നിലമ്പൂർ- മൂർഖനെ പിടിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിവാൽ പിടിച്ചു. ക്ഷേത്രത്തിലെ സർപ്പകാവിലെ പാമ്പായതിനാൽ അവിടെ തന്നെ തിരിച്ചു വിടണമെന്ന ആവശ്യമുയർന്നതാണ് തലവേദനയായത്. തിങ്കളാഴ്ച രാത്രിയാണ് ചാലിയാർ പഞ്ചായത്തിലെ മൊടവണ്ണ കുട്ടിച്ചാത്തൻ കാവിനു സമീപമുള്ള കൂരിക്കാടൻ രാജേന്ദ്രന്റെ വീടിനു പുറത്തുനിന്നു ആറര അടി നീളവും 3.4 കിലോഗ്രാം തൂക്കമുള്ള വലിയ പുല്ലാനി മൂർഖനെ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ നിലമ്പൂർ മേഖലയിലെ പാമ്പുപിടിത്ത വിദഗ്ധനും നിലമ്പൂർ ആർ.ആർ.ടിയിലെ വാച്ചറുമായ ചക്കിങ്ങതൊടിക അബ്ദുൾ അസീസിനെ വിവരമറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രമേശനൊപ്പം സ്ഥലത്തെത്തിയ അസീസ് പാമ്പിനെ പിടികൂടി വനംവകുപ്പിന്റെ നിലമ്പൂർ അരുവാക്കോടുള്ള ആർ.ആർ.ടി ഓഫീസിലെത്തിച്ചു. തുടർന്നു പാമ്പിനെ ചൊവ്വാഴ്ച ഉൾവനത്തിലേക്കു വിടാനിരിക്കെ മൊടവണ്ണ കുട്ടിച്ചാത്തൻകാവിലെ സർപ്പ കാവിലുള്ള പുല്ലാനി മുർഖനെയാണ് പിടികൂടിയതെന്നറിയിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ രംഗത്ത് വന്നു. ഈ പാമ്പിന് പാലും മുട്ടയും ദിവസവും നൽകാറുണ്ടെന്നും കമ്മിറ്റിക്കാർ അറിയിച്ചു. അബ്ദുൽ അസീസിനോട് പാമ്പിനെ സർപ്പക്കാവിൽ വിടാനും ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ഡി.എഫ്.ഒയെ അറിയിക്കാൻ അസീസ് നിർദേശിച്ചു. തുടർന്ന് കമ്മിറ്റിക്കാർ നിലമ്പൂർ നോർത്ത് ഡിവിഷൻ ഡി.എഫ്.ഒ മാർട്ടിൻ ലോയലുമായി സംസാരിച്ച് രേഖാമൂലം ഒപ്പിട്ടു നൽകിയതോടെ പുല്ലാനി മൂർഖനെ അസീസിന്റെ നേതൃത്വത്തിൽ വനപാലകർ മൊടവണ്ണ കുട്ടിച്ചാത്തൻകാവിൽ വിട്ടയച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 1607 വിഷപ്പാമ്പുകളെ അബ്ദുൽ അസീസ് പിടികൂടിയിട്ടുണ്ട്. ഇതിൽ 30 രാജവെമ്പാലയും ഉൾപ്പെടും.






