Sorry, you need to enable JavaScript to visit this website.

സ്ഥാനാർഥിത്വവും തെരഞ്ഞെടുപ്പും വിശ്വാസികളും

ജനാധിപത്യത്തെ ഭരണം നിർവഹിക്കുന്നതിനുള്ള ഭൗതിക ഉപകരണമായി സ്വീകരിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ജനാധിപത്യം മതമോ തത്വശാസ്ത്രമോ പ്രത്യയശാസ്ത്രമോ ഒന്നുമല്ല. ഭരണാധികാരികളെ തെരഞ്ഞെടുക്കാനും രാഷ്ട്ര പുനർനിർമാണ പ്രക്രിയകളിൽ ജനങ്ങൾക്ക് ഇടപെടാനുമുള്ള ഭൗതികമായ പ്രക്രിയ മാത്രമാണത്. ഈ പ്രക്രിയയിൽ പൗരന്മാർ ഏർപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടപെടലാണ്  ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ. അഭിപ്രായം, സമ്മേളനം, സഞ്ചാരം, നിയമം, മനസ്സാക്ഷി, സമ്പത്ത് തുടങ്ങിയ പൗരാവകാശ വ്യക്തിസ്വാതന്ത്ര്യ ഘടകങ്ങളെ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയാവകാശങ്ങളുടെ ഭാഗമാണ് സമ്മതിദാനാവകാശവും സ്ഥാനാർഥിത്വവും. ഇവ യഥാവിധി വിനിയോഗിക്കുക എന്നത് ഒരു പൗരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നു മാത്രമല്ല, പൗരന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ പെട്ടതു കൂടിയാണത്. 


കേരളം ഒരു തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. കോർപറേഷൻ, മുനിസിപ്പൽ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒരു വിളിപ്പാടകലെ എത്തിനിൽക്കുന്നു.  സ്ഥാനാർത്ഥികളുടെയും സമ്മതിദാനാവകാശികളുടെയും പട്ടികകൾ തയ്യാറായിക്കഴിഞ്ഞു.  നോമിനേഷൻ സമർപ്പണവും പിൻവലിക്കലുമെല്ലാം പൂർത്തിയായി തെരഞ്ഞെടുപ്പ് ഗോദ ശബ്ദമുഖരിതമായിത്തുടങ്ങി. പലർക്കും തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കുള്ള വേദിയാണ്. ചിലർക്ക് ഒരുത്സവം പോലെ കഴിച്ചുകൂട്ടുന്ന കാലവും. തെരഞ്ഞെടുപ്പുകൾ താൻ ജീവിക്കുന്ന മണ്ണിന്റെ ഭാവി ഭാഗധേയം നിർണ്ണയിക്കുന്ന ഗൗരവമുള്ള പ്രക്രിയയാണെന്ന ബോധമുള്ളവർ വളരെ കുറവാണ്. രാജ്യത്തോടും രാജ്യക്കാരോടുമുള്ള ഉത്തരവാദിത്വം നിർവഹിക്കുക എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളവും ഒഴിച്ചുകൂടാനാവാത്തതാണ്. 


മുഹമ്മദ് നബി (സ)ക്ക് സ്വന്തം മണ്ണിനോടുണ്ടായിരുന്ന കൂറും ഇഷ്ടവും ചരിത്രപ്രസിദ്ധമാണ്.  മക്കയിൽ നിന്നും പുറത്താക്കപ്പെടുന്നത് അദ്ദേഹത്തിന് ആലോചിക്കുവാനേ കഴിഞ്ഞിരുന്നില്ല. പ്രവാചകത്വം ലഭിച്ച ആദ്യനാളുകളിൽ പ്രിയപത്‌നിയുടെ കൂടെ വറഖത്ത് ബ്‌നു നൗഫലിനെ സന്ദർശിച്ചപ്പോൾ വറഖത്ത് ഇത് പ്രവാചകത്വത്തിന്റെ അടയാളമാണെന്നും സ്വന്തം നാട്ടുകാർ മുഹമ്മദിനെ നാട്ടിൽ നിന്നും പുറത്താക്കുമെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന് അതുൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. നാട്ടുകാരാൽ പീഡിപ്പിക്കപ്പെടുമെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനത്ര വിഷമം തോന്നിയിരുന്നില്ല. അത്ഭുതത്തോടെ ഉൾക്കൊള്ളാനാവാത്ത വിധം അദ്ദേഹം ചോദിച്ചത് 


