ബംഗാളില്‍ സി.പി.എമ്മുമായി സഖ്യം; രാഹുല്‍ ഗാന്ധി ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തും

ന്യൂദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ഇന്ന് വെര്‍ച്വല്‍ യോഗം നടത്തും.

പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഥിര്‍ രഞ്ജന്‍ ചൗധരി, എ.ഐ.സി.സി  ഇന്‍ചാര്‍ജ് ജിതിന്‍ പ്രസാദ, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, സംസ്ഥാനത്തെ മുന്‍ എം.പിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും രാഹുല്‍ ഗാന്ധി മുമ്പാകെ സമര്‍പ്പിക്കും.  പാര്‍ട്ടി നേതാക്കളുമായി സംവദിക്കുന്ന രാഹുല്‍ ഗാന്ധി വോട്ടെടുപ്പ് തന്ത്രത്തെക്കുറിച്ച് വിശദീകരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിനായി സി.പി.എമ്മുമായി സഖ്യമുണ്ടാക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന ഉന്നതതല യോഗമാണിത്.

 

Latest News