Sorry, you need to enable JavaScript to visit this website.

മഹദ്ഗുണങ്ങളാണ് ജീവിത വിജയമുറപ്പിക്കുക

ജീവിതത്തിൽ നാം പാലിക്കുന്ന കുറെ നല്ല ഗുണങ്ങളാണ് നമ്മുടെയോരോരുത്തരുടേയും ജീവിത ഗതി നിർണയിക്കുന്നത്.  ആ ഗുണങ്ങളെന്തെക്കെയാണെന്ന് അന്വേഷിക്കുകയും കണ്ടെത്തി പ്രാവർത്തികമാക്കുകയുമാണ് വിജയ പാതയിലുള്ള മുന്നേറ്റം ഉറപ്പിക്കുക. വാസ്തവത്തിൽ  ജീവിതത്തിൽ നമുക്കൊക്കെ അഹങ്കരിക്കുവാൻ എന്താണുള്ളത്. എളിമയോടും വിനയത്തോടും സൗമ്യതയോടും കൂടി സഹജീവികളോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കുമ്പോഴാണ് ജീവിതം സാർഥകവും മാധുര്യമുള്ളതുമാവുക.  വിനയാന്വിതനാവുകയെന്നത് ഒരു ദൗർബല്യമല്ല മറിച്ച്, സ്വഭാവത്തിന്റേയും സംസ്‌കാരത്തിന്റേയും കരുത്താണ് സൂചിപ്പിക്കുന്നത്. 


ജീവിത യാത്രയിൽ പല സന്ദർഭങ്ങളിലും  നാം ഓർക്കേണ്ട സുപ്രധാനമായൊരു മന്ത്രമാണിത്. അഹങ്കാരം തെല്ലുമില്ലാതെ ക്ഷമിച്ചും സഹിച്ചും സഹിഷ്ണുതയോടെയും സഹാനുഭൂതിയോടും ഇടപെടുമ്പോൾ ഏത് പ്രതികൂല സാഹചര്യവും അനുകൂലമായി മാറുകയാണ് ചെയ്യുക. വിട്ടുവീഴ്ച ചെയ്യുമ്പോഴോ ഏതെങ്കിലും വാദമുഖങ്ങൾ അംഗീകരിച്ചുകൊടുക്കുമ്പോഴോ നാം ചെറുതാവുകയല്ല വലുതാവുകയാണെന്ന കാര്യം നാം മനസ്സിലാക്കണം.  പ്രയാസങ്ങളിൽപെടുന്ന  നമ്മെ പലപ്പോഴും നമ്മുടെ ചുറ്റുമുള്ളവർക്ക്  സഹായിക്കണമെന്നുണ്ടാകും. എന്നാൽ നമ്മുടെ കൈയിലിരിപ്പ് കാരണം അവർക്കൊന്നും നാമുമായി  ഇടപഴകാനാവാതിരിക്കുകയും അവർ മാറി നിൽക്കുന്നതിനാൽ  നാം പ്രയാസമനുഭവിക്കേണ്ടി വരികയും ചെയ്യും. അതേയവസരം ആകർഷകമായ സ്വഭാവ ഗുണങ്ങളാണ് നമ്മുടെ അലങ്കാരമെങ്കിൽ സഹായിക്കാൻ  നിരവധി പേരാണ് മുന്നോട്ടു വരിക.  


വാഷിംഗ്ടൺ തെരുവിൽ നാല് ഭടന്മാർ ഭാരമേറിയ ഒരു മരക്കഷ്ണം ഉന്തുവണ്ടിയിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിനു വലിയ ഭാരമുണ്ടായിരുന്നതിനാൽ അത് ഉയർത്തി വണ്ടിയിൽ കയറ്റുമ്പോഴേക്കും വീണ്ടും ഉരുണ്ടു താഴേക്കു വീണു. പല പ്രാവശ്യം പരിശ്രമിച്ചെങ്കിലും മരത്തടി വണ്ടിയിൽ കയറ്റുവാൻ കഴിയാതെ ഭടന്മാർ വിഷമിച്ചു. അവരുടെ മേലാളായ കോർപറൽ ദൂരെ മാറിനിന്നുകൊണ്ട് ഇതെല്ലാം വീക്ഷിക്കുകയാണ്.