'അവർ എന്നെ പുറത്താക്കുകയോ' എന്നായിരുന്നു. സ്വന്തം മണ്ണിനോടുള്ള അടങ്ങാത്ത വികാരം പ്രവാചകന്റെ ആ ചോദ്യത്തിൽ അടങ്ങിയിരുന്നു. ഒടുവിൽ അത് സംഭവിച്ചപ്പോൾ മക്കയോട് വിട ചൊല്ലുന്നേരം അദ്ദേഹം പറഞ്ഞു: 'നീ എത്ര വിശിഷ്ടയാണ്? നീ എനിക്കെത്ര പ്രിയങ്കരിയാണ്?! എന്റെ ജനത എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ വിട്ടുപോരുമായിരുന്നില്ല.' (തുർമുദി 3926).  അങ്ങനെ മദീനയിൽ എത്തുകയും അവിടുത്തുകാരനായി ആ നാട്ടിൽ ജീവിക്കുകയും ചെയ്തപ്പോൾ ആ നാടിന്റെ പുരോഗതിക്കും സുരക്ഷക്കും വേണ്ടി അദ്ദേഹം അക്ഷീണം യത്‌നിച്ചു. അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു: 'അല്ലാഹുവെ, നീ ഞങ്ങൾക്ക് മക്കയെ എങ്ങനെ പ്രിയപ്പെട്ടതാക്കി മാറ്റിയോ, അതുപോലെ മദീനയെയും നീ ഞങ്ങൾക്ക് പ്രിയങ്കരമാക്കേണമേ.' (ബുഖാരി 6372),  


സ്വന്തം രാജ്യത്തോടും മണ്ണിനോടുമുള്ള ഇഷ്ടം മറ്റുള്ള രാജ്യങ്ങളെ എതിർക്കുവാനും  അവിടുത്തെ ജനങ്ങളെ വെറുക്കുവാനും വേണ്ടിയല്ല ഉപയോഗിക്കേണ്ടത് എന്നദ്ദേഹം ജീവിതത്തിലൂടെ കാണിച്ചു. മറിച്ച് സ്വന്തം രാജ്യത്തോടുള്ള ഇഷ്ടം പ്രകടിപ്പിക്കേണ്ടത് രാജ്യത്തോടും രാജ്യക്കാരോടുമുള്ള ഉത്തരവാദിത്വം നിർവഹിച്ചുകൊണ്ടാവണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. വിവിധ മതങ്ങളും ആശയങ്ങളും സംസ്‌കാരങ്ങളുമുള്ള ഒരു രാജ്യത്ത് മനുഷ്യന്റെ ഭൗതിക വിഷയങ്ങളിലും അവരുമായി ബന്ധപ്പെട്ട ക്ഷേമകാര്യങ്ങളിലും രാജ്യത്തിന്റെ വികസനപുരോഗതിയിലുമെല്ലാം എല്ലാവരുമായും സഹകരിച്ചു പോവുക എന്നതാണ് ഒരു മുസ്‌ലിമിനുണ്ടായിരിക്കേണ്ട ഉത്തരവാദിത്വം. അത്തരത്തിലുള്ള സഹകരണത്തിന്റെ മേഖലകൾ കണ്ടെത്താൻ സാധിക്കുന്നതാണ് നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പുകൾ. ഫാസിസത്തിന്റെ കരാളഹസ്തങ്ങൾ രാജ്യത്തെ ഞെരുക്കിക്കൊണ്ടിരിക്കുമ്പോൾ തെരഞ്ഞെടുപ്പിലെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കെടുക്കുക എന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വാജിബാകുന്ന (മതപരമായ നിർബന്ധം) കാര്യമായിത്തീരുന്നു. വോട്ടെടുപ്പുകളിൽ നിന്നും മാറി നിന്നുകൊണ്ട് ജനാധിപത്യത്തോട് പുറം തിരിഞ്ഞുനിൽക്കുന്ന സമീപനം വിശ്വാസിയുടേതല്ല. മറിച്ച് വിശ്വാസത്തെ തീവ്രസങ്കല്പങ്ങളിൽ കൂട്ടിക്കുഴക്കുന്നവരുടെ വികലമായ കാഴ്ചപ്പാടാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവും പുറംതിരിഞ്ഞു നിൽക്കലും.

