Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ വിദേശികൾക്കും സൗജന്യ കോവിഡ് വാക്‌സിൻ 

കുവൈത്ത് സിറ്റി- കോവിഡ് പ്രതിരോധ മരുന്ന് എത്തുന്ന മുറക്ക് സ്വന്തം പൗരന്മാർക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിറകെ വിദേശികൾക്കും ഈ ആനുകൂല്യം ലഭ്യമാക്കുമെന്ന് കുവൈത്ത്. ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. 
ഈ വർഷാവസാനമോ 2021 ആദ്യത്തിലോ കോവിഡ് പ്രതിരോധമരുന്ന് രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിൽ വയോധികർക്കും നിത്യരോഗികൾക്കും ആരോഗ്യപ്രവർത്തകർക്കുമായിരിക്കും വാക്‌സിൻ ലഭ്യമാക്കുക. 21 ദിവസം രണ്ട് തവണകളായി മരുന്ന് വിതരണം ചെയ്യും. 
ആരോഗ്യമന്ത്രി നേതൃത്വം നൽകുന്ന കമ്മിറ്റി വാക്‌സിൻ വിതരണത്തിനായി ഇ-പ്ലാറ്റ് ഫോം ഒരുക്കും. ഓൺലൈൻ വഴി വാക്‌സിൻ ബുക്ക് ചെയ്യുന്നതിന് പൊതുജനങ്ങൾക്ക് അവസരം ഒരുക്കുന്നതാണ് പദ്ധതി. രണ്ടാഴ്ച മുമ്പ് അമേരിക്കൻ ഔഷധ നിർമാണ കമ്പനിയായ ഫൈസറുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി ഏകദേശം പത്ത് ലക്ഷം ഡോസ് മരുന്ന് എത്തിക്കാനാണ് ഓർഡർ. ആദ്യം 150,000 ഡോസ് വാക്‌സിനാണ് കുവൈത്തിൽ എത്തുക. യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) അനുമതിക്കായി കാത്തിരിക്കുകയാണ് ഫൈസർ കമ്പനിയെന്ന് റിപ്പോർട്ടുമുണ്ട്. ഫൈസറിനെ കൂടാതെ, 1.7 മില്യൺ ഡോസ് വാക്‌സിൻ മോഡേണയിൽനിന്നും 30 ലക്ഷം ഡോസ് ഓക്‌സ്‌ഫോഡ് -ആസ്ട്ര സെനികയിൽനിന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം ഓർഡർ നൽകിയിട്ടുണ്ട്. 57 ലക്ഷം ഡോസ് മരുന്ന് കൊണ്ട് ഏകദേശം 28 ലക്ഷം ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ പാടില്ലെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.
 

Tags

Latest News