Sorry, you need to enable JavaScript to visit this website.

മാനത്ത് വട്ടമിട്ട് ഫാൽക്കൺ കണ്ണുംനട്ട്, രാപ്പാർത്ത്

പക്ഷിക്ക് പേരിട്ട്, അതിന്റെ യജമാനൻ ഒത്തിരി ദൂരെ നിന്ന് ആ പേര് വിളിച്ചാൽ പോലും അത് തിരിച്ചറിഞ്ഞ് അരികിലെത്താൻ ഫാൽക്കണുകൾക്ക് പ്രത്യേക കഴിവാണ്.

ഒക്‌ടോബർ, നവംബർ മാസങ്ങളിൽ സൗദിയിലെ ചെങ്കടൽ തീരത്തെ മരുഭൂമിയിൽ അറബികൾ രാപ്പാർക്കും. പകലിലും അവർ കാത്തിരിക്കുന്നുണ്ടാകും. റഷ്യ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തുന്ന ഇരപിടിയൻ പക്ഷിയായ ഫാൽക്കണിനെ കാത്ത്. കെണിയൊരുക്കി കാത്തിരിക്കുന്നത് സൗദികൾക്ക് വല്ലാത്തൊരു ഹരമാണ്. മരുഭൂമിയിൽ ടെന്റൊരുക്കി ഇരിപിടിയൻ പക്ഷിക്കായി അവർ കാത്തുനിൽക്കും. ഏകദേശം രണ്ടു മാസവും ഇവർ മരുഭൂമിയിൽ തന്നെയായിരിക്കും. ഉത്സവ സീസൺ പോലെ. മരുഭൂമിയിൽ നിറയെ മനുഷ്യർ. കെണി വെച്ച് ലഭിക്കുന്ന ഫാൽക്കൺ വിപണിയിൽ വിറ്റഴിക്കുന്നത് വൻ തുകയ്ക്കാണ്. 
ഇത്തവണ ഞങ്ങളും ഫാൽക്കൺ വേട്ടയുടെ കാഴ്ചക്കാരായിരുന്നു. 
സൃഹൃത്തുക്കളായ അബ്ദുല്ലയും അബു സാലിമുമാണ് മരുക്കാടിനകത്തെ അവരുടെ ടെന്റുകളിലേക്ക് ഞങ്ങളെ ക്ഷണിച്ചത്. 
പ്രാവിനെ കാലിൽ ഒരു പ്രത്യേക രീതിയിൽ കുരുക്കിട്ട്, നൂലിന്റെ മറ്റേയറ്റം ഒരു ചെറിയ ഇരുമ്പു ദണ്ഡിൽ ബന്ധിച്ച് ദൂരെ ഇരുന്ന് ബൈനോക്കുലറിലൂടെ നീരീക്ഷിച്ചാണ് ഫാൽക്കണിനെ പിടിക്കുന്നത്. കുടുങ്ങിയ ഫാൽക്കണിനെ ടെന്റിലേക്കെത്തിച്ച് പരസ്പരം ആഹ്ലാദം പങ്കിട്ടും വിവരങ്ങൾ കൈമാറിയും ഫോട്ടോയെടുപ്പും കഴിയുമ്പോഴേക്കും, വിവരം കാട്ടുതീ പോലെ പടരും. ടെന്റുകളിലേക്ക് ആളുകൾ കൂട്ടമായെത്തും. വിലപേശാനും ലേലത്തിനായി ആളുകളെത്തും. 


പിന്നീട് റിയാദിലെ പ്രധാന ലേല കേന്ദ്രത്തിലെത്തിക്കും. ഓരോ ഫാൽക്കണിന്റെയും വലിപ്പവും കളറും അതിന്റെ ജനുസ് അനുസരിച്ച് വിലയിലും വ്യത്യാസം ഉണ്ടാവും. മനഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്ന പക്ഷിയാണ് ഫാൽക്കൺ. 
പക്ഷിക്ക് പേരിട്ട്, അതിന്റെ യജമാനൻ ഒത്തിരി ദൂരെ നിന്ന് ആ പേര് വിളിച്ചാൽ പോലും അത് തിരിച്ചറിഞ്ഞ് അരികിലെത്താൻ ഫാൽക്കണുകൾക്ക് പ്രത്യേക കഴിവാണ്.
പുറമേ നിന്ന് കാണുന്നതിലും എത്രയോ വ്യത്യസ്തമാണ് മരുഭൂമിയിലെ ജീവിതം. ഫാൽക്കണിനെ പിടിക്കാൻ രാത്രിയും പകലുമായി കാത്തിരിക്കുമ്പോഴും അറബികൾ യാത്ര ചെയ്യുന്നത് അവരുടെ പൗരാണിക സംസ്‌കൃതിയിലേക്കാണ്. പാരമ്പര്യമായി ലഭിച്ച അറിവും നൈപുണ്യവുമാണ് ഫാൽക്കൺ കൃത്യമായി ഇവരുടെ വലയിൽ എത്താനുള്ള കാരണവും. ഓരോ ഫാൽക്കണും സൗദികൾക്ക് ഓരോ പ്രതീക്ഷയാണ്. 
തങ്ങൾ ഒരുക്കുന്ന ചൂണ്ടയിൽ അവ കുരുങ്ങണം എന്നില്ല. മുന്നിലൂടെ പാറിപ്പോയാൽ പോലും അതൊരു പ്രതീക്ഷയാണ്. അടുത്ത വർഷത്തേക്കുള്ള പ്രതീക്ഷ. വരാനിരിക്കുന്ന വർഷങ്ങളിൽ രണ്ടു മാസം എല്ലാം മറന്ന് മരുഭൂമിയിൽ കാത്തിരിക്കാമെന്ന പ്രതീക്ഷ. ആകാശം തൊട്ട് പറക്കുന്ന ഫാൽക്കൺ പക്ഷിയുടെ മേൽ കണ്ണയക്കുന്ന സ്വപ്‌നം. സൗദികൾ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി എത്തിയ ഈ മഴയിലും. എല്ലാ സമയത്തുമുള്ള വെയിലിലും.. ഫാൽക്കണിന് വേണ്ടി. അല്ലെങ്കിൽ സ്വപ്‌നങ്ങൾക്ക് വേണ്ടി.

Latest News