Sorry, you need to enable JavaScript to visit this website.

ഇതിഹാസത്തിന്റെ ഓർമകളിൽ..

മനസ്സാകുന്ന മൈതാനം ശോകമൂകമാണ്. ഗാലറികളിൽ ആരവങ്ങളില്ല. ഓർമകളിലേക്ക് ഇരച്ചെന്തുന്ന പന്തുകൾ ഒരു പേര് മാത്രം ഓർമിപ്പിക്കുന്നു. മറഡോണ...
ലോക ഫുട്‌ബോൾ ഇതിഹാസം ഡിയെഗോ മറഡോണയുടെ വിയോഗം ലോകത്തിലെവിടെയുമെന്ന പോലെ മലബാറിലെ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിലും നീറുന്ന നോവാണ്. കാൽപന്തിനോട് വല്ലാത്തൊരു അഭിനിവേശം സൂക്ഷിക്കുന്ന മലബാറിലെ കുടുംബങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ഏറെ പ്രിയപ്പെട്ട പേരാണ് മറഡോണ. ചിലർക്കൊക്കെ വീട്ടിലെ ഒരംഗത്തെ പോലെയും.
മറഡോണയെ ചൊല്ലി അഭിമാനിക്കാൻ മലബാറിനും മലബാറിനെ ചൊല്ലി അഭിമാനിക്കാൻ മറഡോണക്കും കാരണങ്ങളുണ്ടായിരുന്നു. ഇന്ത്യയിൽ മറഡോണ നേരിട്ട് സന്ദർശിച്ച അപൂർവം പ്രദേശങ്ങളിലൊന്ന് മലബാറാണ്. കണ്ണൂരിലെ ആ മറഡോണാ കാഴ്ചകൾ മലയാളിയുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. കേരളീയരും മറഡോണയും പരസ്പരം സ്‌നേഹവും ആവേശവും പങ്കിട്ട നാളുകളായിരുന്നു അത്. തന്നെ ഇത്രമേൽ സ്‌നേഹിക്കുന്ന ഒരു ജനതതിക്ക് മുന്നിൽ കൈവീശി സ്‌നേഹമറിയിക്കുമ്പോൾ, ലോകത്തിന്റെ ഇങ്ങേ മൂലയിലെ നിറഞ്ഞ ആരാധക വൃന്ദത്തെ ആ ഇതിഹാസ താരം നമിക്കുകയായിരുന്നു.


