കോഴിക്കോട്- റെയ്ഡ് നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വട്ടാണെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസകിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേതാണ് വിജിലന്‍സ് വകുപ്പന്ന കാര്യം ഐസക് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അഴിമതി കണ്ടെത്തുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ധനമന്ത്രി തോമസ് ഐസക് ഉറഞ്ഞുതുള്ളുന്നതെന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു.
സ്വന്തം വകുപ്പില്‍ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. റെയ്ഡ് ഇടയ്ക്ക് നിര്‍ത്തിവെപ്പിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മില്‍ പടയൊരുക്കം തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.
കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പിനെ കുറിച്ച് റെയ്ഡില്‍ കണ്ടെത്തിയ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഗുരുതര അഴിമതിയാണ് നടന്നത്. കെഎസ്എഫ്ഇ അഴിമതിയില്‍ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സോളാര്‍ ആരോപണങ്ങളില്‍ പുതിയ അന്വേഷണം ആവശ്യപ്പെടില്ലെന്നും സത്യം പുറത്തുവരുന്നതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.