കാരണം ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയകൾ അടിസ്ഥാനപരമായോ അല്ലാതെയോ ഇസ്‌ലാമിക വിശ്വാസവുമായി ഒരു നിലക്കും എതിരാവുന്നില്ല. 
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്.  ഉത്തരവാദപ്പെട്ട അധികാരസ്ഥാനം ജനങ്ങളോട് ചോദിച്ചുവാങ്ങുകയാണ് സ്ഥാനാർത്ഥിത്വത്തിലൂടെ അയാൾ ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥൻ ഒരു ജോലിക്ക് നിയമിക്കപ്പെടുന്നത് തന്റെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണെങ്കിൽ ജനങ്ങൾ തെരഞ്ഞെടുത്തു എന്ന യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഒരു സ്ഥാനാർഥി ജനപ്രതിനിധി എന്ന സ്ഥാനത്തേക്ക് കടന്നുവരുന്നത്. ജനങ്ങൾ ഒരു വലിയ ഉത്തരവാദിത്വമാണ് അയാളെ ഏൽപ്പിച്ചിട്ടുള്ളത്. ഈ ഉത്തരവാദിത്വത്തെ കുറിച്ച് അല്ലാഹു തന്നോട് ചോദിക്കുന്ന ഒരു ദിവസം വരാനുണ്ട് എന്നും അന്ന് ജനങ്ങൾ ഏല്പിച്ച ഈ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ വലിയ ശിക്ഷയാണ് എന്നെ കാത്തിരിക്കുന്നത് എന്ന ബോധം വിശ്വാസിയായ സ്ഥാനാർത്ഥിക്കും ജനപ്രതിനിധിക്കും ഉണ്ടാവേണ്ടതുണ്ട്. സാധിക്കാത്ത അധികാര സ്ഥാനങ്ങൾ ചോദിച്ചുവാങ്ങരുതെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്.  എനിക്കൊരു അധികാര സ്ഥാനം ഏല്പിച്ചുതന്നുകൂടെ എന്ന് പ്രവാചകനോട് ചോദിച്ച അബൂദർറ് (റ) വിനോട് അദ്ദേഹത്തിന്റെ തോളിൽ തട്ടിക്കൊണ്ട് പ്രവാചകൻ (സ) പറഞ്ഞു. 'അബൂദർറ്, താങ്കൾ ഒരു ബലഹീനനായ മനുഷ്യനാണ്. അധികാരസ്ഥാനം ഒരു വലിയ ഉത്തരവാദിത്വമാണ്. നാളെ അന്ത്യനാളിൽ താങ്കൾക്ക് അതൊരു അപമാനവും ഖേദവുമായി മാറുമെന്ന് ഞാൻ ഭയപ്പെടുന്നു. അർഹിക്കുന്ന രൂപത്തിൽ അതെടുക്കുകയും അത് അർഹിക്കുന്ന രൂപത്തിൽ നിറവേറ്റുകയും ചെയ്യുന്നവർക്ക് മാത്രമേ അതിന്റെ പേരിൽ രക്ഷപ്പെടാൻ സാധിക്കൂ.' (മുസ്‌ലിം 1825). വിശ്വാസത്തിലും കർമ്മത്തിലും തഖ്‌വയിലും ഏറെ മുന്നിലായിരുന്ന അബൂദർറ് എന്ന സാത്വികനായ സ്വഹാബിയോടാണ് പ്രവാചകൻ ഇത് പറഞ്ഞത് എന്നകാര്യം ഓർക്കേണ്ടതുണ്ട്. 