ഇനിയും തടി കയറ്റിക്കഴിഞ്ഞില്ലേ എന്ന് അയാൾ ഭടന്മാരോടു വിളിച്ചു ചോദിക്കുന്നത് അതുവഴി കുതിരപ്പുറത്തു വന്ന ഒരാൾ കേട്ടു. വീണ്ടും തടി ഉയർത്താൻ പാടുപെടുന്ന ഭടന്മാരുടെ ദയനീയ സ്ഥിതി കണ്ട് അശ്വാരൂഢനായ മനുഷ്യൻ കോർപറലിനോട് ചോദിച്ചു; 'നിങ്ങൾക്കൊന്നു സഹായിച്ചുകൂടേ? ഒന്ന് താങ്ങിക്കൊടുത്താൽ തടി വണ്ടിയിലേക്കു കയറും'.
ഞാനൊരു കോർപറലാണ്. ഇത്തരം പണികളൊന്നും ഞാൻ ചെയ്യേണ്ടതല്ല –ഇതായിരുന്നു കോർപറലിന്റെ മറുപടി. ഇതുകേട്ട ആഗതൻ ഒന്നും മിണ്ടാതെ കുതിരപ്പുറത്തു നിന്നും ഇറങ്ങി ആ ഭടന്മാരുടെ അടുത്തു ചെന്ന് തടി പിടിക്കാൻ കൂടി. അങ്ങനെ മരക്കഷ്ണം വണ്ടിക്കുള്ളിലായപ്പോൾ ഭടന്മാർ പറഞ്ഞ താങ്ക്‌സ് പോലും കേൾക്കാൻ നിൽക്കാതെ തിരക്കിട്ട് കുതിരപ്പുറത്തു കയറി ഓടിച്ചു പോവുകയും ചെയ്തു.


അടുത്ത ദിവസം അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് വാഷിംഗ്ടണ് ഒരു പൗരസ്വീകരണം അവിടെ നടന്നു. ആ ചടങ്ങിൽ മേൽപറഞ്ഞ കോർപറലും പങ്കെടുത്തിരുന്നു. സ്വീകരണം ഏറ്റുവാങ്ങി വേദിയിലിരിക്കുന്ന വാഷിംഗ്ടണെ കണ്ടപ്പോൾ കോർപറൽ ഞെട്ടി.  കാരണം, തലേദിവസം കുതിരപ്പുറത്തു വന്നിറങ്ങി ഭടന്മാരെ തടി കയറ്റാൻ സഹായിച്ച അതേ വ്യക്തി തന്നെയായിരുന്നു വേദിയിലിരുന്നത്. 
വലിയ മനുഷ്യർക്കേ ചെറിയവരാകാൻ കഴിയൂ. എന്നാൽ ചെറിയ മനുഷ്യരാകട്ടെ, എപ്പോഴും വലിയവരാകാൻ ശ്രമിച്ചുകൊണ്ടിരിക്കും. ചെറുതാകാൻ തയാറല്ലാത്തവർക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല. വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് ചെറുതാകാനുള്ള വിഷമമാണ്. നമ്മൾ ചെറുതാകാൻ ഒന്ന് മനസ്സുവെച്ചാൽ, അൽപനേരത്തേക്ക് ഒന്നു താഴ്ന്നുകൊടുത്താൽ കുടുംബത്തിലെയും സൗഹൃദങ്ങളിലെയും  സഹപ്രവർത്തകരുടെയുമൊക്കെ ഇടയിലുളള  ഒട്ടേറെ കലഹങ്ങളാണ്  നീങ്ങിപ്പോവുക എന്ന് നാം അറിയണം. 
വഴക്കുകളും കലഹങ്ങളും എല്ലാം വെറുതെ വലുതാകാൻ ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ദൗർബല്യങ്ങളാണ്. അതിനെ ക്രിയാത്മകമായി നേരിടണമെങ്കിൽ ക്ഷമ, വിനയം, സൗമ്യത, എളിമ തുടങ്ങിയ മഹദ് ഗുണങ്ങൾ നാം ആർജിച്ചേ പറ്റൂ. ക്ഷമ കൊണ്ടും സഹനം കൊണ്ടും മനസ്സിനെ പാകപ്പെടുത്തുന്നവർക്കാണ് വിജയമെന്ന് വേദങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഗുസ്തിയിൽ വിജയിക്കുന്നവനല്ല കരുത്തൻ മറിച്ച് ദ്വേഷ്യം വരുമ്പോൾ സ്വന്തത്തെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് കരുത്തനെന്ന നബി വചനവും ഇതേ ആശയമാണ് അടയാളപ്പെടുത്തുന്നത്. ഗുരു പറഞ്ഞ ഒരു കഥ ഇങ്ങനെയാണ്.  


