Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരാണ് ഗ്രെയ്റ്റസ്റ്റ്?

പെലെ ഇല്ലെങ്കിലും 1970 ൽ ബ്രസീൽ ലോകകപ്പ് നേടുമായിരുന്നുവോ? അതിന് സാധ്യതയേറെയാണ്. മറഡോണ ഇല്ലെങ്കിൽ അർജന്റീന 1986 ൽ ചാമ്പ്യന്മാരാവുമോ, ഇല്ലെന്നുറപ്പാണ്. 1986 ലെ അർജന്റീനാ ടീമിൽ മറഡോണക്കു പകരം കളിച്ചത് പെലെ ആയിരുന്നുവെങ്കിലോ?

ആരാണ് ഗ്രെയ്റ്റസ്റ്റ്? പെലെയും ഡിയേഗൊ മറഡോണയും ഒരിക്കലും ഇക്കാര്യത്തിൽ യോജിച്ചില്ല. മാത്രമല്ല, എപ്പോഴും അതിന്റെ പേരിൽ ഉരസുകയും ചെയ്തു. ഫുട്‌ബോൾ പ്രേമികളും എന്നും രണ്ടു ചേരിയിലാണ്. പെലെയുടെ കഴിവുകൾ അത്യസാധാരണമാണ്. ഒരു സംശയവുമില്ല. എന്നാൽ പെലെയോടൊപ്പം കളിച്ചവർ അത്ര തന്നെ മിടുക്കരായിരുന്നു. മറഡോണക്ക് ആ സൗഭാഗ്യം ലഭിച്ചില്ല. ഒരു ശരാശരി ടീമിനെയാണ് മറഡോണ തന്റെ പ്രതിഭയുടെ സ്പർശം കൊണ്ട് രണ്ടു തവണ ലോകകപ്പിന്റെ ഫൈനലിലെത്തിച്ചത്. 
ആരാണ് മികച്ചതെന്നതിനെച്ചൊല്ലി പലതവണ പെലെയും മറഡോണയും ഉരസിയിട്ടുണ്ട്. അത് മാന്യമായ ഉരസൽ പോലുമായിരുന്നില്ല. പരിഹാസവും വാക്കേറ്റവുമൊക്കെയായിരുന്നു. ഒടുവിൽ ഫിഫ ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരനെ കണ്ടെത്താൻ ഓൺലൈൻ വോട്ടിംഗ് പ്രഖ്യാപിച്ചു. 'കളിയറിയാവുന്നവർ' പെലെക്കൊപ്പം നിന്നു. ജനസാമാന്യം മറഡോണക്കൊപ്പവും. വോട്ടിംഗിൽ മറഡോണ മുന്നിലെത്തി. പെലെയുടെ മുഖം രക്ഷിക്കാൻ ഫിഫ പ്രത്യേകം ബഹുമതി നൽകി രണ്ടു പേരെയും തുല്യരാക്കി. ഓൺലൈൻ വോട്ടിംഗ് പെലെയോടുള്ള അനാദരവായിരുന്നു. കാരണം പുതിയ തലമുറ പെലെ കളിക്കുന്നതു കണ്ടവരല്ല. അവരിൽ മഹാഭൂരിഭാഗവും പെലെയുടെ കഴിവുകളെക്കുറിച്ച് അറിഞ്ഞവരുമല്ല. മറഡോണ അവരുടെ കൺമുമ്പിലൂടെ പന്തുമായി അമ്മാനമാടിയ കളിക്കാരനാണ്. ഫലത്തിൽ ഫിഫയുടെ ഓൺലൈൻ വോട്ടിംഗിനും ആരാണ് ഗ്രെയ്റ്റസ്റ്റ് എന്ന ചോദ്യത്തിന് ഉത്തരം തരാനായില്ല. അവർ പരസ്പരം പരിഹാസം തുടർന്നു.
'അത് അയാളാണെന്ന് അയാൾ വിചാരിക്കുന്നു, പക്ഷേ എല്ലാവർക്കുമറിയാം അതാരാണെന്ന്' -ഒരിക്കൽ പെലെ പറഞ്ഞു. 
ഒരിക്കൽ ഒരു അഭിമുഖത്തിനിടെ മറഡോണ ഗൗരവത്തോടെയെന്ന പോലെ പെലെയോട് ചോദിച്ചു, 'എങ്ങനെയാണ് 1281 ഗോളുകൾ കരിയറിൽ അടിച്ചുകൂട്ടിയത്? മറുപടി വരും മുമ്പെ മറഡോണയുടെ പരിഹാസത്തിന്റെ മേമ്പൊടി എത്തി -'വീട്ടുമുറ്റത്ത് ബന്ധുക്കൾക്കെതിരെയായിരിക്കും അല്ലേ?' 


