Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടന്‍ സായ്കുമാറിന്റെ മകള്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക്; വിശേഷങ്ങളുമായി വൈഷ്ണവി

പ്രമേയ വൈവിധ്യം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ, സീ കേരളം അവതരിപ്പിക്കുന്ന പുതിയ സീരിയല്‍ 'കൈയ്യെത്തും ദൂരത്ത്' മറ്റൊരു സവിശേഷത കൊണ്ടു കൂടി ശ്രദ്ധേയമായിരിക്കുകയാണ്. യുവനടി വൈഷ്ണവിയുടെ അരങ്ങേറ്റം ഈ പരമ്പരയിലൂടെയാണ്. സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വൈഷ്ണവി നടന്‍ സായ്കുമാറിന്റെ മകളും ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകളുമാണ്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്. കൂടാതെ കുടുംബത്തിലെ പലരും മലയാള ടിവി, സിനിമാ അഭിനയ രംഗത്ത് സജീവമായുണ്ട്. തന്റെ അഭിനയ അരങ്ങേറ്റത്തെ കുറിച്ചും സീ കേരളം കുടുംബത്തിലേക്കുള്ള വരവിനെ കുറിച്ചും വൈഷ്ണവി ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറക്കുന്നു.

'കൈയ്യെത്തും ദൂരത്തി'ലെ റോള്‍ ഏറ്റെടുക്കാനുണ്ടായ പ്രേരണ എന്തായിരുന്നു? ജീവിതത്തില്‍ ഈ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അഭിനയ രംഗത്തേക്കു വരാനുള്ള കാരണം?

അച്ഛനും അമ്മയും മുത്തച്ഛനും കുടുംബത്തില്‍ മറ്റു പലരും അഭിനയ രംഗത്ത് മുദ്രപതിപ്പിച്ചവരാണെങ്കിലും ഒരിക്കലും ഒരു നടി ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. ആദ്യം പഠനം പൂര്‍ത്തിയാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നതിലായിരുന്നു എനിക്കും താല്‍പര്യം. എന്റെ നാടായ കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ അധ്യാപികയായി ജോലി തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് വിവാഹ ശേഷം ദുബായിലേക്കു പോയി. ഭര്‍ത്താവ് സുജിത് കുമാറാണ് അഭിനയ രംഗത്തേക്ക് കടന്നുവരാന്‍ എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിനു കാരണമായത്.

അഭിയനയ രംഗത്ത് പുതുമുഖമാണ്. ക്യാമറയെ അഭിമുഖീകരിച്ച ആദ്യം അനുഭവത്തെ കുറിച്ച് ഒന്ന് പറയാമോ?

കുട്ടിക്കാലത്ത് 'ഏഴുവർണ്ണങ്ങൾ' എന്ന പേരില്‍ ഒരു ടെലിഫിലിമിൽ അഭിനയിച്ചിരുന്നു. ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമായിരുന്നു. അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നാല്‍ കൈയ്യെത്തും ദൂരത്തില്‍ എത്തിയപ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചു. അവരുടെ കൂടി സഹായത്തോടെ എന്റെ റോള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിച്ചു. ഈ റോളില്‍ എന്റെ പ്രകടനം ഇനി വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.

'കൈയ്യെത്തും ദൂരത്തി'ല്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?

ടിവി രംഗത്തുള്ള ഒരു സുഹൃത്ത് വഴിയാണ് ഇതു സംഭവിച്ചത്. ഈ അവസരം വന്നപ്പോള്‍ ഭര്‍ത്താവും അമ്മയും പിന്തുണച്ചു. അഭിനയ രംഗത്തേക്ക് വരണമെന്ന്‌ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഈ റോളിനോട് നീതി പുലര്‍ത്താന്‍ എന്റെ അപ്പൂപ്പന്റെയും അച്ഛന്റെയും അഭിനയ പാരമ്പര്യം ആത്മവിശ്വാസം നല്‍കി.

ഈ പരമ്പരയില്‍ പ്രായത്തേക്കാള്‍ മുതിര്‍ന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകള്‍ എങ്ങനെയായിരുന്നു?

