Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷന് പിന്നിൽ മറച്ചുവെക്കുന്നത്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തു വരും തോറും പരസ്പരമുള്ള അഴിമതി ആരോപണങ്ങളാൽ കേരള രാഷ്ട്രീയം സജീവമായിരിക്കുകയാണല്ലോ. കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെ കുടുക്കാനുള്ള എല്ലാ മാർഗഗ്ഗങ്ങളും തിരയുമ്പോൾ കേരള സർക്കാർ പകരം വീട്ടുന്നത് പ്രതിപക്ഷത്തിനു നേരെയാണ്. വരും ദിവസങ്ങളിൽ ഈ നീക്കങ്ങൾ ഏറെ ശക്തമാകാനാണ് സാധ്യത. എന്നാൽ ഈ വിഷയങ്ങളിലെല്ലാം ആത്മാർത്ഥമായാണോ ഇവരെല്ലാം ഇടപെടുന്നത് എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയായിരിക്കും മറുപടി. താൽക്കാലികമായ തെരഞ്ഞെടുപ്പു നേട്ടത്തിനപ്പുറം മറ്റൊരു ലക്ഷ്യവും ഇതിനെല്ലാം പിറകിലുണ്ടെന്ന് കരുതാനാകില്ല. ഉണ്ടാകുമായിരുന്നെങ്കിൽ അഴിമതിക്കേസുകളിൽ നിന്ന് നമ്മുടെ നേതാക്കളൊന്നും എളുപ്പത്തിൽ ഊരിപ്പോരുകയില്ലല്ലോ. മാത്രമല്ല, യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധയകറ്റാൻ വളരെ എളുപ്പത്തിൽ ഇവർക്കെല്ലാമാകുന്നു.


സമീപകാലത്തെ അഴിമതി ആരോപണങ്ങളിൽ ഏറെ ശ്രദ്ധേയമായ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം തന്നെ നോക്കാം. സർക്കാരിന്റെ  സ്വപ്‌ന പദ്ധതിയായി ഭരണപക്ഷവും അഴിമതി മാത്രമായി പ്രതിപക്ഷവും കൊട്ടിഘോഷിക്കുമ്പോൾ യഥാർത്ഥ വസ്തുതകളാണ് വിസ്മരിക്കപ്പെടുന്നത്. സംസ്ഥാനത്തെ  ഭൂരഹിതരും ഭവന രഹിതരുമായ 4,72,000 കുടുംബങ്ങൾക്ക് 5 വർഷത്തിനുള്ളിൽ വീട് നിർമിച്ചു നൽകുന്നതാണല്ലോ ലൈഫ് പദ്ധതി.  സ്വാഭാവികമായും ഇവരിൽ കൂടുതലും ദളിതരും ആദിവാസികളും തന്നെ. പിന്നെ മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളുമാണ് കൂടുതൽ. വിവിധ പദ്ധതികളിൽ നിർമാണം തുടങ്ങി പൂർത്തിയാക്കാനാവാത്ത എഴുപതിനായിരത്തോളം വീടുകൾ പൂർത്തിയാക്കലായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം. പിന്നീട് ഭൂമിയുള്ള ഭവന രഹിതർക്ക് വീടുവെക്കുന്ന ഘട്ടമാണ്. അതേറെക്കുറെ പൂർത്തിയാകുകയാണെന്ന് സർക്കാർ അവകാശപ്പെടുന്നു. കേന്ദ്ര സർക്കാരിന്റേയും സംസ്ഥാന സർക്കാരിന്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും വിവിധ ഫണ്ടുകളും പദ്ധതികളും സമന്വയിപ്പിച്ചാണ് സർക്കാർ ലൈഫ് മിഷനു രൂപം കൊടുത്തത്. ആ അർത്ഥത്തിൽ അതു നേട്ടം തന്നെയാണ്. 


അതേസമയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ് ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന അരങ്ങേറുന്നത്. സ്വന്തമായി തുണ്ടു ഭൂമി പോലും ഇല്ലാത്തവർക്കുള്ളതാണ് ഈ ഘട്ടം. വീടുകൾക്കു പകരം വലിയ ഫഌറ്റ് സമുച്ചയങ്ങളാണ് അവർക്കായി നിർമിക്കുന്നത്. ഓരോ കുടുംബത്തിനും 400 ചതുരശ്ര അടി വലിപ്പമുള്ള ഫഌറ്റുകൾ നിർമിച്ചുനൽകും. പക്ഷേ ഒരു തുണ്ടു ഭൂമി പോലും നൽകില്ല. ഈ ഫഌറ്റുകളിലാകട്ടെ, അവർക്ക് പൂർണമായ അവകാശവുമുണ്ടാകില്ല. വാടക കൊടുക്കേണ്ടതില്ലെങ്കിലും വാടകക്കാരായിട്ടായിരിക്കും അവരുടെ ജീവിതം. കുട്ടികൾക്ക് അങ്കണവാടി, പൊതുആരോഗ്യ, പാലിയേറ്റീവ് സൗകര്യങ്ങൾ, വൃദ്ധർക്കുള്ള സൗകര്യങ്ങൾ, യോഗങ്ങൾക്ക് ഹാൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കണം ഇത്തരം കെട്ടിട സമുച്ചയങ്ങൾ എന്നു പറയുന്നുണ്ട്. പക്ഷേ 400 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ചും ആറും പേരടങ്ങിയ കുടുംബം എങ്ങനെ ജീവിക്കുമെന്ന ചോദ്യം ബാക്കിയാകുന്നു. 


ഇത്തരമൊരു സാഹചര്യത്തിലാണ് ആധുനിക കോളനികൾ എന്ന പദം പ്രസക്തമാകുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണം നടന്ന പ്രദേശമാണല്ലോ കേരളം. പക്ഷേ ആത്യന്തികമായി അതിന്റെ ബാക്കിപത്രം എന്തായിരുന്നു? സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന ഭൂരഹിതരായിരുന്ന ദളിത് ജനവിഭാഗങ്ങൾ നാൽപതിനായിരത്തോളം വരുന്ന കോളനികളിലേക്ക് ഒതുക്കപ്പെട്ടു. കേരള രൂപീകരണത്തിനു ശേഷം ദളിത് ജനവിഭാഗങ്ങൾ അഭിമുഖീകരിച്ച ആദ്യ രാഷ്ട്രീയ വഞ്ചനയായിരുന്നു അത്. ഇന്നിതാ ആ വഞ്ചനയുടെ ആധുനിക രൂപമാണ് ലൈഫിന്റെ  രൂപത്തിൽ അവതരിക്കപ്പെട്ടിരിക്കുന്നത്. അന്ന് നാലും അഞ്ചും സെന്റ് ഭൂമിയൊക്കെ ദളിതർക്ക് കിട്ടിയെങ്കിലും ഈ പദ്ധതിയിൽ ഒരു തുണ്ടു ഭൂമിപോലും ലഭിക്കില്ല. അതാകട്ടെ  ഭൂമിക്കും വിഭവാധികാരത്തിനുമായി സംസ്ഥാനത്തുടനീളം ദളിത് - ആദിവാസി വിഭാഗങ്ങളുടെ നിരവധി ഭൂസമരങ്ങൾ നടക്കുമ്പോൾ. പഴയ നാലുസെന്റ് കോളനികൾക്കു പകരം ആധുനിക മുഖമുളള കോളനിയാണ് സ്ഥാപിക്കുന്നതെന്നു മാത്രം. അതോടുകൂടി ഭാവിയിൽ സ്വന്തമായി ഭൂമി എന്ന ആവശ്യം ഉന്നയിക്കാനോ സമരം ചെയ്യാനോ ഉള്ള സാധ്യത പോലും ഇല്ലാതാകുന്നു. ഈ വിഷയമുന്നയിക്കുന്നവരെയാകട്ടെ പാവപ്പെട്ടവർക്ക് കിടപ്പാടം കിട്ടുന്നതിനെ തുരങ്കം വെക്കുന്നവരായി അധിക്ഷേപിക്കുന്നു. ഒപ്പം പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നതിനേക്കാൾ മ്ലേഛമായ രീതിയിൽ അഴിമതിയും കമ്മീഷനുകളും അരങ്ങേറുന്നു. 