പണവും സ്വാധീനവും സ്ഥാനാർത്ഥിത്വത്തിന്റെ യോഗ്യതയായി കാണുന്ന പ്രസ്ഥാനങ്ങളും സംഘടനകളും ജനപ്രതിനിധി എന്ന വളരെ മഹത്വമേറിയ പദവിയുടെ യശസ്സിന് കളങ്കം വരുത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുമായി യാതൊരു ബന്ധമോ അവരുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധയോ താല്പര്യമോ ഇല്ലാത്ത പലരും രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥി ലിസ്റ്റിൽ കടന്നുവരികയും യോഗ്യരായ, ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവർ തഴയപ്പെടുകയും ചെയ്യുമ്പോൾ നഷ്ടം ജനങ്ങൾക്കും രാജ്യത്തിനുമാണ്. പ്രത്യേകിച്ച് പ്രാദേശിക വികസനത്തിൽ ഊന്നി നിൽക്കുകയും സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ കൂടുതൽ കൈകാര്യം ചെയ്യുകയും ചെയ്യുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളെ അറിയുന്ന, ജനങ്ങൾ അറിയുന്ന ആളുകളായിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടത്. മുഖ്യധാരാ രാഷ്ടീയപ്രസ്ഥാനങ്ങൾ അവരുടെ സ്ഥാനാർഥിനിർണ്ണയം ഇത്തരത്തിൽ പൂർത്തീകരിക്കുകയാണ് വേണ്ടത്. അനർഹരായ ആളുകളിലേക്ക് ഉത്തരവാദിത്വം ഏല്പിക്കപ്പെടുന്നത് വലിയ കാലതാമസമില്ലാതെ ആ നാടിന്റെ നാശത്തിലായിരിക്കും കലാശിക്കുക. പ്രവാചകൻ (സ) പറഞ്ഞതായി അബൂഹുറൈറ (റ) പറയുന്നു: 'സത്യസന്ധമായ ഉത്തരവാദിത്വബോധത്തെ നഷ്ടപ്പെടുത്തിക്കളഞ്ഞാൽ അന്ത്യനാളിനെ പ്രതീക്ഷിക്കുക.' അനുചരന്മാർ ചോദിച്ചു: 'അതിനെ നഷ്ടപ്പെടുത്തുക എന്ന് പറഞ്ഞാൽ എന്താണ് പ്രവാചകരെ?' അദ്ദേഹം പറഞ്ഞു: 'കാര്യങ്ങൾ അനർഹരിലേക്ക് ഏല്പിക്കപ്പെട്ടുകഴിഞ്ഞാൽ അന്ത്യനാൾ പ്രതീക്ഷിക്കുക.' (ബുഖാരി 6496).  


