കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്കു മുമ്പ് അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂദല്‍ഹി-ഒരാഴ്ച പിന്നിടുന്ന ദല്‍ഹി ചലോ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നടത്തുന്ന ചര്‍ച്ചയ്ക്കു മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി കൂടിക്കാഴ്ച നടത്തും. ശേഷമായിരിക്കും കര്‍ഷക സംഘടനാ പ്രതിധനിധികളുമായി കേന്ദ്രം ചര്‍ച്ച നടത്തുക. ഇന്ന് നടക്കുന്ന ചര്‍ച്ച പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം നാലാമത്തേതാണ്. ചൊവ്വാഴ്ച നടന്ന ചര്‍ച്ച പാളിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം കര്‍ഷകര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് അമിത് ഷായും മറ്റു കേന്ദ്ര മന്ത്രിമാരും നേതൃത്വം നല്‍കിയ ചര്‍ച്ച പൊളിഞ്ഞത്. കാര്‍ഷിക രംഗത്ത് ചരിത്രപരമായ പരിഷ്‌ക്കരണം എന്നു സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
 

Latest News