അതിനു ഞാന്‍ അച്ഛനോടും മുത്തച്ഛനോടും കടപ്പെട്ടിരിക്കുന്നു. അരനാഴികനേരം എന്ന സിനിമയില്‍ എന്റെ മുത്തച്ഛന്‍ 90 വയസ്സുള്ള  കഥാപാത്രമായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. എന്റെ അച്ഛനും അദ്ദേഹത്തേക്കാള്‍ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ് പ്രായക്കൂടുതലുള്ള റോള്‍ ഏറ്റെടുക്കാന്‍ പ്രചോദിപ്പിച്ചത്. ഈ റോളിനോട് എത്രത്തോളം നീതി പുലര്‍ത്തുന്നു എന്നതിലാണ് എല്ലാം.

ഈ സീരിയലില്‍ താങ്കളുടേത് നെഗറ്റീവ് റോള്‍ ആണോ?

അതെ. സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്ക് രണ്ടു വ്യത്യസ്ത റോളുകളാണ് തന്നിരുന്നത്. ഒന്ന് നെഗറ്റീവും മറ്റൊന്നു പോസിറ്റീവുമായിരുന്നു. രണ്ടും നന്നായി ചെയ്‌തെന്ന് സംവിധായകന്‍ പറഞ്ഞു. ഇഷ്ടപ്പെട്ട ഒരു റോള്‍ എടുക്കാനും പറഞ്ഞു. ഞാന്‍ നെഗറ്റീവ് സ്വഭാവമുള്ള റോള്‍ ആണ് തെരഞ്ഞെടുത്തത്. ആ റോളിലുപരിയായി, ഒരു അഭിനേതാവ് എന്ന നിലയില്‍ അതു നല്‍കുന്ന അഭിനയ സാധ്യതകളും പരിഗണിച്ചായിരുന്നു ഈ തെരഞ്ഞെടുപ്പ്. എനിക്കത് വളരെ ആകര്‍ഷകമായി തോന്നി.

സീരിയല്‍ ചിത്രീകരണം ഒരു കുടുംബം ഒന്നിച്ചു ജോലി ചെയ്യുന്ന പോലെയാണ്. സഹതാരങ്ങളുമായുള്ള സൗഹൃദം എങ്ങനെയായിരുന്നു? സെറ്റിനു പുറത്തും നിങ്ങളെല്ലാവരും ഒന്നിച്ചു സമയം ചെലവിടാറുണ്ടോ?

അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ എന്റെ റോള്‍ ആശങ്കകളില്ലാതെ എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അവരെല്ലാവരും വളരെ സീനിയറും ഇന്‍ഡസ്ട്രിയില്‍ വര്‍ഷങ്ങളായി ഉള്ളവരുമാണ്. അവരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. ഞങ്ങളെല്ലാം ഒരു കുടുംബത്തെ പോലെയാണ്. എല്ലാവര്‍ക്കും സഹായമെത്തിക്കാന്‍ ശ്രദ്ധ കാണിക്കുന്ന പ്രൊഡ്യൂസര്‍ക്കും എന്റെ നന്ദിയുണ്ട്. അവരും സഹതാരങ്ങളുമെല്ലാം എനിക്ക് പ്രചോദനമാണ്.

സീ കേരളം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പുരോഗമനാത്മക പ്രമേയങ്ങളിലുള്ള സീരിയലുകള്‍ അവതരിപ്പിച്ച് മലയാള വിനോദ ടിവി രംഗത്ത് ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് ചാനല്‍ നേടിയത്. 'കൈയെത്തും ദൂരത്ത്' എന്ന പരമ്പരയെ കുറിച്ച് എന്തു പറയുന്നു?

വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്നെ സീ കേരളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഒരു നവാഗത എന്ന നിലയില്‍ ഇത് അഭിമാനവും വലിയ പ്രചോദനവും നല്‍കുന്നതാണ്.

ഒഴിവു സമയത്തെ ഹോബികള്‍?
വായനയും സിനിമ കാണലുമാണ് എനിക്കിഷ്ടം. പെയ്ന്റിങും ചെയ്യാറുണ്ട്

Latest News