ലോക ഫുട്‌ബോളിന്റെ കിത്താബുകൾ ആഴത്തിൽ ഓതിപ്പഠിച്ചവരാണ് മലബാറിലുള്ളവർ. ലോകകപ്പായാലും ക്ലബ് ചാമ്പ്യൻഷിപ്പുകളായാലും ഓരോ ടീമിനെ കുറിച്ചും താരങ്ങളെ കുറിച്ചും വ്യക്തമായ അറിവുള്ളവരാണ് വടക്കൻ കേരളത്തിലുള്ള സാധാരണക്കാരായ ഫുട്‌ബോൾ പ്രേമികൾ. പകലാണെങ്കിൽ ജോലി ഉപേക്ഷിച്ചും രാത്രിയാണെങ്കിൽ ഉറക്കമൊഴിച്ചും കളി കാണാൻ ഇറങ്ങിപ്പുറപ്പെടുന്നവർ. രാജ്യാതിർത്തികൾക്കപ്പുറത്ത്, അകലെയെവിടെയോ ഉള്ള ടീമിനും താരങ്ങൾക്കും വേണ്ടി വീറോടെ വാദിക്കുന്നവർ.
മലബാറിന്റെ മനസ്സിൽ മറഡോണ ഇടം പിടിച്ചത് അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിനും മുമ്പാണ്. ക്ലബ്ബ് മൽസരങ്ങളിൽ ആ ഉയരം കുറഞ്ഞ പയ്യൻ കുതിച്ചു തുടങ്ങിയപ്പോൾ തന്നെ ആ താരോദയത്തെ കുറിച്ച് മലബാറിലെ യുവാക്കൾ വീമ്പു പറയാൻ തുടങ്ങിയിരുന്നു. അതുവരെ ഏറെ ആരാധകരില്ലാതിരുന്ന അർജന്റീനക്ക് മലബാറിൽ ഫാൻസ് അസോസിയേഷനുകളുണ്ടാക്കുന്നതിൽ മറഡോണയും 1986 ലെ ലോകകപ്പ് നേട്ടവും പ്രധാന പങ്കാണ് വഹിച്ചത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളോട് എന്നും പ്രത്യേക അടുപ്പമുണ്ടായിരുന്ന മലബാറിലെ ഫുട്‌ബോൾ പ്രേമികകളുടെ മനസ്സിൽ അർജന്റീനയും പെട്ടെന്ന് ഇടം പിടിച്ചു. വെള്ളയും നീലയും വർണങ്ങളിലുള്ള കൊടികൾ മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരിലും വയനാട്ടിലുമൊക്കെ ഉയരത്തിൽ പറന്നു. മറഡോണയുടെ പത്താം നമ്പർ ജഴ്‌സിക്ക് ആവശ്യക്കാർ ഏറെയായി. അന്നത്തെ ചെറിയ കുട്ടികൾ വരെ ഈ ജഴ്‌സിയണിഞ്ഞ് കൊച്ചു മറഡോണകളായി മാറി.


2012 ഒക്ടോബറിൽ മറഡോണ കണ്ണൂരിൽ എത്തിയത് കേരള ഫുട്‌ബോളിന്റെ ചരിത്രത്തിലെ സുപ്രധാനമായ അധ്യായമാണ്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂം ഉദ്ഘാടനത്തിന് മറഡോണയെ തന്നെ കണ്ണൂരിൽ എത്തിച്ചത് മലബാറിലെ ജനങ്ങൾക്ക് ഫുട്‌ബോളിനോടും ഇതിഹാസ താരത്തോടുമുള്ള ഇഷ്ടം തിരിച്ചറിഞ്ഞാണ്. മലബാറിൽ മറഡോണക്കും ഫുട്‌ബോളിനുമുള്ള വിപണി മൂല്യം മറ്റൊരിടത്തും ലഭിക്കാറില്ല. കണ്ണൂരിൽ പ്രിയ താരത്തെ കാണാൻ തടിച്ചു കൂടിയ ഫുട്‌ബോൾ ആരാധകരിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരുണ്ടായിരുന്നു. അവർക്ക് മുന്നിൽ നൃത്തം ചവിട്ടി മറഡോണ സ്വയം മതിമറന്നു. അദ്ദേഹത്തിന്റെ കാലുകളിൽ നിന്ന് അന്ന് ഗാലറികളിലേക്ക് പറന്ന ബോളുകൾ ഇപ്പോൾ പലരുടെയും വീടുകളിൽ അമൂല്യ നിധിയായി സൂക്ഷിച്ചിരിക്കുന്നു. മറഡോണ അന്ന് കണ്ണൂരിൽ താമസിച്ച ഹോട്ടലിലെ മുറി അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഓർമകളുമായി കഴിയുന്നു. അന്ന് മറഡോണ ഉപയോഗിച്ച സാധനങ്ങളെല്ലാം ആ മുറിയിൽ ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. ആ മുറി ബുക്ക് ചെയ്യാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്നു.


