Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ സംഘം മനാമയിൽ സഹകരണം ശക്തമാക്കാൻ ധാരണ

മനാമയിൽ എത്തിയ ഇസ്രായിൽ ഇകണോമിക് പ്രതിനിധിസംഘത്തെ വാണിജ്യവ്യവസായ മന്ത്രി സായിദ് ബിൻ റാഷിദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ.

മനാമ- നയതന്ത്രബന്ധം കൂടുതൽ സുദൃഢമാക്കാൻ മനാമയിൽ ചേർന്ന ബഹ്‌റൈൻ-ഇസ്രായിൽ പ്രതിനിധികൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയിലെത്തി. സെപ്റ്റംബർ 18 ന് വൈറ്റ്ഹൗസിൽ നടന്ന ചരിത്രപരമായ അബ്രഹാം സമാധാനക്കരാർ പ്രകാരം നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ തുടർച്ചയെന്നോണം മനാമയിൽ എത്തിയ ഇസ്രായിൽ ഇക്കണോമിക് പ്രതിനിധിസംഘവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം ഉരുത്തിരിഞ്ഞത്. ബഹ്‌റൈൻ വാണിജ്യ, വ്യവസായ, ടൂറിസം വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് ഇസ്രായിൽ സംഘത്തെ സ്വീകരിച്ചു. എക്‌സ്‌പോർട്ട്, ഇന്റർനാഷനൽ കോ-ഓപറേഷൻ ഇൻസ്റ്റിറ്റിയൂട്ട് ബോർഡ് ചെയർമാൻ അദീവ് ബാറൂച്ച് ആണ് ഇസ്രായിൽ പ്രതിനിധിസംഘത്തെ നയിച്ചത്. ഇരുരാഷ്ട്രങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ സംബന്ധിച്ചു. ഇത്തരം കൂടിക്കാഴ്ചയും സാമ്പത്തിക പുരോഗതിയും ഇരുരാജ്യങ്ങൾക്കുമിടയിലെ വാണിജ്യ ബന്ധവും ഉഭയകക്ഷി സഹകരണവും ശക്തമാക്കാൻ ഉപകരിക്കും -മന്ത്രി പറഞ്ഞു.
വ്യവസായം, ടൂറിസം തുടങ്ങി രണ്ട് രാജ്യങ്ങൾക്കും പൊതുവായി താൽപര്യമുള്ള മേഖലകൾ പരിപോഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ യോഗം തീരുമാനിച്ചതായി ഇസ്രായിൽ ഏജൻസി വ്യക്തമാക്കി. കഴിഞ്ഞവാരം, ബഹ്‌റൈൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് അൽസയാനി നടത്തിയ ഇസ്രായിൽ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളിലും എംബസികൾ തുറക്കാനും വിമാന സർവീസുകൾ തുടങ്ങാനും ധാരണയിലെത്തിയിരുന്നു. 

Tags

Latest News