സൗദിയില്‍ പെട്ടിയിലാക്കി ഉപേക്ഷിച്ച വനിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മക്ക - പെട്ടിയിലാക്കി മിനായില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ഇരുപത്തിനാലു വയസ് പ്രായമുള്ള ഇന്തോനേഷ്യന്‍ വേലക്കാരിയാണ് മരിച്ചത്. വേലക്കാരി വീട്ടില്‍ നിന്ന് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ നേരത്തെ ജവാസാത്ത് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നോ, അതല്ല, സ്വാഭാവിക രീതിയില്‍ മരണപ്പെട്ടതോടെ നിയമാനുസൃത നടപടികള്‍ ഒഴിവാക്കുന്നതിന് മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നോ എന്നീ കാര്യങ്ങളെ കുറിച്ച് സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസം വൈകീട്ട് സൗദി പൗരനാണ് മൃതദേഹം കണ്ടെത്തി സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. മിനായിലൂടെ നടന്നുപോകുന്നതിനിടെ വലിയ പെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇദ്ദേഹം സംശയം തോന്നി പെട്ടി തുറന്നുനോക്കിയപ്പോഴാണ് അകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

അല്‍ശറായിഅ് ദിശയില്‍ മിനായിലെ കിംഗ് ഫൈസല്‍ റോഡിനു സമീപമാണ് പെട്ടി ഉപേക്ഷിച്ച നിലയില്‍ സൗദി പൗരന്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെയോ പരിക്കേറ്റതിന്റെയോ പാടുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.

 

Latest News