യു.എ.ഇയില്‍ സൈബര്‍ സുരക്ഷാ കൗണ്‍സില്‍

ദുബായ്- യു.എ.ഇയില്‍ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ രൂപവത്കരിക്കുന്നു. എല്ലാ മേഖലകളിലും സൈബര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് കൗണ്‍സില്‍ നയങ്ങളും നിയന്ത്രണങ്ങളും രൂപവത്കരിക്കുമെന്ന് യു.എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.

യു.എ.ഇ സ്മരണദിനത്തിനും ദേശീയദിനത്തിനും മുന്നോടിയായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

ഇമറാത്തി പാസ്‌പോര്‍ട്ടുകള്‍, എമിറേറ്റ്‌സ് ഐ.ഡി. എന്നിവക്ക് പുതിയ രൂപകല്‍പന യോഗം അംഗീകരിച്ചു. അധിക സുരക്ഷാ സവിശേഷതകളോടെയാണ് ഇവ ഘട്ടംഘട്ടമായി പുറത്തിറക്കുക. പരിസ്ഥിതി സംരക്ഷണത്തിനായി പൊതുനയം സ്വീകരിക്കും.

വായുവിന്റെ ഗുണനിലവാരം, കാര്‍ഷിക ഉത്പാദനം, മാലിന്യ നിര്‍മാര്‍ജനം എന്നിവ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.

രാജ്യത്തെ മാധ്യമ മേഖല മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ മീഡിയാ ടീമിനും അംഗീകാരമായി. കാലാവസ്ഥാ വ്യത്യയാനവുമായി ബന്ധപ്പെട്ട് യു.എ.ഇയുടെ പ്രത്യേക പ്രതിനിധിയായി വ്യവസായ നൂതന സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബറിനെ നിയമിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ ആഗോളപരിപാടികളിലും അദ്ദേഹം യു.എ.ഇയെ പ്രതിനിധാനം ചെയ്യും.

 

Latest News