Sorry, you need to enable JavaScript to visit this website.

വൈക്കം മുഹമ്മദ് ബഷീർ നൽകാത്ത വോട്ടഭ്യർഥന

1977 ൽ കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ ബേപ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന കാലം -അടിയന്തരാവസ്ഥ കഴിഞ്ഞയുടനെയുള്ള തെരഞ്ഞെടുപ്പ്. ബേപ്പൂരിൽ താമസിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിൽ നിന്ന് ഒരഭ്യർഥന കിട്ടിയാൽ വലിയ കാര്യമായിരിക്കുമെന്ന് അന്നത്തെ വീക്ഷണം കോഴിക്കോട് ബ്യൂറോ ചീഫ് അമ്പലപ്പള്ളി മാമുക്കോയക്ക് ഒരാശയം. (അമ്പലപ്പള്ളിയും ഇന്നില്ല). കോൺഗ്രസ്  ഘടക കക്ഷി  പാർട്ടിയുടെ മുഖപത്ര ലേഖകൻ എന്ന നിലയിൽ ഇതെഴുതുന്നയാളും  സംഘത്തിൽ ചേർന്നു. മറ്റൊരു ഘടക കക്ഷി പാർട്ടിയായ സി.പി.ഐയുടെ ജനയുഗത്തെ പ്രതിനിധീകരിച്ച് നടേരി ഗംഗാധരനും കൂടെയുണ്ടായിരുന്നു എന്നാണ്  ഓർമ.  അദ്ദേഹവും ഇന്ന് ജീവിച്ചിരിപ്പില്ല. 


ഞങ്ങളെ കണ്ടപ്പോൾ മഹാസാഹിത്യകാരന് വലിയ ആവേശം. അമ്പലപ്പള്ളിയുമായി മാത്രമല്ല, എൻ.പി. മൊയ്തീനുമായും ആത്മബന്ധമുള്ളയാളാണ് അദ്ദേഹം. ആ ബന്ധം പല വഴിക്ക് വ്യാപിക്കുന്നതാണ്. ദേശീയ മുസ്‌ലിം പാരമ്പര്യമാണ്  പ്രധാനം.  ദേശീയ മുസ്‌ലിംകളുടെ ആദർശ പുരുഷൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനോടുള്ള ബഷീറിന്റെ ഹൃദയ ഐക്യം  ചരിത്രത്തിൽ പല വിധത്തിൽ അടയാളപ്പെട്ടതാണ്. സാഹിബ് താമസിക്കുന്ന കോഴിക്കോട്ടെ അൽ അമീൻ ലോഡ്ജിൽ ഒരു ദിവസം ബഷീർ എത്തിയതും സാഹിബ് അവിടെ ഇല്ലെന്നറിഞ്ഞ് ലോഡ്ജിന് പുറത്ത് നാടോടിയെ പോലെ കിടന്നുറങ്ങിയതുമൊക്കെ അദ്ദേഹത്തിന്റെ കോൺഗ്രസ് ആത്മ ബന്ധത്തിന്റെ ഭാഗമായ കാര്യങ്ങൾ. 
ഈ പറഞ്ഞ ദേശീയ മുസ്‌ലിം പരമ്പരയിൽപെട്ട എൻ.പി. അബുവിന്റെ മകനാണ്  മത്സരിക്കുന്ന എൻ.പി. മൊയ്തീൻ. പ്രസിദ്ധ എഴുത്തുകാരൻ എൻ.പി. മുഹമ്മദിന്റെ അനുജനെന്ന സവിശേഷതയുമുണ്ട് അധിക സാധ്യതയായി. അതൊന്നും പക്ഷേ ബഷീറെന്ന അതികായന്റെ രാഷ്ട്രീയ മനസ്സിളക്കാൻ മതിയായ വഴിയായിരുന്നില്ല. 