അല്ലാഹു പറയുന്നു: 'വിശ്വസിച്ചേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ അവയുടെ അവകാശികൾക്ക് നിങ്ങൾ നൽകുക.' (ഖുർആൻ 4:58).  അബൂഹുറൈറ (റ) പറയുന്നു: പ്രവാചകൻ പറഞ്ഞു: 'താങ്കളെ ഉത്തരവാദിത്വം ഏല്പിച്ചവരുടെ കാര്യങ്ങൾ സത്യസന്ധമായി നിറവേറ്റുക. താങ്കളെ വഞ്ചിച്ചവരെ വഞ്ചിക്കുവാനും പാടില്ല.' (അബൂദാവൂദ് 3534).  ജനപ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ അയാൾ എല്ലാവരുടെയും പ്രതിനിധിയാണ്. അയാളെ തെരഞ്ഞെടുത്തവരുടെയും അയാൾക്കെതിരെ വോട്ട് ചെയ്തവരുടെയും എല്ലാവരുടെയും പ്രതിനിധിയാണയാൾ. എല്ലാവരെയും ഒരുപോലെ കാണണം എന്നാണ് ഈ പ്രവാചകവചനം പഠിപ്പിക്കുന്നത്. ഏൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ വഞ്ചന കാണിക്കുന്നത് കപടവിശ്വാസിയുടെ ലക്ഷണമാണെന്നും പ്രവാചകൻ പഠിപ്പിച്ചത് ഇതിനോടൊപ്പം വായിക്കേണ്ടതാണ്. സ്വജനപക്ഷപാതവും കൈക്കൂലിയും അഴിമതിയും നിറഞ്ഞുനിൽക്കുന്ന കേരളത്തിന്റെ ഭരണ രാഷ്ട്രീയ മേഖലകളിലേക്ക് കാലെടുത്തുവെക്കുന്ന ഒരു വിശ്വാസിക്ക് വലിയ കരുതൽ ആവശ്യമാണ്. 'ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തവരുണ്ടോ' എന്ന പ്രയോഗം അഴിമതിയെ സൂചിപ്പിക്കുന്നതിനായി സാധാരണ ഉപയോഗിക്കുന്നതാണ്. ഒരു ജനപ്രതിനിധി ആകുന്നത് തന്നെ പണമുണ്ടാക്കുവാനും അവിഹിതമായ സ്വാധീനങ്ങൾ ഉപയോഗിച്ച് തനിക്കും തന്റെ ആളുകൾക്കും കാര്യങ്ങൾ സാധിക്കുന്നതിനും വേണ്ടിയാണ് എന്നതാണ് പൊതുവീക്ഷണം. എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തനിക്ക് അർഹമല്ലാത്ത യാതൊന്നും തന്റെ അധികാരസ്ഥാനം ഉപയോഗിച്ച് നേടാൻ അയാൾ ശ്രമിക്കില്ല. കൈക്കൂലി പലപ്പോഴും സംഭാവന, വ്യക്തിപരമായ സമ്മാനങ്ങൾ തുടങ്ങിയ രൂപത്തിലാണ് കടന്നുവരുന്നത്. 


പ്രവാചകന്റെ കാലത്തുണ്ടായ ഒരു സംഭവം നോക്കൂ: ഇബ്‌നു ഉതൈബയെ പ്രവാചകൻ ബനൂ സുലൈം ഗോത്രത്തിൽ നിന്നുള്ള സകാത്ത് പിരിക്കാൻ ഏല്പിച്ചു. അദ്ദേഹം തിരിച്ചെത്തി പ്രവാചകനെ സകാത്തിന്റെ പണവും കണക്കും ഏല്പിച്ചുകൊണ്ട് പറഞ്ഞു: 'ഇത് താങ്കൾക്കുള്ളതാണ്. ഇത് എനിക്ക് സമ്മാനമായി (ഹദിയ) ലഭിച്ചതുമാണ്.' പ്രവാചകൻ (സ്വ) ചോദിച്ചു: 'താങ്കൾ താങ്കളുടെ പിതാവിന്റെയും മാതാവിന്റെയും വീട്ടിൽ ഇരുന്നിരുന്നുവെങ്കിൽ ഇത് താങ്കൾക്ക് ലഭിക്കുമായിരുന്നോ? താങ്കൾ പറയുന്നത് സത്യമാണെങ്കിൽ?' പിന്നീട് നബി (സ) എല്ലാവരോടുമായി ഇക്കാര്യം ഗൗരവത്തിൽ ഉപദേശിച്ചു. അവസാനം അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ് സത്യം. ഒരാളും അങ്ങനെ ഒന്നും എടുക്കാൻ പാടില്ല. ആരെങ്കിലും എടുത്താൽ നാളെ അല്ലാഹുവിന്റെ മുമ്പിൽ അത് ഹാജരാക്കേണ്ടി വരും.' (ബുഖാരി 7197).  