ക്ഷമിക്കുന്നത് എങ്ങനെയെന്നു പഠിക്കാൻ അയാൾ നാടു മുഴുവൻ അലഞ്ഞു. പലരോടും അന്വേഷിച്ചെങ്കിലും അവർ നൽകിയ മറുപടിയിലൊന്നും അയാൾ തൃപ്തനായില്ല. ഒടുവിൽ  വഴിയിൽ കണ്ട ഒരു  സന്ന്യാസിയോട് അയാൾ ചോദിച്ചു: എന്നോടു തെറ്റു ചെയ്ത ഒരാൾക്ക് എങ്ങനെയാണ് മാപ്പു നൽകുന്നത്?  നിറയെ മാമ്പഴമുള്ള മാവു ചൂണ്ടിക്കാട്ടി സന്ന്യാസി പറഞ്ഞു: ആ മാവിലെ ഏറ്റവും നല്ല മാമ്പഴം എറിഞ്ഞു വീഴ്ത്തുക. അയാൾ ഉടനെ കല്ലെടുത്തെറിഞ്ഞു. ഏറുകൊണ്ട് ഒട്ടേറെ മാമ്പഴങ്ങൾ വീണു. സന്ന്യാസി പറഞ്ഞു: കല്ലെറിയുന്നവനു പോലും മധുര മാമ്പഴങ്ങൾ നൽകുന്ന പ്രക്രിയയാണ് മാപ്പു നൽകൽ. 
നിങ്ങൾ പഴുത്തു പാകമായ പഴങ്ങളുള്ള ഫലവൃക്ഷമാവുക, അഥവാ ആ സ്വഭാവം ആർജിക്കുക. കല്ലെറിയുന്നവന് പോലും മധുരമുള്ള പഴങ്ങൾ തിരിച്ചുനൽകി മധുര പ്രതികാരം ചെയ്യുമ്പോൾ ജീവിതത്തിലും ചിന്തയിലുമുണ്ടാകുന്ന മാറ്റം അപാരമായിരിക്കും.


വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ നമ്മെ മുറിവേൽപിക്കുന്നവരോട്, പ്രയാസപ്പെടുത്തുന്നവരോട് നമുക്ക് ഒന്നുകിൽ പക വീട്ടാം, അല്ലെങ്കിൽ പൊറുക്കാം. പകപോക്കാൻ നടക്കുന്നവർക്കു സ്വയം നഷ്ടപ്പെടും. അപരനാശം ജീവിത ലക്ഷ്യമാക്കിയവർ ആത്മനാശത്തിലേ അവസാനിക്കൂ. പ്രതികാരത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയാൽ പിന്നെ പ്രതിയോഗികൾ വലിച്ചിഴയ്ക്കുന്നിടത്തേക്കു പോകുകയേ മാർഗമുള്ളൂ. പണവും അദ്വാനവും മനഃസമാധാനവുമൊക്കെയാണ് ഈ മാർഗത്തിൽ നഷ്ടപ്പെടുക. പ്രതികാരത്തിന് ഒരിക്കലും ഒടുക്കമുണ്ടാകില്ല. ഒന്നിൽനിന്നു മറ്റൊന്നിലേക്കു തുടർന്നുകൊണ്ടേയിരിക്കും. അസ്വസ്ഥ ഭരിതമായ ജീവിതാന്തരീക്ഷവും സമാധാനമില്ലാത്ത നാളുകളുമായിരിക്കും അത്തരക്കാരുടെ ജീവിതത്തിന്റെ ബാക്കി പത്രം. 
എന്നാൽ പൊറുക്കാൻ തയാറാകുന്നവർക്ക് ആരുടെയും പിറകെ നടക്കേണ്ട ആവശ്യമില്ല. ആരെയും ഒളിഞ്ഞിരുന്ന് ആക്രമിക്കേണ്ടതില്ല. സ്വന്തം വഴികളിലൂടെ മാത്രം സഞ്ചരിച്ചാൽ മതി. മാത്രമല്ല മനഃസമാധാനത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം. 


എന്നാൽ നിരുപാധികം ക്ഷമിക്കാൻ എത്ര പേർക്കു കഴിയുമെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.  പ്രതികാരം ചെയ്യുവാനും നടപടിയെടുക്കുവാനും  നിവൃത്തികേടു കൊണ്ടും നിർബന്ധം കൊണ്ടും ബലഹീനത കൊണ്ടും ക്ഷമിക്കുന്നവരാണ് ഭൂരിഭാഗവും. കൂടുതൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടി ക്ഷമിച്ചു എന്ന് അവകാശപ്പെടുന്നവരും യഥാർഥത്തിൽ ക്ഷമിക്കുന്നില്ല. താൽക്കാലികമായി പിൻവാങ്ങുന്നു എന്നേയുള്ളൂ. അവസരം ലഭിക്കുമ്പോൾ തലയുയർത്തും. നിരുപാധികം ക്ഷമിച്ചുകൊണ്ട് ഓരോ പ്രശ്‌നങ്ങളും അപ്പപ്പോൾ തീർത്ത് മുന്നോട്ടു പോവുമ്പോൾ  അസ്വസ്ഥകൾക്ക് പകരം ശാന്തതയും സമാധാനവുമായിരിക്കും ലഭിക്കുക.  
തുടർപ്രവൃത്തികളാണ് ക്ഷമയുടെ ആഴവും ഗുണനിലവാരവും തീരുമാനിക്കുന്നത്. ക്ഷമിക്കുന്നതിനൊപ്പം മധുരം പങ്കിടാൻ കഴിയണമെങ്കിൽ ആ ക്ഷമ എത്രത്തോളം ഹൃദയംഗമമായിരിക്കും. തുടർച്ചയായി കല്ലെറിയുന്നവനു തുടർച്ചയായി മധുരം നൽകുന്ന പ്രവൃത്തിയുടെ പേരാണ് ക്ഷമ.