അഭ്യർഥന തരാതിരിക്കാനുള്ള കാരണം ബേപ്പൂർ സുൽത്താൻ അന്ന് നിരത്തിയത് ഇങ്ങനെ- തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കായി വോട്ടഭ്യർഥിക്കാൻ നിർവാഹമില്ല. കാരണം കോൺഗ്രസിനോടും പ്രിയങ്കരനായ ജവാഹർലാൽ നെഹ്‌റുവിന്റെ പുത്രി ഇന്ദിരാ ഗാന്ധിയോടുമുള്ള വിരോധം കൊണ്ടൊന്നുമല്ല. ഇന്ദിരാ ഗാന്ധിയെ എനിക്കിഷ്ടമാണ്. പക്ഷേ ആ പയ്യന്റെ  (സഞ്ജയ് ഗാന്ധിയുടെ അടിയന്തരാവസ്ഥ അതിക്രമങ്ങൾ മനസ്സിൽ വെച്ച് ) ചെയ്തികൾ കാരണം ആ പാർട്ടിയെ പിന്തുണക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ്.  ദൗത്യം പരാജയപ്പെട്ട പ്രയാസത്തിലായിരുന്നു അമ്പലപ്പള്ളിയെങ്കിലും  ബഷീറിനൊപ്പം വീണു കിട്ടിയ അവസരം ശരിക്കും  ഉപയോഗപ്പെടുത്തി.  മതന്യൂനപക്ഷത്തിന്റെ മാധ്യമ ദാരിദ്ര്യത്തെപ്പറ്റി അദ്ദേഹം അന്ന് ഏറെ സംസാരിച്ചു. അഖിലേന്ത്യാ ലീഗിന്റെ മുഖപത്രം ലീഗ് ടൈംസിന്റെ തപാലിൽ എത്തിയ കോപ്പികൾ ഇതെഴുതുന്നയാളെ കാണിച്ച് അദ്ദേഹം ലീഗ് മുഖപത്രവുമായി താരതമ്യം ചെയ്തതൊക്കെ വലിയ കൗതുകത്തോടെയാണ്  കേട്ടത്. എന്ത് സൂക്ഷ്മതയോടെയാണ് ആ മനുഷ്യരൊക്കെ അവരുടെ രാഷ്ട്രീയം തീരുമാനിച്ചത്! സമൂഹത്തിൽ ഇനിയും ഉയിർകൊള്ളേണ്ട,  ബദൽ മാധ്യമത്തിന്റെ രാഷ്ട്രീയം വിവര സാങ്കേതിക വിദ്യാ പൂർവകാലത്ത് അദ്ദേഹം പറയാതെ പറഞ്ഞതായിരിക്കാം. ജീവിതത്തിന്റെ ഓരോ അണുവിലും രാഷ്ട്രീയ വിശ്വാസം വെച്ചുപുലർത്തിയ വ്യക്തിയായിരുന്നു ബഷീർ. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിൽ ജയിലിൽ പോകേണ്ടി വന്നയാൾ. അദ്ദേഹം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നില്ലെങ്കിലും എല്ലാ കാലത്തും ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. അതിലൊന്നായി വേണം എൻ.പി. മൊയ്തീന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണം.  


ഇപ്പറഞ്ഞ നിലപാടിന് മാധ്യമ ധാരാളിത്തമില്ലാത്ത കാലത്ത് പ്രചാരണമില്ലാതെ പോയത് സ്വാഭാവികം. പാർട്ടി പത്രക്കാരായ ഞങ്ങൾ ഇക്കാര്യം ഇരു ചെവി അറിയാതെ സൂക്ഷിച്ചതിനാൽ കോൺഗ്രസിന് വോട്ടഭ്യർഥിക്കാൻ ബേപ്പൂർ സുൽത്താൻ വിസമ്മതിച്ചു എന്നൊരു മുഖ്യ വാർത്ത ഉണ്ടായില്ല. 
കേരളം അന്ന് വിധിയെഴുതിയത് ബഷീറിന്റെ നിലപാടിനെതിരായിരുന്നുവെന്നതൊക്കെ ചരിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ പത്‌നി പിന്നീടൊരു തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു പോയി. ബഷീറിന്റെ മരണാനന്തരമായിരുന്നു കോഴിക്കോട് ബ്‌ളോക്കിലെ നടുവട്ടം ഡിവിഷനിൽ ഫാബി മത്സരിച്ചത്. തെരഞ്ഞെടുപ്പുത്സവ കാലത്ത് ഇതൊക്കെ ഓർക്കുന്നത് കൗതുകമുള്ള കാര്യം തന്നെ.
 

Latest News