ജനസേവനത്തിന് ആവശ്യം കഴിവും സത്യസന്ധതയും ആത്മാർത്ഥതയും സർവോപരി സ്രഷ്ടാവിലുള്ള വിശ്വാസവും അവനെക്കുറിച്ചുള്ള പ്രതീക്ഷയും ഭയവുമാണ്.  സ്ഥാനാർത്ഥിത്വത്തിന് ആവശ്യം മൊഞ്ചും മൊഴിയഴകുമല്ല. തിരിച്ചറിയപ്പെടാനുള്ള ചിത്രങ്ങൾ ആവശ്യമാണ് എന്നതിനപ്പുറം ഒരു സൗന്ദര്യമത്സരത്തെ പോലെ തെരഞ്ഞെടുപ്പിനെ മാറ്റുകയില്ല വേണ്ടാത്തത്. സ്ഥാനാർത്ഥികളെ അണിയിച്ചൊരുക്കാൻ ഇന്ന് ബ്യുട്ടി പാർലറുകൾ വരെ സജ്ജമായിരിക്കുകയാണ്. സ്ത്രീ സംവരണ വാർഡുകളും ഡിവിഷനുകളും ധാരാളമായതിനാൽ അവരുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടി ജനങ്ങളെ സ്വാധീനിക്കാനും പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തിന്റെ സൗന്ദര്യമോ ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ മികവോ ഒന്നുമാകരുത് സ്ഥാനാർത്ഥിത്വത്തിന്റെ ഘടകങ്ങൾ.  ജാഹിലിയ്യാ കാലത്തെ സൗന്ദര്യ പ്രദർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് വിശുദ്ധ ഖുർആൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശത്തെക്കുറിച്ചും ബോധ്യപ്പെടുത്തിയിട്ടുള്ളത് എന്ന കാര്യം വിസ്മരിക്കരുത്.


പുരുഷനായിരുന്നാലും സ്ത്രീയായിരുന്നാലും ഉത്തരവാദിത്വം മനസ്സിലാക്കി അധികാരസ്ഥാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് വേണ്ടി ഓടുവാനും അവരിൽ ഒരാളായി പ്രവർത്തിക്കുവാനും സാധിക്കുന്നവരായിരിക്കണം ജനപ്രതിനിധികളാവേണ്ടത്. പണത്തിന്റെയോ ഉന്നതങ്ങളിലെ പിടിപാടുകളുടെയോ ഹുങ്ക് ആയിരിക്കരുത് സ്ഥാനാർഥിയാവാനുള്ള യോഗ്യത. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത, ദുഃസ്വാധീനങ്ങൾക്ക് വഴങ്ങാത്ത, നാടിന്റെ സർവ്വതോമുഖമായ വികസനത്തിന് വേണ്ടി യത്‌നിക്കുന്നവരായിരിക്കണം ജനപ്രതിനിധികൾ. സ്രഷ്ടാവിനോട് മറുപടി പറയേണ്ടി വരുമെന്ന ഭയത്തെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ടും ജീവിതവിശുദ്ധി പാലിച്ചുകൊണ്ടും കറ പുരളാത്ത പൊതുജീവിതത്തെ മുമ്പോട്ടു വെച്ചുമായിരിക്കട്ടെ വിശ്വാസികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സമ്മതിദാനം നമ്മുടെ അവകാശമാണ്. അത് നാടിന്റെ പുരോഗതിക്കും മതനിരപേക്ഷത നിലനിൽക്കുന്നതിനും അഴിമതിരഹിത കേരളത്തെ കെട്ടിപ്പടുക്കുന്നതിനും വേണ്ടി വിനിയോഗിക്കുക.
 

Latest News