ദോഹ- ഖത്തറില്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മൂവായിരത്തോളം പുതിയ സീറ്റുകള്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍. രണ്ടു പുതിയ ഇന്ത്യന്‍ സ്കൂളുകള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും.
നിലവില്‍ 18 ഇന്ത്യന്‍ സ്കൂളുകളാണ് രാജ്യത്തുള്ളത്. പുതിയ സ്കൂളുകള്‍ കൂടാതെ 2021 രണ്ടാം പാദത്തില്‍ പൂനെ സര്‍വകലാശാലയുടെ കാമ്പസ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും എംബസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനപതി വിശദീകരിച്ചു.
ബി.എസ്സി, ബി.എഡ്, ബി.എ ഉള്‍പ്പെടെയുള്ള ബിരുദ കോഴ്സുകളാണ് സര്വകലാശാലയിലുണ്ടാകുക. 7,00,000 ത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കാന്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണ ശക്തമാണെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി.
വാര്‍ത്താസമ്മേളനത്തില്‍ വിവിധ വകുപ്പുകളിലെ ഫസ്റ്റ് സെക്രട്ടറിമാരായ ഹേമന്ത് കുമാര്‍ ദ്വിവേദി, എസ്.ആര്.എച്ച്.ഫഹ്മി, എസ്. സേവ്യര്‍ ധനരാജ്, സെക്കന്റ് സെക്രട്ടറി ഡോ.സോന സോമന് എന്നിവരും പങ്കെടുത്തു.






