ഡിയേഗൊ മറഡോണ ജനിച്ചത് അർജന്റീനയിലെ ബ്യൂണസ്‌ഐറിസിലാണെങ്കിലും അദ്ദേഹത്തെ ഏറ്റെടുത്തത് ഇറ്റലിയിലെ നേപ്പ്ൾസാണ്. നേപ്പ്ൾസിന്റെ പ്രിയ പുത്രനാണ് മറഡോണ. രണ്ടു തവണ മാത്രമാണ് ഇറ്റാലിയൻ ലീഗിൽ നാപ്പോളി ചാമ്പ്യന്മാരായത് -1987 ലും 1990 ലും. രണ്ടും മറഡോണ കളിച്ച കാലത്ത്. സെയ്ന്റ് പോൾ എന്നറിയപ്പെട്ട നാപ്പോളിയുടെ കളിക്കളം ഇനി മറഡോണ സ്‌റ്റേഡിയം എന്നാണ് അറിയപ്പെടുക. കുടുംബത്തിലെ പ്രിയപ്പെട്ട അംഗം നഷ്ടപ്പെട്ടതു പോലെയാണ് നേപ്പ്ൾസ് മറഡോണയുടെ വിയോഗത്തെ സ്വീകരിച്ചത്. ഇറ്റലിയിലെ പ്രധാന സ്‌പോർട്‌സ് പത്രമായ ഗസറ്റ ദെലോ സ്‌പോർട്‌സ് ആദ്യ 23 താളുകളും മറഡോണക്കു വേണ്ടി മാറ്റിവെച്ചു. ഇന്നും അവിടെ ജനിച്ച കുട്ടികളേറെയും ഡിയേഗോമാരാണ്.
മറഡോണ ബ്യൂണസ്‌ഐറിസിലെ ദാരിദ്ര്യത്തിലാണ് ജനിച്ചത്. അർജന്റീനൊസ് ജൂനിയേഴ്‌സിലും ബൊക്കയിലും ആ പ്രതിഭ ഉരച്ചെടുക്കപ്പെട്ടു. ബാഴ്‌സലോണയിൽ രണ്ടു വർഷം കളിച്ചപ്പോൾ ഡിഫന്റർമാർ ചവിട്ടിക്കൂട്ടി. അങ്ങനെയാണ് 1984 ൽ നാപ്പോളിയിലെത്തുന്നത്. സീരീ അ ആയിരുന്നു അന്ന് ലോകത്തെ ഏറ്റവും ശക്തവും സമ്പന്നവുമായ ലീഗ്. പ്ലാറ്റീനിയും സീക്കോയുമൊക്കെ കളിച്ചിരുന്നത് ഇറ്റലിയിലായിരുന്നു. ദരിദ്രമായ തെക്കൻ ഇറ്റലിയുടെ വക്താവായി മാറി മറഡോണ. 1986 ൽ അർജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ചതിന്റെ പിറ്റേ വർഷമാണ് നാപ്പോളി ലീഗ് ചാമ്പ്യന്മാരായത്. അരിഗൊ സാക്കിയുടെ അതിശക്തമായ എ.സി മിലാനെ തോൽപിച്ച് 1990 ൽ നേടിയ രണ്ടാം കിരീടത്തിനായിരുന്നു മധുരമേറെ. 1989 ൽ ഇറ്റാലിയൻ കപ്പിലും യുവേഫ കപ്പിലും ചാമ്പ്യന്മാരായി. മറഡോണ വാണ ഏഴു വർഷം നാപ്പോളിക്ക് സുവർണ യുഗമായിരുന്നു. മുമ്പോ ശേഷമോ അതിനടുത്തെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. ക്ലബ്ബിനു വേണ്ടി 115 ഗോളടിച്ച റെക്കോർഡ് 26 വർഷം നിലനിന്നു. അലിമാവോയും കരേക്കയും ജിയാൻഫ്രാങ്കൊ സോളയും 1990 ലെ ടീമിലുണ്ടായിരുന്നു. അതൊഴിച്ചാൽ മറഡോണക്കടുത്തെത്താൻ കെൽപുള്ള ആരുമുണ്ടായിരുന്നില്ല.