തീർച്ചയായും ഭൂരഹിതർക്കു നൽകാൻ ഭൂമിയില്ലാത്ത അവസ്ഥയാണെങ്കിൽ ഈ നടപടി ന്യായീകരിക്കപ്പെടുമായിരുന്നു. എന്നാൽ യാഥാർത്ഥ്യമതല്ല.  ടാറ്റ, ഹാരിസൺ ഉൾപ്പെടെയുള്ള കുത്തകകൾ വ്യാജ ആധാരത്തിലൂടെയും നിയമ വിരുദ്ധമായും കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം വരുന്ന തോട്ടം ഭൂമി നിയമ നിർമാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന ഡോ. രാജമാണിക്യത്തിന്റേതടക്കം സർക്കാർ തന്നെ നിയമിച്ച അഞ്ചു കമ്മീഷനുകളുടെ റിപ്പോർട്ട് നിലനിൽക്കുമ്പോഴാണ് ഈ നീക്കമെന്നതാണ് പ്രധാനം. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന കേസുകൾ അട്ടിമറിക്കാൻ സർക്കാർ തന്നെ നടത്തുന്ന നീക്കങ്ങൾ ഏറെ ചർച്ച ചെയ്തതാണല്ലോ. കമ്മീഷൻ വിഷയമൊക്കെ ഉന്നയിക്കുന്നുണ്ടെങ്കിലും കാതലായ ഈ വിഷയം പ്രതിപക്ഷവും ഉന്നയിക്കുന്നില്ല. ഭൂരഹിതരെ ഫഌറ്റുകളിലേക്കു മാറ്റുന്നതോടെ  ഭൂമി ഏറ്റെടുക്കൽ എന്ന രാഷ്ട്രീയ ആവശ്യത്തിൽ നിന്ന് രക്ഷപ്പെടാം എന്നായിരിക്കാം സർക്കാരും പ്രതിപക്ഷവും കരുതുന്നത്. 


തീർച്ചയായും തുടക്കത്തിൽ പറഞ്ഞ പോലെ ഈ ഭൂരഹിതർ ഏറെക്കുറെ ദളിത് വിഭാഗങ്ങൾ തന്നെ. നൂറ്റാണ്ടുകളായി ഭൂമിയിൽ നിന്നും അധികാരത്തിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നുമെല്ലാം പുറന്തള്ളപ്പെട്ടവർ. ഗൾഫിലേക്കു പോകാനാണെങ്കിലും എന്തെങ്കിലും സംരംഭം തുടങ്ങാനാണെങ്കിലും എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലിക്കാണെങ്കിലും മറ്റു വിഭാഗങ്ങൾ ഭൂമി ക്രയവിക്രയം ചെയ്‌തോ പണയം വെച്ചോ പണം കണ്ടെത്തുമ്പോൾ ഇവർക്കതിനായില്ല. അതിനാൽ തന്നെ ഇന്നുമിവർ വികസനത്തിന്റെ പുറമ്പോക്കുകളിലാണ്. ജാതിയുടെ ഘടനാപരമായ അധികാര ബന്ധങ്ങളാൽ ഭൂമിയും വിഭവാധികാരങ്ങളും നഷ്ടപ്പെട്ട് സാമൂഹിക രാഷ്ട്രീയാധികാരത്തിന് പുറത്ത് നിൽക്കേണ്ടിവന്നവർ അതിനെ മറികടക്കാൻ ഭൂ ഉടമസ്ഥതയും വിഭവങ്ങളുടെ തുല്യമായ പുനർവിതരണവും ആവശ്യപ്പെടുമ്പോൾ അവരെ വീണ്ടും കോളനിവൽക്കരിക്കുകയാണ് കൊട്ടിഘോഷിക്കുന്ന ലൈഫ് പദ്ധതിയും ചെയ്യുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ഒന്നാം ഭൂപരിഷ്‌കരണത്തിൽ നിന്ന് ഒഴിവാക്കിയതും കാലാവധി കഴിഞ്ഞതുമായ കുത്തകകളുടെ ലക്ഷക്കണക്കിനു ഏക്കർ ഭൂമി പിടച്ചെടുത്ത്, ഭൂമിയും വികസനത്തിന്റെ അർഹമായ വിഹിതവും ലഭിക്കാതിരുന്ന ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയവർക്ക് വിതരണം ചെയ്യുകയാണ് സാമൂഹ്യ നീതിയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ആദ്യം സർക്കാർ ചെയ്യേണ്ടത്. അതിനായാണ് പ്രതിപക്ഷം ശബ്ദമുയർത്തേണ്ടത്.  

Latest News