ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എ ബി.ജെ.പിയില്‍

ന്യൂദല്‍ഹി- പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ. ബി.ജെ.പിയില്‍ ചേര്‍ന്നു. കൂച്ച്ബിഹാര്‍ ദക്ഷിണിനെ പ്രതിനിധീകരിക്കുന്ന മിഹിര്‍ ഗോസ്വാമിയാണ് ബി.ജെ.പിയിലെത്തിയത്.

ദല്‍ഹിയിലെ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ സാന്നിധ്യത്തിലാണ് മിഹിര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.

1998 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു മിഹിര്‍. അവഗണന ഇനിയും സഹിക്കാനാവാത്തതിനാല്‍ തൃണമൂലുമായുള്ള ബന്ധം തുടരുക ബുദ്ധിമുട്ടാണെന്ന് കഴിഞ്ഞ ദിവസം മിഹിര്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മിഹിര്‍ തൃണമൂലിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചത്.

കഴിഞ്ഞ മാസം ബി.ജെ.പി. എം.പി നിസിത് പ്രമാണിക്കുമായി മിഹിര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ മിഹിര്‍ പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

മിഹിര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചതോടെ രാഷ്ട്രീയമായി ഇരട്ട ആഘാതമാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്.

 

Latest News