മറഡോണ മുന്നോട്ടു വെച്ച രാഷ്ട്രീയം മലബാറിന് ഏറെ പ്രിയമുള്ളതായിരുന്നു. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടിപ്പിച്ച മറഡോണയുടെ നിലപാടുകളെ ഇവിടുത്തെ യുവാക്കൾ സ്‌നേഹിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പുള്ള നാളുകളിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളേറെ നടന്ന മലബാറിന്റെ മണ്ണിലെ പുതുതലമുറക്ക് മറഡോണയുടെ നിലപാടുകളോട് യോജിക്കാൻ സ്വന്തം രാഷ്ട്രീയം തടസ്സമായില്ല. മലബാറിൽ ഒരു കാലത്ത് ഫുട്‌ബോളും ബ്രിട്ടീഷ് വിരുദ്ധതയുടെ ആയുധമായിരുന്നു. 
മലപ്പുറത്തെ എം.എസ്.പി ക്യാമ്പ് ഉൾപ്പെടെയുള്ള മലബാറിലെ നിരവധി ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളിൽ പട്ടാളക്കാരോടൊപ്പമുള്ള ഫുട്‌ബോൾ മൽസരങ്ങളെ പോലും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമായി കണ്ട ഒരു തലമുറ ജീവിച്ച മണ്ണാണിത്. ബൂട്ട് കെട്ടിയ വെള്ളക്കാരനോട് ബൂട്ടില്ലാതെ കളിച്ച് ഗോളടിച്ച മലപ്പുറത്തെ നാടൻ കാൽപന്ത് താരങ്ങളുടെ വീരകഥകൾ ഗ്രാമങ്ങളിൽ ഇന്നും മുഴങ്ങുന്നുണ്ട്. ആ മുഴക്കങ്ങൾക്കിടയിലേക്കാണ് മറഡോണയുടെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം കയറിച്ചെല്ലുന്നത്.
ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ വശ്യതയെ സ്‌നേഹിച്ച മലബാറുകാർ ഡിയെഗോയുടെ ഫുട്‌ബോൾ സൗന്ദര്യത്തെയും സ്‌നേഹിച്ചത് സ്വാഭാവികം. ഉരുണ്ട, ഉയരം കുറഞ്ഞ ശരീരവുമായി മറഡോണ എതിരാളികളെ കബളിപ്പിച്ച് മുന്നേറുമ്പോൾ ആ കാലുകളിൽ നിന്ന് ആരാധകർ അദ്ഭുതങ്ങൾ പ്രതീക്ഷിച്ചു. അപ്രതീക്ഷിത നിമിഷങ്ങളിൽ കിക്കുകളെടുത്ത് മറഡോണ എതിർപാളയത്തിലെ ഗോൾവല ചലിപ്പിച്ചു. ഓരോ ഗോളുകളും ആരാധകരുടെ മനസ്സുനിറച്ചു.


ആരാധകരിൽ ഓരോ തലമുറക്കും ഓരോ താരങ്ങളുണ്ടായിരുന്നു. ബ്രസീലിന്റെ ഇതിഹാസ താരം പെലെക്ക് പിന്നാലെ മറഡോണ ആരാധക മനസ്സിലെ തികവൊത്ത താരമായി. കളി നിർത്തിയെങ്കിലും അവർ പ്രിയപ്പെട്ടവരായി തുടർന്നു. അവർക്ക് പിന്നാലെ പുതിയ തലമുറക്ക് സ്‌നേഹിക്കാൻ മെസിയും നെയ്മറുമൊക്കെ കളം നിറഞ്ഞു നിൽക്കുന്നു. ലോകത്തിന്റെ ഒരു കോണിൽ നിന്ന് അകലെയുള്ള മറ്റൊരിടത്തേക്ക് ആ സ്‌നേഹവും ആരാധനയും പടർന്നു കയറുമ്പോൾ ഫുട്‌ബോൾ എന്ന വികാരമാണ് പടരുന്നത്. പരസ്പര സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും വലിയ മൈതാനമായി ആ വികാരം ലാറ്റിനമേരിക്കയിൽ നിന്ന് മലബാറിലേക്ക് പടരുന്നു. ആരാധകർ ഒരിക്കൽ കൂടി വിളിക്കുന്നു. മറഡോണാ....

Latest News