Sorry, you need to enable JavaScript to visit this website.

മൽബു / അപരൻ 


ഗൾഫിൽ ഷോപ്പ് തുടങ്ങിയ നാട്ടുകാരന്റെ സ്വപ്‌നങ്ങൾ കൊറോണ വിഴുങ്ങിയ കഥ വായിച്ച ശേഷം കോവിഡ് നഷ്ടങ്ങൾ മാത്രമല്ല, നേട്ടങ്ങളും സമ്മാനിച്ചിട്ടുണ്ടെന്ന അനുഭവം പങ്കിടാനാണ് കൂട്ടുകാരൻ മൽബുവിനെ  വിളിച്ചത്. 
വിമാനമില്ലാത്തതു കാരണം നാട്ടിൽ കുടുങ്ങിയ അയാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു നൽകിയ നോമിനേഷന്റെ പകർപ്പ് വാട്‌സ്ആപ്പിൽ അയച്ചിട്ടുമുണ്ട്. അതാണ് സന്തോഷ വാർത്ത.
നാട്ടിൽനിന്ന് യഥാസമയം മടങ്ങി വരാൻ കഴിയാത്തതിനാൽ സ്വന്തം ഷോപ്പ് നഷ്ടപ്പെട്ടയാളുടെ കഥ വായിച്ച് പലരും സങ്കടപ്പെട്ടുവെന്നു പറഞ്ഞായിരുന്നു തുടക്കം. 
സങ്കടം മാത്രമല്ല, സന്തോഷവുമുണ്ട്. കൊറോണ എന്നെയിതാ ഇവിടെ സ്ഥാനാർഥിയാക്കിയിരിക്കുന്നു.
സത്യമാണോ?


പിന്നെ സത്യമല്ലാതെ, എന്തിനു കള്ളം പറയണം. നാമനിർദേശ പത്രകിയുടെ പകർപ്പ് കണ്ടില്ലേ വാട്‌സ്ആപ്പിൽ.
അപ്പോൾ പഞ്ചായത്ത് മെംബാറായി നാട്ടിൽ തന്നെ കൂടാനാണോ പരിപാടി. വിമാനം തുടങ്ങിയാലും വരുന്നില്ലേ? അവിശ്വസനീയമാണല്ലോ ഇത്.
പരമാവധി ഗൾഫിൽ തന്നെ പിടിച്ചുനിൽക്കണമെന്നു പറയുന്നവരുടെ കൂട്ടത്തിലുള്ളയാളാണ് ടിയാൻ. ഭരണാധികാരികൾ പിടിച്ചു പുറത്താക്കുമ്പോഴും അള്ളിപ്പിടിക്കണമെന്ന വാദക്കാരൻ.
ഇപ്പോൾ ഇതാ നാട്ടിൽ കുടുങ്ങിയപ്പോൾ പറ്റിയ തൊഴിൽ കണ്ടെത്തിയിരിക്കുന്നു. രാഷ്ട്രീയം.
ഒരു കണക്കിന് മൽബുവിന് പുതുമ തോന്നിയില്ല. അതിനു കാരണമുണ്ട്.
കഴിഞ്ഞ ദിവസം ഒമാനിൽനിന്നു വിളിച്ച ഒരു പഴയ കൂട്ടുകാരൻ പറഞ്ഞിരുന്നു. 


ഇവിടെ സ്വദേശിവൽക്കരണം കൊണ്ട് രക്ഷയില്ല. ഒരു തരത്തിലും ഇവിടെയിനി പിടിച്ചുനിൽക്കാൻ കഴിയില്ല. 
വലിയ മാനേജറായിട്ടാണ്  ഇതുവരെ കഴിഞ്ഞത്. ഇനിയിപ്പോ ഇവരുടെ കീഴിൽ ജോലി ചെയ്യാനൊന്നും നിൽക്കുന്നില്ല. മടങ്ങുകയാണ്.
നാട്ടിൽ പോയിട്ടെന്താ പരിപാടി? എന്തേലും പ്ലാൻ ചെയ്തിട്ടുണ്ടോ?
ഏയ്, പ്ലാൻ ചെയ്തിട്ടൊന്നുമില്ല. പോയ ഉടൻ ബിസിനസുകളൊന്നും തുടങ്ങുന്നുമില്ല. 
കുറച്ചുകാലം രാഷ്ട്രീയത്തിൽ പയറ്റണം. 


രാഷ്ട്രീയത്തിൽ അവിടെ തന്നെ ഇഷ്ടം പോലെ ആളുകളുണ്ടല്ലോ? അതിനിടയിൽ നിങ്ങൾക്ക് എങ്ങനെ ഗ്യാപുണ്ടാകും.
അതൊക്കെ പറ്റും. ചാൻസ് നൽകുന്നവരുടെ കൂടെ നിൽക്കണം. കാറ്റു നോക്കി വീശണം. 
അപ്പോഴാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഒമാനിൽ ഇരുന്നുകൊണ്ട് അയാൾ സമൂഹ മാധ്യമങ്ങളിലിടുന്ന പോസ്റ്റുകൾ മൽബുവിന്റെ ഓർമയിൽ വന്നത്.
കളം മാറാനുള്ള പരിപാടിയുണ്ട് അല്ലേ. എഫ്.ബി പോസ്റ്റുകളൊക്കെ കണ്ടു. അങ്ങോട്ടാണോ നോട്ടം.
തീരുമാനമെടുത്തിട്ടൊന്നുമില്ല. പോസ്റ്റുകൾ വെച്ച് വിലയിരുത്താൻ പറ്റില്ല. അതു പണ്ടേ തന്നെ  മറ്റവരോടുള്ള എതിർപ്പ് കൊണ്ട് മാത്രം. ബാക്കി അവിടെ എത്തി തീരുമാനിക്കും. 
നിന്നെ ചെറുപ്പത്തിൽ കണ്ടതു പോലെ തന്നെ കാണാൻ ആഗ്രഹമുണ്ട് -മൽബു പറഞ്ഞു. 


