണവും പുനസ്ഥാപിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ഇസ്രായിലിന്റെ നടപടി.


വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള ഇസ്രായില്‍ പദ്ധതികളില്‍ പ്രതിഷേധിച്ച് ഇസ്രായിലുമായുള്ള ഏകോപനം നിര്‍ത്തിവെക്കുകയാണെന്ന്  കഴിഞ്ഞ മെയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ് മൂദ് അബ്ബാസ് പ്രഖ്യാപിച്ചിരുന്നു.  
ഓഗസ്റ്റില്‍  യു.എ.ഇയുമായി ബന്ധം സാധാരണ നിലയിലാക്കിയ കരാറിന്റെ ഭാഗമായി വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുളള പദ്ധതയില്‍നിന്ന് ഇസ്രായില്‍ പിന്മാറി.


ഇസ്രായിലുമായി സഹകരണം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ഇസ്രായില്‍ ശേഖരിക്കുന്ന നികുതി സ്വീകരിക്കുന്നതും ഫലസ്തീന്‍ അതോറിറ്റി നിര്‍ത്തിവെച്ചിരുന്നു.


ജൂത രാഷ്ട്രവുമായുള്ള ഏകോപനം പുനസ്ഥാപിക്കുന്നതായി അതോറിറ്റി കഴിഞ്ഞ മാസമാണ് അറിയിച്ചത്. അതോറിറ്റിക്ക് പണം കൈമാറാന്‍ ഇസ്രായിലിന്റെ സെക്യൂരിറ്റി കാബിനറ്റ് തീരുമാനിച്ചതായി ഇസ്രായില്‍ ഉദ്യോഗസ്ഥന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

കടുത്ത ബജറ്റ് പ്രതിസന്ധിയുടെ പിടിയിലായിരിക്കുന്ന ഫലസ്തീന്‍ സമ്പദ് ഘടന നേരിടുന്ന സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ഫണ്ടുകളില്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശതയ്യ തിങ്കളാഴ്ച പറഞ്ഞിരുന്നു.

 

Latest News