ഷാര്‍ജ- ഷാര്‍ജയിലെ ഒരു സ്വകാര്യ മാലിന്യ സംസ്‌കരണ നിലയത്തില്‍ വിഷപ്പുക ശ്വസിച്ച് അസ്വസ്ഥരായതിനെ തുടര്‍ന്ന് അവശരായ മുഴുവന്‍ തൊഴിലാളികളും ആശുപത്രി വിട്ടു. ഇന്ത്യക്കാരടക്കം 55 തൊഴിലാളികളെയാണ് വിവിധ ആശുപത്രികളിലെത്തിച്ചിരുന്നത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുവൈത്ത് ഹോസ്പിറ്റല്‍, അല്‍ ഖാസിമി ഹോസ്പിറ്റല്‍, അല്‍ ദെയ്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് തൊഴിലാളികളെ പ്രവേശിപ്പിച്ചത്. 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും മൂന്ന് നേപ്പാള്‍ സ്വദേശികളെയും തങ്ങള്‍ ചികിത്സിച്ചെന്ന് കുവൈത്ത് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചിരുന്നു.
ശ്വാസ തടസ്സം, നെഞ്ചു വേദന, തൊണ്ട വേദന എന്നീ രോഗ ലക്ഷണങ്ങളുമായാണ് തൊഴിലാളികള്‍ എത്തിയതെന്ന് കുവൈത്ത് ഹോസ്പിറ്റലിലെ അത്യാഹിത വിഭഗാം മേധാവി ഡോ. ഈസ അല്‍ മുആല്‍മി പറഞ്ഞു. ഏതു രാസപദാര്‍ത്ഥമാണ് തൊഴിലാളികള്‍ക്കു പ്രശ്നമായതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് തൊഴിലാളികള്‍ പുക ശ്വസിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.