ചിരി മാത്രമായിരുന്നു ഒമാൻ പ്രവാസിയുടെ മറുപടി. അയാളുടെ ചിരിയിൽ ഇപ്പോൾ പലരും സ്വീകരിക്കുന്ന വിദ്വേഷം കൂടിയുണ്ടോയെന്ന് സംശയിക്കാതിരുന്നില്ല. പല ജാതി, ഭാഷാ, ദേശക്കാർക്കിടയിൽ സ്വന്തം അന്നം തിരഞ്ഞവർക്കെങ്ങനെ നാട്ടിലെത്തിയാൽ വിദ്വേഷത്തിന്റെ ആൾക്കാരാകാൻ സാധിക്കുന്നുവെന്നത് ചിന്തിപ്പിക്കുന്ന കാര്യമാണ്.
അപ്പോൾ രാഷ്ട്രീയ പ്രവർത്തനം ജോലിയായി തന്നെ സ്വീകരിച്ച് മടങ്ങുന്ന പ്രവാസികൾക്കിടയിൽ ഒരാൾ സ്ഥാനാർഥിയായത് വലിയ സംഭവമൊന്നുമല്ല. 
നാട്ടിൽ കുപ്പായം തുന്നി കാത്തിരുന്ന പലരെക്കൊണ്ടും ഹലാഖിന്റെ കൊറോണയെന്ന് പറയിച്ചുകൊണ്ടാണ് ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവാസികളുടെ വേലിയേറ്റം. പ്രവാസി പട്ടമുള്ള ധാരാളം സ്ഥാനാർഥികൾ. അവരിൽ തന്നെ ഇന്നല്ലെങ്കിൽ നാളെ എം.എൽ.എയാകുമെന്ന് കരുതിയ പ്രവാസി നേതാക്കളുമുണ്ട്. 
സ്ഥാനാർഥിയായതിനു ശേഷം എന്താ മൽബിയുടെ പ്രതികരണം?


കഥകൾ വായിച്ച് വായിച്ച് ഭാര്യക്ക് മൽബിയെന്ന് പേരിട്ട കൂട്ടുകാരനോട് മൽബു ചോദിച്ചു. 
വലിയ സന്തോഷത്തിലാണ്. ജയിക്കാൻ പ്രാർഥിച്ചും വോട്ട് പിടിച്ചും നേർച്ചകളുമായി കഴിയുന്നു. ഇനിയെങ്കിലും ഞാൻ നാട്ടിൽ തന്നെയുണ്ടാകുമെന്നാണ് മൽബിയുടെ വിചാരം. അതുണ്ടോ നടക്കുന്നു. 
എന്തേ ജയിക്കില്ലേ?
ജയിക്കണമെങ്കിൽ മോഡിയെ ജയിപ്പിച്ചുവെന്ന് ആൾക്കാർ പറയുന്നതു പോലെ വോട്ടിംഗ് മെഷീൻ കനിയേണ്ടിവരും.
അതെന്താ സാധ്യതയില്ലേ..ആളുകളൊന്നും സഹായിക്കുന്നില്ലേ?
എവിടെ ജയിക്കാൻ? വിജയിക്കാനല്ലല്ലോ എന്നെ നിർത്തിയത്?
പിന്നെ.
ഞാനൊരു അപരനല്ലേ.. മൽബിക്ക് അതു മനസ്സിലായിട്ടില്ല. ശരിക്കുമുള്ള സ്ഥാനാർഥിയെന്നു തന്നെയാണ് അവൾ വിചാരിച്ചിരിക്കുന്നത്. നിങ്ങളെന്താ വോട്ട് പിടിക്കാനൊന്നും പോകാത്തതെന്ന് ചോദിക്കും. 


അപ്പോൾ എന്തു പറയും മറുപടി.
അതൊക്കെ പാർട്ടിക്കാർ നോക്കിക്കോളുമെന്ന് പറയും. 
അതുതന്നെയാണ് നല്ലത്. വീട്ടിൽനിന്ന് പുറത്തിറങ്ങണ്ട. ശരിയായ സ്ഥാനാർഥിയെ തോൽപിക്കാൻ അപരവേഷം കേട്ടി അവസാനം മുടന്തൻ കാലും കൊണ്ട് വിമാനം കയറാൻ ഇടവരുത്തണ്ട. ആ കോലം കഫീലിന് ഒട്ടും ഇഷ്ടാകൂല്ല.
ഏയ്, അങ്ങനെ പേടിയൊന്നുമില്ല. നമ്മളിവിടെ സേഫാണ്. ആൾക്കൂട്ടത്തെ കാണുമ്പോൾ ചെറിയ പേടിയുണ്ടെന്ന് മാത്രം. 
വോട്ടർമാരെ പറ്റിച്ചാലും സ്വന്തം മൽബിയെ പറ്റിക്കരുത്ട്ടാ..അവരോട് സംഗതി തുറന്നു പറയണം. വെറും അപരനാണെന്ന സത്യം. വെറുതെ കിനാവുകൾ സമ്മാനിക്കരുത്. 

Latest News