 ഒരു സ്ത്രീ തന്റെ പിതാവിനെയും കൊണ്ട് കാറിൽ ഡ്രൈവ് ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു കൊടുങ്കാറ്റ് ഉണ്ടായി. അവൾ പിതാവിനോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. അദ്ദേഹം മുന്നോട്ട് പോവാൻ ആവശ്യപ്പെട്ടു. കൊടുങ്കാറ്റ് കൂടുതൽ രൂക്ഷമാവാൻ തുടങ്ങി. മറ്റു കാറുകൾ സൈഡിലേക്ക് മാറ്റിയിട്ടു തുടങ്ങി: അവൾ വീണ്ടും പിതാവിനോട് താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. പിതാവ് പറഞ്ഞു ഡ്രൈവിംഗ് തുടരുക. പോകുന്ന വഴിയിൽ 18 വീലുകളുള്ള ലോറികൾ വരെ റോഡിൽ നിന്ന് മാറ്റിയിടുന്നതായി കണ്ടു. എന്തായാലും ഞാൻ സൈഡാക്കുവാൻ പോവുകയാണ്. കാരണം എനിക്ക് വളരെ കുറച്ച് മാത്രമേ റോഡ് കാണാൻ കഴിയുന്നുള്ളൂ –അവൾ പറഞ്ഞു. കൂടാതെ എല്ലാവരും സൈഡാക്കുകയാണ്. എന്നാൽ പിതാവ് അവളോട് പറഞ്ഞു– യാതൊരു കാരണവശാലും ഡ്രൈവിംഗ് നിർത്തരുത്, മുന്നോട്ട് പോവുക. കൊടുങ്കാറ്റ് വളരെ ശക്തമായിരുന്നെങ്കിലും അവൾ മുന്നോട്ട് തന്നെ പോയി. കുറച്ച് കഴിഞ്ഞപ്പോഴേക്കും കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങി. രണ്ട് മൈലുകൾ കഴിഞ്ഞപ്പോഴേക്കും മഴ മാറി. തുടർന്നിതാ സൂര്യപ്രകാശവും. അപ്പോൾ പിതാവ് പറഞ്ഞു– ഇനി വണ്ടി നിർത്താം. അവൾക്ക് കാര്യം പിടികിട്ടിയില്ല. അതെന്താണ് അങ്ങനെ പറയുന്നത്. നാം ഇപ്പോൾ കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെട്ടല്ലോ –പിതാവ് പറഞ്ഞു അത് തന്നെയാണ് കാരണം. ഇടയ്ക്കു വെച്ച് യാത്ര നിരത്തിയവർ ഇപ്പോഴും കൊടുങ്കാറ്റിൽ വിഷമിക്കുകയാണ്. നീ മടുത്തു പോകാതെ വണ്ടി ഓടിച്ചതിനാൽ നിന്റെ കൊടുങ്കാറ്റ് മാറിപ്പോയിരിക്കുന്നു.


ജീവിതത്തിൽ കഠിന പ്രയാസങ്ങളിലൂടെ പോകുന്നവർക്ക് ഉള്ള ഒരു സാക്ഷ്യമാണിത്. കൂടുതൽ പേരോ ശക്തരായവരോ പിൻമാറിയതുകൊണ്ട് നീ പിൻമാറേണ്ടതില്ല. മടുത്തു പോകാതെ മുന്നോട്ട് പോയാൽ നിന്റെ കൊടുങ്കാറ്റിന്റെ അനുഭവങ്ങൾ മാറി സൂര്യൻ നിന്റെ മുഖത്ത് പ്രകാശിക്കും. ഒരു ചെറിയ സ്‌ക്രൂ നഷ്ടപ്പെട്ടാൽ യന്ത്രത്തിന്റെ പ്രവർത്തനം താറുമാറാകുന്നതു പോലെ   ജീവിതത്തിൽ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും സുപ്രധാനമായെന്നിരിക്കും. അതിനാൽ ഒന്നിനേയും നിസ്സാരമായി കാണാതെ മഹിത ഗുണങ്ങളാർജിച്ച് പ്രതിസന്ധികളെ പ്രതിരോധിക്കുവാനുള്ള കരുത്ത് നേടുന്നതിലൂടെയാണ് നമ്മുടെ വിജയ പാതയൊരുങ്ങുക. 

Latest News