Sorry, you need to enable JavaScript to visit this website.

സ്വപ്‌നയുടെ വിവാദ ശബ്ദരേഖ; ക്രൈം ബ്രാഞ്ചിന് കുരുക്കിട്ട് കസ്റ്റംസ്‌

തിരുവനന്തപുരം- സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റൈ വിവാദ ശബ്ദരേഖയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്താനുള്ള ക്രൈം ബ്രാഞ്ച് നീക്കത്തിന് കുരുക്കിട്ട് കസ്റ്റംസ്. സ്വപ്‌നയെ ചോദ്യം ചെയ്യാനുള്ള ക്രൈം ബ്രാഞ്ചിന്റെ ആവശ്യം കസ്റ്റംസ് നിരസിച്ചു. സ്വപ്‌നയുടെ മൊഴിയെടുക്കാൻ അനുമതി നൽകില്ലെന്നും കോടതിയെ സമീപിക്കാനും കസ്റ്റംസ് ക്രൈം ബ്രാഞ്ചിനോട് നിർദേശിച്ചു. ശബ്ദരേഖയുടെ നിജസ്ഥിതി കണ്ടെത്താനായി സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്താൻ ജയിൽ വകുപ്പിനോട് ക്രൈം ബ്രാഞ്ച് അനുമതി തേടിയിരുന്നു. 
കോഫെപോസ പ്രതിയായതിനാൽ അനുമതി തേടി ജയിൽ വകുപ്പ് കസ്റ്റംസിന് കത്തയച്ചു. എന്നാൽ നിലവിൽ തങ്ങളുടെ കസ്റ്റഡിയിലാണ് സ്വപ്‌ന എന്നതിനാൽ ചോദ്യം ചെയ്യാൻ അനുമതി നൽകാനാകില്ലെന്ന് കസ്റ്റംസ് അറിയിക്കുകയായിരുന്നു. ആവശ്യമെങ്കിൽ കോടതിയെ സമീപിച്ച് സ്വപ്‌നയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ചിനോട് നിർദേശിച്ചു. 
കേസ് രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് നടത്തുന്നത് എന്നതിനാൽ ക്രൈം ബ്രാഞ്ചിന് കോടതിയെ സമീപിക്കാനാകില്ല. ഇനി സ്വപ്‌നയെ ചോദ്യം ചെയ്യണമെങ്കിൽ ക്രൈം ബ്രാഞ്ചിന് കോടതിയെ സമീപിക്കേണ്ടിവരും. അതിന് കേസ് രജിസ്റ്റർ ചെയ്യാതെ വേറെ നിർവാഹമില്ല. ശബ്ദരേഖ സ്വപ്‌നയുടേതെന്ന പേരിൽ ഒരു സ്വകാര്യ യൂട്യൂബ് ചാനലാണ് പുറത്തു വിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദ്ദം ചെലുത്തുന്നു എന്ന തരത്തിലുള്ളതായിരുന്നു ശബ്ദരേഖ. 


ഒരു ഏജൻസിയുടെയും പേര് പറയുന്നില്ലെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നു എന്നായിരുന്നു പ്രചാരണം. ജയിലിൽ വെച്ചല്ല ശബ്ദരേഖ റെക്കോഡ് ചെയ്തതെന്നും തന്റെ ശബ്ദമാണോ എന്ന് സ്വപ്‌നയ്ക്ക് ഉറപ്പില്ലെന്നുമായിരുന്നു ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. ഇതോടെ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് നൽകിയ കത്ത് പോലീസ് തള്ളിയിരുന്നു. 


എന്നാൽ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ജയിൽ വകുപ്പിന് കത്ത് നൽകി. ആ കത്ത് ഋഷിരാജ് സിംഗ് പോലീസിന് കൈമാറി. ഇതോടെയാണ് ക്രൈം ബ്രാഞ്ചിലെ പ്രത്യേക സംഘത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അന്വേഷണ ചുമതല നൽകിയത്. കേസെടുത്ത് അന്വേഷിക്കുന്നതിന് പകരം പ്രാഥമിക അന്വേഷണം നടത്തിയാൽ മതിയെന്നായിരുന്നു ഡി.ജി.പിയുടെ നിർദ്ദേശം. എൻഫോഴ്‌സ്‌മെന്റിന്റെ പരാതി ഉണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം മാത്രം നടത്തുന്നതിൽ കേന്ദ്ര ഏജൻസികൾക്ക് എതിർപ്പുണ്ട്. അതിനാലാണ് കസ്റ്റംസ് അനുമതി നൽകാത്തതെന്നാണ് സൂചന. 

 

Latest News