തിരുവനന്തപുരം- കേരള നിയമസഭയിലെ പകുതിയിലേറെ എം.എൽ.എമാരും ക്രിമിനൽ കേസ് പ്രതികൾ. 140 പേരിൽ 87 പേരാണ് ക്രിമിനൽ കേസ് പ്രതിപ്പട്ടികയിലുള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് പട്ടിക പുറത്തുവിട്ടത്. കേരള നിയമസഭയിലെ 62 ശതമാനം പേരും ക്രിമിനൽ പട്ടികയിലുണ്ട്. ഇതിൽ 27 പേർക്കെതിരെ ഗുരുതര കുറ്റങ്ങളാണുള്ളത്. ജാമ്യമില്ലാ കുറ്റം, സ്ത്രീകൾക്കെതിരായ അതിക്രമം, തെരഞ്ഞെടുപ്പ് ക്രമക്കേട്, അഞ്ചോ അതിലധികമോ വർഷം ശിക്ഷ ലഭിക്കാവുന്നവ എന്നിവയാണ് ഗുരുതര കുറ്റങ്ങളിലുള്ളത്. ഗുരുതര കുറ്റങ്ങൾ ചെയ്ത എം.എൽ.എമാരുടെ പട്ടികയിൽ ഒന്നാമത് സി.പി.എമ്മാണ്. സി.പി.എമ്മിന്റെ 59 എം.എൽ.എമാരിൽ 53 പേരും ക്രിമിനൽ കേസുകളിലുണ്ട്. ഇതിൽ 17 പേർ ഗുരുതര കുറ്റം ചെയ്തവരാണ്. അഞ്ച് കോൺഗ്രസ് എം.എൽ.എമാരും മൂന്ന് സി.പി.ഐ എം.എൽ.എമാരും ഗുരുതര കുറ്റം ചെയ്തവരുടെ കൂട്ടത്തിലുണ്ട്.
19 എം.എൽ.മാരുള്ള സി.പി.ഐയുടെ 12 പേർക്കെതിരായാണ് സാധാരണ ക്രിമിനൽ കുറ്റമുള്ളത്. 22 എം.എൽ.എമാരുള്ള കോൺഗ്രസിലെ ഒൻപതും പതിനെട്ട് എം.എൽ.എമാരുടെ ലീഗിലെ നാലു പേരും ആറ് സ്വതന്ത്ര എം.എൽ.എമാരും ക്രിമിനൽ പട്ടികയിൽ ഇടംനേടി.
35 എം.എൽ.എമാരാണ് കോടിപതി പട്ടികയിലുള്ളത്. തോമസ് ചാണ്ടിയാണ് ഒന്നാമത്. സി.പി.എമ്മിൽ 15, ലീഗിൽ 14, കോൺഗ്രസിന്റെ 13 എം.എൽഎമാരും കോടിപതികളാണ്.