ലഖ്നൗ- ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍ടിപിസി) നിലയത്തില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്ന് അധികൃതര്‍ പറയുന്നു. നിലയത്തിലെ ബോയ്ലര്‍ പൈപ്പിലാണ് സ്ഫോടനം ഉണ്ടായത്. തകര്‍ന്ന ബോയ്ലറിലെ ബ്ലേഡുകള്‍ മാറ്റിയാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനകത്ത് കുറെ തൊഴിലാളികള്‍ കുടുങ്ങിയതായും സംശയിക്കപ്പെടുന്നു.
ദുരന്ത കാരണം കണ്ടെത്താന്‍ എന്‍ടിപിസി അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാല്‍ കമ്പനിക്കെതിരെ കേസെടുക്കുമെന്ന് ലഖ്നൗ സോണ്‍ എഡിജിപി അഭയ് പ്രസാദ് അറിയിച്ചു.

സ്ഫോടന സമയത്ത് നിരവധി എന്‍ടിപിസി തൊഴിലാളികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും പൊട്ടിത്തെറിച്ച ബോയ്ലര്‍ പൈപ്പിനു സമീപം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന യൂനിറ്റിലാണ് സ്ഫോടനം ഉണ്ടായത്. 1550 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന എന്‍ടിപിസി നിലയത്തില്‍ ഈയിടെയാണ് ഈ 500 മെഗാവാട്ട് യൂണിറ്റ് സ്ഥാപിച്ചത്.
ഗുരുതരമായി പരിക്കേറ്റ 22 തൊഴിലാളികളെ ലഖ്നൗവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റാങ്കിലുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥരും ഗുരുതരമായി പരിക്കേറ്റവരില്‍ ഉള്‍പ്പെടുമെന്ന് എന്‍ടിപിസി അറിയിച്ചു. ഇവര്‍ ലഖ്നൗവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എയര്‍ ആംബുലന്‍സ് വഴി ഇവരെ ദല്‍ഹിയിലേക്കു മാറ്റിയേക്കുമെന്നും അധികൃതര്‍ അറിയിച്ചു. 15 പേരെ റായ്ബറേലി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരെ അലഹാബാദ് ആശുപത്രിയിലേക്കു മാറ്റി. ബാക്കിയുള്ള നിസാരമായി പരിക്കേറ്റവര്‍ എന്‍ടിപിസി ക്യാമ്പസില്‍ തന്നെയുള്ള ആശുപത്രിയിലും ചികിത്സയിലാണ്.