കണക്കുകൾ തീർച്ചയായും പെലെയോടൊപ്പമാണ്. ഫുട്‌ബോളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്താൻ പെലെക്ക് സാധിച്ചു. വിഭിന്നമായ കഴിവുകൾ പരിഗണിക്കുമ്പോഴും മറഡോണയേക്കാൾ മുന്നിലാണ് പെലെ. മറഡോണ നൽകിയ ആനന്ദം പെലെക്ക് നൽകാൻ സാധിച്ചിരുന്നുവോയെന്നതാണ് സംശയം. രണ്ടു തലമുറകളിലാണെന്നത് ആ താരതമ്യം പ്രയാസകരമാക്കുന്നു. മറഡോണയുടെ ഡ്രിബഌംഗ് അപാരമാണ്. എന്നാൽ ഇടങ്കാലിനെ മറഡോണ അമിതമായി ആശ്രയിച്ചു. കളിയുടെ ഏത് ഘടകമെടുത്താലും പെലെയെ വെല്ലാൻ ബുദ്ധിമുട്ടാണ്. ഞൊടിയിടയിൽ ചിന്തിക്കാനും അത് പ്രാവർത്തികമാക്കാനുമുള്ള കഴിവിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. ഒരു പക്ഷേ പെലെയാണ് ഇക്കാര്യത്തിൽ മുന്നിൽ. പെലെ യൂറോപ്യൻ ലീഗുകളിൽ കളിച്ചിട്ടില്ല. പക്ഷേ ബ്രസീലിയൻ ലീഗ് അക്കാലത്ത് ശക്തമാണ്. എങ്കിലും മികച്ച ഡിഫന്റർമാർ ഇല്ലായിരുന്നു. മറഡോണ യൂറോപ്പിലും തന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. 
ഒരു ചോദ്യം ഇരുവരെയും വേറിട്ടു നിർത്തിയേക്കാം.. പെലെ ഇല്ലെങ്കിലും 1970 ൽ ബ്രസീൽ ലോകകപ്പ് നേടുമായിരുന്നുവോ? അതിന് സാധ്യതയേറെയാണ്. മറഡോണ ഇല്ലെങ്കിൽ അർജന്റീന 1986 ൽ ചാമ്പ്യന്മാരാവുമോ, ഇല്ലെന്നുറപ്പാണ്. 1986 ലെ അർജന്റീനാ ടീമിൽ മറഡോണക്കു പകരം കളിച്ചത് പെലെ ആയിരുന്നുവെങ്കിലോ, എങ്കിൽ അർജന്റീന ലോക ചാമ്പ്യന്മാരാവാൻ സാധ്യതയില്ലെന്നു കരുതുന്നവരേറെ. 
പെലെയെ പോലെ നീണ്ടുനിന്നില്ല മറഡോണയുടെ മികവ്. മറഡോണയുടെ പ്രതാപ കാലം മിന്നിമറയുകയായിരുന്നു. ആ മിന്നൽ പക്ഷേ ഫുട്‌ബോൾ ലോകത്തെ ഭ്രമിപ്പിച്ചു. പെലെ 1958 ലെ ആദ്യ ലോകകപ്പ് മുതൽ 1970 ലെ അവസാന ലോകകപ്പ് വരെ തന്റെ പ്രതാപം നിലനിർത്തി. ഇവരിലാരാണ് മികച്ചത്? 
ആരാണ് മികച്ചതെന്ന് നിർണയിക്കുന്നതിൽ പലപ്പോഴും കളിക്കളത്തിനപ്പുറത്തെ ഘടകങ്ങളും സ്വാധീനിക്കപ്പെട്ടു. പെലെ കറകളഞ്ഞ ഫുട്‌ബോളറാണ്. ഡിയേഗൊ എന്നും വികൃതിപ്പയ്യനായിരുന്നു. പെലെ കോർപറേറ്റുകളുടെ പരസ്യ മോഡലായിരുന്നു. 
മറഡോണ അധികാര കേന്ദ്രങ്ങളോട് എന്നും കലഹിച്ചു. ലാറ്റിനമേരിക്കയിലും കൊൽക്കത്തയിലും കേരളത്തിലുമൊക്കെ മറഡോണ പ്രിയപ്പെട്ടവനായത് കളിയിലെ മികവ് കൊണ്ടു മാത്രമല്ല. ബ്രിട്ടൻ മറഡോണയെ വെറുക്കുന്നതും പെലെയെ നെഞ്ചിലേറ്റതും ഇതേ കാരണം കൊണ്ടു തന്നെ. 

Latest News