യു.എ.ഇ ദേശീയ ദിനാഘോഷം: ഉല്ലാസ ബോട്ട് പരേഡ് ഗംഭീരമാകും

ദുബായ് - യു.എ.ഇയുടെ 49–ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉല്ലാസ ബോട്ട് (യാട്ട്) പരേഡ് ഒരുങ്ങുന്നു. ഡിസംബര്‍ ഒന്നിന് ദുബായ് മറീന ഓപണ്‍ സീ ഏരിയയില്‍ ജലകായിക പരിപാടികള്‍ അരങ്ങേറുക.  ആഡംബര യാട്ടുകളും വാട്ടര്‍ ബൈക്കുകളും വാട്ടര്‍ ഫ്‌ളൈ ബോര്‍ഡുകളുമുള്‍പ്പെടെ രണ്ട് ഡസനിലധികം ജലയാനങ്ങള്‍ അണിനിരക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ദുബായ് മറീനയിലും പരിസരത്തുമെത്തുന്ന കാണികള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് പരേഡ് സമ്മാനിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.
രാവിലെ 10.30 ന് പരിപാടികള്‍ ആരംഭിക്കും. മറീനയില്‍നിന്നു ആരംഭിക്കുന്ന ദേശീയ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള പരേഡ് ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ച് കടലിനോട് ചേര്‍ന്ന് വൃത്താകൃതിയില്‍ സംഗമിക്കും. തുടര്‍ന്ന് അഭ്യാസപ്രകടനങ്ങളോടെ യു.എ.ഇ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജല കായിക വിനോദങ്ങളോടൊപ്പം ദേശീയ പതാക ജലപരപ്പില്‍നിന്നു ഉയര്‍ത്തുന്ന കാഴ്ച പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ സാധിക്കും. അതിഥികളെയും വഹിച്ച് ചുറ്റുമുള്ള ജലപ്പരപ്പില്‍ രണ്ട് മണിക്കൂര്‍ യാത്രചെയ്ത്, സവാരി അവസാനിക്കുന്നതിനുമുമ്പ് അറ്റ്‌ലാന്റിസ് പോലുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ യാത്ര തുടരും.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, വിവിധ മേഖലകളില്‍ നിന്നു ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് മറൈന്‍ പരേഡ് അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ദുബായ് ഡി 3 യാട്ട് പ്രതിനിധി ഷമീര്‍ മുഹമ്മദ് അലി പറഞ്ഞു. ദുബായ് ഡി 3 യുടെ 13 ഉല്ലാസ ബോട്ടുകള്‍ പരേഡില്‍ പങ്കെടുക്കും.
 

 

Latest News