Sorry, you need to enable JavaScript to visit this website.

കങ്കണയ്ക്ക്  നഷ്ടപരിഹാരം നല്‍കണം - ബോംബെ  ഹൈക്കോടതി

മുംബൈ-നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള ഓഫീസ് കെട്ടിടം പൊളിച്ചതില്‍ ബിര്‍ഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി)ക്ക് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. പൗരനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഭരണകൂടം വിദ്വേഷത്തോടെ പെരുമാറിയെന്ന് കോടതി ചൂണ്ടിക്കാട്ടി. കങ്കണയുടെ കെട്ടിടം പൊളിച്ചതില്‍ ബിഎംസി നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതായും കോടതി വ്യക്തമാക്കി.
പരാതിക്കാരിയായ കങ്കണയ്ക്കും കോടതിയുടെ ഭാഗത്തുനിന്ന് താക്കീത് ഉണ്ടായി. കങ്കണയുടെ പ്രകോപനപരമായ ട്വീറ്റുകളാണ് ബിഎംസിയുടെ പകപോക്കലിന് ഇടയാക്കിയത്. സര്‍ക്കാരിനെതിരായ പ്രതികരണങ്ങള്‍ നല്‍കുമ്പോള്‍ സംയമനം പാലിക്കണമെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പൗരന്മാരുടെ അവകാശത്തിന്മേല്‍ കോര്‍പറേഷന്‍ സ്വീകരിച്ചത് തെറ്റായ നടപടിയാണെന്ന് കോടതി പറഞ്ഞു. ഇത് നിയമം ഉപയോഗിച്ചുള്ള പകപോക്കലാണ്. പൗരന്മാര്‍ക്കെതിരെ അധികാരികള്‍ മസില്‍ പവര്‍ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ്.ജെ കത്തവാല, ആര്‍.ഐ ചഗ്ല എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. അനധികൃത നിര്‍മ്മാണമാണെന്ന് കാണിച്ച് സെപ്തംബര്‍ ഒമ്പതിനാണ് ബിഎംസി കങ്കണയുടെ ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചത്. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കങ്കണ തുടര്‍ച്ചയായി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ശിവസേന ഭരിക്കുന്ന ബിഎംസി കങ്കണയുടെ അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്. നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ബിഎംസിയുടെ ധൃതി പിടിച്ചുള്ള നടപടി.
കോടതി വിധിയുടെ പിന്നലെ ബിഎംസി മേയര്‍ കിഷോരി പാണ്ഡേക്കര്‍ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. ബിഎംസിയുടെ നടപടി മുനിസിപ്പല്‍ ചട്ടങ്ങള്‍ അനുസരിച്ചാണെന്നും കോടതി വിധി കണ്ടില്ലെന്നും അത് പരിശോധിക്കുമെന്നും മേയര്‍ പ്രതികരിച്ചു.

Latest News