അറുപത് പിന്നിട്ട 70,000 വിദേശികള്‍ അടുത്ത കൊല്ലം കുവൈത്ത് വിടേണ്ടിവരും

കുവൈത്ത് സിറ്റി - അറുപതു വയസ് പിന്നിട്ട 70,000 വിദേശ തൊഴിലാളികള്‍ അടുത്ത വര്‍ഷം കുവൈത്ത് വിടാന്‍ നിര്‍ബന്ധിതരാകും. അറുപതു വയസ് പൂര്‍ത്തിയായ വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കി തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.


രാജ്യത്ത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീവ്രമായ ശ്രമങ്ങളുടെ ഭാഗമായി വിദേശികളുടെ റിക്രൂട്ട്‌മെന്റ് കുറക്കുന്നതിനുള്ള നടപടികള്‍ അടുത്തിടെ കുവൈത്ത് പരസ്യപ്പെടുത്തിയിരുന്നു. അറുപതു വയസ് തികയുന്ന, യൂനിവേഴ്‌സിറ്റി ബിരുദമില്ലാത്തവരുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിന്റെ പരിധിയില്‍ വരുന്ന വിദേശ തൊഴിലാളികളുടെ പട്ടിക കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ തയാറാക്കിയിട്ടുണ്ട്.


അറുപതു തികഞ്ഞ, യൂനിവേഴ്‌സിറ്റി ബിരുദമില്ലാത്ത വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനം അടുത്ത ജനുവരി മുതല്‍ നടപ്പാക്കി തുടങ്ങും.

 

Latest News