മറഡോണയുടെ തകർച്ചയും തുടങ്ങിയത് നേപ്പ്ൾസിലാണ്. വിവാഹേതര ബന്ധത്തിൽ പിറന്ന കുട്ടിയാണ് ആദ്യം മറഡോണയുടെ പൊലിമ തകർത്തത്. 1986 ൽ ഇറ്റാലിയൻ മോഡൽ ക്രിസ്റ്റിയാന സിനാഗ്രയിൽ ജനിച്ച മകനെ 2004 ലാണ് മറഡോണ അംഗീകരിച്ചത്. 1987 ലാണ് 60 വർഷത്തെ ചരിത്രത്തിലാദ്യമായി നാപ്പോളി ലീഗ് ചാമ്പ്യന്മാരായത്. അന്ന് ഒട്ടാവിയൊ ബിയാഞ്ചിയായിരുന്നു കോച്ച്. കൊക്കെയ്ൻ ഉപയോഗത്തിൽ നിന്ന് മറഡോണയെ തടയാൻ താൻ ഒന്നും ചെയ്തില്ലെന്നതിൽ ബിയാഞ്ചി സങ്കടം കൊണ്ടു. ഡിയേഗൊ ചെറിയ കാര്യങ്ങൾ ചെയ്യാൻ പോലും മടിയില്ലാത്തവനായിരുന്നു. സഹതാരങ്ങൾക്കും കുട്ടികൾക്കും പ്രിയങ്കരനായിരുന്നു. പക്ഷേ അയാളുടെ തകർച്ച തടയാൻ എനിക്കായില്ല. ഒറ്റക്കാവുമ്പോൾ ഞാൻ അയാളെ ശകാരിച്ചിരുന്നു. തലയും താഴ്ത്തി കേട്ടിരിക്കും. ജീവിതം നശിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ആക്‌സലേറ്റർ പൂർണമായും ചവിട്ടി ജീവിക്കണമെന്നായിരുന്നു മറഡോണയുടെ മറുപടി. അയാൾ ഇങ്ങനെ നശിച്ചതിൽ ദുഃഖമുണ്ട്. ആ അവസാന കടമ്പയും അയാൾ ഡ്രിബ്ൾ ചെയ്തു കടക്കുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത് -ബിയാഞ്ചി പറഞ്ഞു.
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ താൻ ലഹരിയിലാറാടിയെന്നും വ്യാഴാഴ്ചയിലെ ചികിത്സയാണ് വാരാന്ത്യത്തിലെ കളികൾക്കായി തന്നെ ഒരുക്കിയതെന്നും മറഡോണ തന്നെ പറഞ്ഞിട്ടുണ്ട്. നാണം കെട്ടാണ് 1991 ൽ മറഡോണ മടങ്ങിയത്. മരുന്നടിയുടെയും വിവാഹേതര ബന്ധത്തിലെ കുഞ്ഞിന്റെയും നികുതി വെട്ടിപ്പിന്റെയുമൊക്കെ വാർത്തകൾക്കിടയിൽ. കളിക്കളത്തിൽ മാന്ത്രിക നിമിഷങ്ങളെപ്പോലെ മറഡോണയുടെ രാത്രി ജീവിതവും കൊക്കയ്ൻ ആസക്തിയും ആ ജീവിതത്തിലൂടെ കടന്നുപോയ നിരവധി സുന്ദരിമാരും നേപ്പ്ൾസിന് അടക്കം പറയാനുള്ള ഗോസിപ്പുകളായി. നാപ്പോളിയുടെ അധോലോക ബന്ധമുള്ള മുതലാളിമാർ ആ തകർച്ചക്ക് ആക്കം കൂട്ടി.
1990 ൽ ഇറ്റലിയിൽ നടന്ന ലോകകപ്പാണ് ദുരന്തം തുടങ്ങിവെച്ചത്. നാപ്പോളിയുടെ സ്‌റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ മറഡോണയുടെ അർജന്റീന ആതിഥേയരായ ഇറ്റലിയെ തോൽപിച്ചു. മറഡോണക്ക് ഹോം ഗെയിമായിരുന്നു അത്. അതോടെ നേപ്പ്ൾസ് മറഡോണയെ വെറുത്തു തുടങ്ങി. അഭിസാരികമാരുമായി മറഡോണ പിടിയിലായതായി പോലീസ് വെളിപ്പെടുത്തി. രണ്ടു മാസത്തിനു ശേഷം ബാരിയുമായുള്ള മത്സരത്തിനൊടുവിൽ മരുന്നടി പരിശോധനയിൽ പരാജയപ്പെട്ടത് മറഡോണക്ക് ലോകമെങ്ങും വിലക്കേർപ്പെടുത്താനുള്ള കാരണമായി. 1992 ൽ ബൊക്കയിൽ തിരിച്ചെത്തിയെങ്കിലും മറഡോണയുടെ പ്രതാപ കാലം അവസാനിച്ചിരുന്നു.