പാലക്കാട് - 37 വർഷം ഒരേ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥിയായും ജനപ്രതിനിധിയായും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പ്രവർത്തിക്കുക, വീണ്ടും അതേ പാർട്ടിയുടെ സ്ഥാനാർഥിയായി മൽസരിക്കുക, അത്യപൂർവമായ ഒരു റെക്കോർഡാണ് ബി.െജ.പി നേതാവ് എൻ.ശിവരാജനെ ഈ തെരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നത്. ബി.ജെ.പി രൂപീകരിക്കപ്പെട്ടതിനു ശേഷം ആദ്യ നഗരസഭാ തെരഞ്ഞെടുപ്പ് നടന്ന 1988 ൽ താമരയടയാളത്തിൽ മൽസരിച്ചു കൊണ്ടായിരുന്നു ശിവരാജന്റെ അരങ്ങേറ്റം. മേലാമുറിയിൽ നിന്ന് വിജയിച്ചു കയറിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി ഏഴാമതും നഗരസഭാ ഭരണസമിതിയിലെത്താൻ മേലാമുറി വാർഡിൽ നിന്നും ജനവിധി തേടുന്ന മുതിർന്ന സംഘ്പരിവാർ നേതാവ് ഇക്കുറിയും തെരഞ്ഞെടുക്കപ്പെടുമെന്നത് ഏറെക്കുറെ ഉറപ്പാണ്. 2010 ൽ ഇതേ വാർഡിൽ ശിവരാജനെതിരേ മൽസരിച്ചവർക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടിരുന്നു.
മൽസരിക്കുന്ന പ്രദേേശത്തിനു പോലും കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല എന്നതാണ് ശിവരാജന്റെ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്. 1988 ൽ ഉണ്ടായിരുന്ന മേലാമുറി വാർഡ് പിന്നീട് വാർഡ് വിഭജനത്തിനു ശേഷം 45, 46 എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. 2005 ലും 2015 ലും മേലാമുറി വാർഡ് വനിതാ സംവരണമായിരുന്നു. 46-ാം വാർഡിൽ നിന്നായിരുന്നു ആ തെരഞ്ഞെടുപ്പുകളിൽ ശിവരാജന്റെ വിജയം. 2010 ൽ മേലാമുറി വാർഡിൽ ആയിരത്തി അറുനൂറോളം വോട്ട് രേഖപ്പെടുത്തിയപ്പോൾ അതിൽ മുക്കാൽ ഭാഗവും വീണത് താമരയടയാളത്തിലായിരുന്നു.
1980 ഏപ്രിൽ ആറിന് ദൽഹിയിൽ നടന്ന ബി.െജ.പി രൂപീകരണ യോഗത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ആളുകളിലൊരാളാണ് ശിവരാജൻ. 2000 മുതൽ 2015 വരെ പാലക്കാട് നഗരസഭയിലെ ബി.െജ.പി കക്ഷി നേതാവായിരുന്ന അദ്ദേഹം 2005-10 ൽ ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, മേഖലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ബി.െജ.പി ദേശീയ നിർവാഹക സമിതി അംഗമാണ്. ഇതിനിടെ മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചു. 1996 ൽ മലമ്പുഴയിലും 2011 ലും 16ലും നെന്മാറയിലുമായിരുന്നു മൽസരം. യൂക്കോ ബാങ്കിലെ ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റായ അദ്ദേഹം സജീവ രാഷ്ട്രീയത്തിനിടയിലും ജോലി ഉപേക്ഷിച്ചില്ല. ഇപ്പോഴും രാവിലെ പത്തു മണി മുതൽ വൈകീട്ട് മൂന്നു വരെ ജോലി ചെയ്യുന്നു. തന്റെ വാർഡിന് പുറമേ മറ്റ് നാലിടങ്ങളിൽ കൂടി ബി.െജ.പി സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ചുമതല ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.